പ്രവാസി ഗ്ലോബൽ ഉച്ചകോടി; വേൾഡ് കെ.എം.സി.സി നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു

തിരുവനന്തപുരം: 2027 ജനുവരി 2-ന് കോഴിക്കോട്ട് നടക്കുന്ന വേൾഡ് കെ.എം.സി.സി പ്രവാസി ഗ്ലോബൽ ഉച്ചകോടിയുടെ വിവരങ്ങൾ ധരിപ്പിക്കുന്നതിനും ക്ഷണിക്കുന്നതിനുമായി വേൾഡ് കെ.എം.സി.സി നേതാക്കൾ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചു.

പ്രവാസി സമൂഹത്തിന്റെ ക്ഷേമവും കേരള വികസനവും ലക്ഷ്യമിട്ട് സംഘടന ആസൂത്രണം ചെയ്യുന്ന പദ്ധതികളും ഉച്ചകോടിയുടെ രൂപരേഖയും നേതാക്കൾ മുഖ്യമന്ത്രിയുമായി പങ്കുവെച്ചു. വേൾഡ് കെ.എം.സി.സിയുടെ രണ്ടാം വാർഷിക സംഗമമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

 

കൂടിക്കാഴ്ചയിൽ മധ്യപൂർവേഷ്യയിലെ നിലവിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രി നേതാക്കളിൽ നിന്ന് ആരാഞ്ഞു. പ്രവാസികളുടെ കാര്യത്തിൽ കേരള സർക്കാരിനുള്ള കരുതലും ശ്രദ്ധയും അദ്ദേഹം പങ്കുവെച്ചു. പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംഘടനയുടെ വിലയിരുത്തലുകളും മുൻകരുതലുകളും നേതാക്കൾ അറിയിച്ചു. നോർക്ക കെയർ പദ്ധതി കാല താമസം ഒഴിവാക്കണമെന്നും കാര്യക്ഷമമായി നടപ്പിലാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു

പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി, ജനറൽ സെക്രട്ടറി ഡോ. പുത്തൂർ റഹ്‌മാൻ, ട്രഷറർ യു.എ. നസീർ, വൈസ് പ്രസിഡന്റ് സി.വി.എം. വാണിമേൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

റോയൽ പ്രിവിലേജ് കാർഡ് ലോഞ്ചും സംഘടനയുടെ രണ്ടാം വാർഷികാഘോഷവും ഉൾപ്പെടുന്ന വിപുലമായ പരിപാടി നേരത്തേ ഡിസംബർ 19-ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. പുതുക്കിയ തിയ്യതി പ്രകാരം ഇത് 2027 ജനുവരി 2-ലേക്ക് മാറ്റി, സംഗമം പ്രവാസി ഗ്ലോബൽ ഉച്ചകോടിയായി സംഘടിപ്പിക്കും. ലോകമെങ്ങുമുള്ള പ്രതിനിധികൾ പങ്കെടുക്കും.

Tags:    
News Summary - Pravasi Global Summit: World KMCC Leaders Meet Kerala Chief Minister Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.