ചേരാനല്ലൂർ വാഹനാപകടം: പൊലീസ് വീഴ്ചയിൽ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കൊച്ചി: ചേരനെല്ലൂരിൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച വാഹനമിടിച്ച് തട്ടുകടക്കാരനായ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിൽ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ചേരനെല്ലൂർ സി.ഐ, എസ്.എച്ച്.ഒ, എ.എസ്.ഐ, സിവിൽ പൊലീസ് ഓഫീസർ എന്നിവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സി.ഐ ശ്യാം കുമാർ, എസ്.എച്ച്.ഒ വിശ്വജിത്ത്, ഗ്രേഡ് എസ്.ഐ മനോജ്, സി.പി.ഒ അരുൺ ജിത്ത് എന്നിവരെയാണ് സസ്പെന്ഡ് ചെയ്തിരിക്കുന്നത്.
ദാരുണാപകടത്തിൽ പാവപ്പെട്ട കുടുംബത്തിന്റെ ഏക അത്താണി ആയിരുന്ന ജയബാലകൃഷ്ണന്റെ ജീവനാണ് പൊലിഞ്ഞത്. എന്നാൽ, അപകടത്തിന് ശേഷം ജഡ്ജിയെയും കുടുംബത്തെയും സംരക്ഷിക്കുന്ന നിലപാടാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന വിമർശനം ശക്തമായിരുന്നു. സംഭവത്തിൽ പ്രതിക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കാവുന്ന ലളിതമായ വകുപ്പുകൾ ചുമത്തി കേസ് ഒതുക്കാൻ ശ്രമിച്ചതായി ആഭ്യന്തര മന്ത്രി തന്നെ നിയമസഭയിൽ സമ്മതിച്ചിരുന്നു. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ ഇതേത്തുടർന്ന് സർക്കാർ വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പിന്റെ നേരിട്ടുള്ള ഇടപെടലും തുടർന്നുള്ള നടപടിയും.
അച്ഛന്റെ മരണത്തിന് നീതി തേടി ജയബാലകൃഷ്ണന്റെ മക്കളായ ഭദ്രകീർത്തിയും ഭാരത് ശങ്കറും പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ സമരം വലിയ പൊതുജനശ്രദ്ധ നേടിയിരുന്നു. സ്റ്റേഷനിലേക്ക് സമരം വ്യാപിപ്പിക്കാൻ കുടുംബം തീരുമാനിച്ചതോടെയാണ് പൊലീസ് ഉന്നതർ നടപടിക്ക് നിർബന്ധിതരായത്. അപകട സമയത്ത് പ്രതികളുടെ ചിത്രം പകർത്തിയത് പൊലീസ് ബലം പ്രയോഗിച്ച് ഡിലീറ്റ് ചെയ്യിക്കാൻ ശ്രമിച്ചെന്നും കുറ്റവാളികളെ സംരക്ഷിക്കാൻ ഉദ്യോഗസ്ഥർ കൂട്ടുനിന്നെന്നും മക്കൾ ഗുരുതരമായി ആരോപിച്ചിരുന്നു.
അതേസമയം, വാഹനം ഓടിച്ച പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ കൂടുതൽ കർശനമായ നിയമനടപടികൾ വരുംദിവസങ്ങളിൽ സ്വീകരിക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
അതേ സമയം, കേരളത്തിലെ കുറേ കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നുണ്ടെന്നും അത് കുട്ടികൾക്കിടയിൽ അക്രമവാസന പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മുടെ സംസ്ഥാനത്തും രാജ്യത്തും ലോകത്തെമ്പാടും ഒരു വലിയ ചോദ്യമാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്. ഇപ്പോൾ കേരളത്തിൽ തന്നെ ധാരാളം കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നുണ്ട്. ഞാൻ ഏതെങ്കിലും ഒരു രാജ്യത്തെ കുറ്റപ്പെടുത്തുകയല്ല. പല സിനിമകളും കുട്ടികളുടെ അക്രമവാസനകളെ പ്രോത്സാഹിപ്പിക്കുന്നതായി ജനങ്ങളിൽ നിന്ന് തന്നെ പരാതി ഉയർന്നു വരുന്നുണ്ട്. പല രാജ്യങ്ങളിലും ഉള്ള ക്രൈം സിനിമകൾ കാണാനുള്ള അവസരങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത് കുറ്റവാസന വർധിപ്പിക്കുകയാണ്. ഓൺലൈൻ ഗെയിമിങ്ങിലൂടെയും കുറ്റകൃത്യം വർധിക്കുന്നുണ്ട്.
എന്റെ മണ്ഡലത്തിലാണ് 13 വയസ്സുള്ള കുട്ടി സ്വന്തം മുത്തച്ഛനെ കൊല്ലുന്നത് മൊബൈലിലൂടെ കണ്ടുകൊണ്ടിരുന്നത്. യാതൊരു പശ്ചാത്താപവും ഇല്ലാതെ, മുത്തച്ചഛനെ എങ്ങനെയാണ് കൊല്ലുന്നത് എന്ന് 13 വയസ്സുള്ള കുട്ടി ഓൺലൈനിലൂടെ കണ്ടുകൊണ്ടിരിക്കുകയാണ്. അക്രമവാസനകൾ വർധിക്കുന്നതും ഓൺലൈൻ ഗെയിമിങ്ങിലൂടെ കുട്ടികളടക്കമുള്ളവർ ആത്മഹത്യ ചെയ്യുന്നതും ഉൾപ്പെടെ ധാരാളം സംഭവങ്ങൾ നമ്മുടെ നാട്ടിൽ നടക്കുകയാണ്.
അത് തടയാനാണ് നമ്മൾ ‘സൈബർ സേഫ് കേരള’ എന്ന പദ്ധതി ആവിഷ്കരിക്കുന്നത്. പൊലീസിന് അതിൽ ഉത്തരവാദിത്വം ഉണ്ട്. അത് വിപുലമായ തോതിൽ നടപ്പാക്കാനാണ് ഗവൺമെന്റ് ഉദ്ദേശിക്കുന്നത്’ -മന്ത്രി പറഞ്ഞു.
ചേരാനല്ലൂർ അപകടത്തിൽ ജഡ്ജിയുടെ മകനല്ല ആരുടെ മകനായാലും നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും ചെന്നിത്തല പറഞ്ഞു. ‘ഒരു പാവപ്പെട്ട മനുഷ്യൻ വീട്ടുകാർക്കുള്ള ഭക്ഷണവുമായി സ്കൂട്ടറിൽ പോകുമ്പോഴാണ് ഇടിച്ചുകൊലപ്പെടുത്തിയത്. ആസംഭവത്തിൽ അവിടുത്തെ പൊലീസ് ഉദ്യോഗസ്ഥർ കാണിച്ചത് തെറ്റാണ്. പ്രസക്തമായ വകുപ്പുകൾ ചേർത്ത് എഫ്ഐആർ ഇടാത്ത ഉദ്യോഗസ്ഥന്മാർ ആരാണെന്ന് കണ്ടെത്തി അവരുടെ പേരിൽ നടപടി ഉണ്ടാകും. ജുവനൈൽ മജിസ്ട്രേറ്റ് ഒരു കാരണവശാലും ജാമ്യം കൊടുക്കാൻ പാടില്ലായിരുന്നു എന്നാണ് എന്റെ അഭിപ്രായം. ഒരു പാവപ്പെട്ട മനുഷ്യനെ ഇടിച്ചു കൊന്നിട്ട് അന്ന് രാത്രി ജുവനൈൽ മിസ്സ്ട്രേറ്റിന്റെ അടുത്ത് കൊണ്ടുവന്നപ്പോൾ പിറ്റേദിവസം കൊണ്ടുവരാനാണ് അദ്ദേഹം പറഞ്ഞത്. പോലീസ് സമ്മർദം ചെലുത്തിയിട്ടാണ് രാത്രി തന്നെ ജാമ്യം കൊടുത്തത്. സംഭവത്തിൽ ഉത്തരവാദികളായ പൊലീസുകാർക്കെതിരെ കർശന നടപടി ഉണ്ടാകും’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.