വയനാട് തുരങ്കപാത വേണ്ടെന്നല്ല, പാരിസ്ഥിതിക പഠനം നടത്തണമെന്നാണ് പറഞ്ഞതെന്ന് സതീശൻ; ‘സുരക്ഷ ഉറപ്പാക്കി നിർമാണം പുനരാരംഭിക്കും’
തിരുവനന്തപുരം: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാത ഉപേക്ഷില്ലെന്നും സുരക്ഷയും പാരിസ്ഥിതിക മാനദണ്ഡങ്ങളും ഉറപ്പുവരുത്തി നിർമാണം പുനരാരംഭിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.
പാരിസ്ഥിതിക പഠനം നടത്താതെ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന തന്റെ നിലപാടിനെ പദ്ധതിക്കെതിരാണെന്ന് വ്യാഖ്യാനിച്ചാണ് തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണം നടത്തിയത്.
തുരങ്കപാത വേണ്ടെന്നല്ല, പാരിസ്ഥിതിക പഠനം നടത്തണമെന്നാണ് താൻ പറഞ്ഞതെന്നും നിയമസഭയിൽ സബ്മിഷന് മറുപടിയായി അദ്ദേഹം പറഞ്ഞു.
സെന്‍സിറ്റീവ് ആയ മേഖലയാണിത്. വലിയ ആഘാതം അവിടുത്തെ മണ്ണിന് ഉണ്ടായിക്കഴിഞ്ഞാല്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയതിന് തന്നെ ഒറ്റപ്പെടുത്തി കടന്നാക്രമിച്ചു.
നിർമാണപ്രവര്‍ത്തനങ്ങള്‍ സുരക്ഷിതമായി നടത്താനും അപകടസാധ്യത കുറക്കാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സർക്കാറിന്റെ ബാധ്യതയാണ്. ഇത് സംബന്ധിച്ച് നിയോഗിച്ച കമ്മിറ്റി പല പ്രാവശ്യം യോഗം ചേര്‍ന്നു. കൊങ്കണ്‍ റെയില്‍വേ കോർപറേഷന് ലിമിറ്റഡാണ് പണി ചെയ്യുന്നത്.
പരിസ്ഥിതിയുടെ ഭാഗമായി അവരില്‍നിന്ന് ഒരുപാട് റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടു. അത് ലഭിക്കാനുള്ള കാലതാമസമാണ് റിപ്പോര്‍ട്ട് വൈകാനിടയാക്കിയത്. റിപ്പോര്‍ട്ട് കിട്ടിയാലുടൻ സർക്കാർ ഉചിതമായ തീരുമാനമെടുക്കും.
മണ്ണിടിച്ചിൽ സാധ്യതകള്‍, ചരിവുകളുടെ സ്ഥിരത, ഭൂഗര്‍ഭ ജലത്തിന്റെ സാന്നിധ്യം, മഴയുടെ സ്വാധീനം, നിർമാണ പ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതങ്ങള്‍ എന്നിവ ശാസ്ത്രീയമായി വിലയിരുത്തും.
നേരത്തെ അവിടെ തോന്നിയതു പോലെ പണി നടക്കുകയായിരുന്നു. സൂപ്പർവൈസിങ് ഏജൻസിയുണ്ടായിരുന്നില്ല. എന്നാൽ ഇനിയത് പറ്റില്ലെന്നും കൃത്യമായ മാനദണ്ഡങ്ങളും മുൻകരുതലുകളുമുണ്ടാകുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
വയനാട്ടിലെ കല്ലാടിയിൽ കഴിഞ്ഞ ജൂലൈ ഏഴിനുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് വയനാട് ഇരട്ട തുരങ്കപാത പദ്ധതിയുടെ നിർമാണം നിർത്തിവെച്ചിരിക്കുകയാണ്. ദുരന്തത്തിൽ എട്ട് പേർ മരണപ്പെട്ടിരുന്നു.
പാതയുടെ നിർമാണം പുനരാരംഭിക്കുന്നതിൽ തീരുമാനമെടുക്കാൻ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.