കോട്ടയം: വിദ്വേഷ പരാമർശത്തിൽ ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി.സി. ജോർജിനെ അറസ്റ്റ് ചെയ്യാൻ തീരുമാനം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. തുടർന്ന് ഈരാറ്റുപേട്ട പൊലീസ് ഇതനുസരിച്ച് നടപടികൾ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പൂഞ്ഞാറിലെ വീട് വളഞ്ഞ് പി.സി. ജോർജിനെ അറസ്റ്റ് ചെയ്യാൻ നിർദേശം ഉയർന്നിട്ടുണ്ട്.
യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജോർജിനെതിരെ കേസെടുത്തത്. കോട്ടയം അഡീഷനൽ സെഷൻസ് കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
സൗഹാർദം തകർക്കുംവിധം മതത്തിന്‍റെയോ വർണത്തിന്‍റെയോ വർഗത്തിന്‍റെയോ ജന്മസ്ഥലത്തിന്‍റെയോ ഭാഷയുടെയോ പേരിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കൽ, മതത്തെയും മതവിശ്വാസങ്ങളെയും അപകീർത്തിപ്പെടുത്തുന്നതിലൂടെ മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂർവമുള്ള പ്രവൃത്തി എന്നീ കുറ്റങ്ങളാണ് ഹരജിക്കാരനെതിരെയുള്ളതെന്ന് പി.സി. ജോർജിന്റെ മുൻകൂർ ജാമ്യഹരജി തള്ളി ഹൈകോടതി നിരീക്ഷിച്ചു. മുമ്പ് കേസുകൾക്കാധാരമായ പ്രസ്താവനകളും പരാമർശിച്ചു.
ഹരജിക്കാരനെതിരെ ചുമത്തിയ വകുപ്പുകൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണ്. വെറും നാവുപിഴയായി ഇതിനെ കരുതാനാവില്ല. പ്രകോപനം മൂലമാണ് പറഞ്ഞതെങ്കിൽ രാഷ്ട്രീയത്തിൽ ഇനി തുടരാൻ അർഹതയില്ല. രാഷ്ട്രീയക്കാരൻ സമൂഹത്തിന് മാതൃകയാകേണ്ടയാളാണ്. സാമുദായിക സ്പർധക്ക് കാരണമാകുന്ന പ്രസ്താവനയിറക്കിയശേഷം മാപ്പ് പറയുന്നത് അംഗീകരിക്കാനാവില്ല. ലക്ഷങ്ങൾ കാണുന്ന ചാനൽ ചർച്ചയിലാണ് പങ്കെടുക്കുന്നതെന്ന ബോധം ഉണ്ടാകണമായിരുന്നു. പിറ്റേദിവസം എഫ്.ബിയിൽ മാപ്പ് പറഞ്ഞ് പോസ്റ്റിട്ടത് എല്ലാവരും കാണണമെന്നില്ല.
ഹരജിക്കാരന്‍റെ അധിക്ഷേപ വാക്കുകളെ മയപ്പെടുത്താൻ പോലും മാപ്പിനാകില്ല. കസ്റ്റഡി ചോദ്യം ചെയ്യൽ ആവശ്യമില്ലെന്നതോ ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നതോകൊണ്ട് മാത്രം മുൻകൂർ ജാമ്യം അനുവദിക്കാനാവില്ല. ഹരജിക്കാരന്‍റെ ക്രിമിനൽ പശ്ചാത്തലവും കുറ്റകൃത്യത്തിന്‍റെ ഗൗരവവും ഇക്കാര്യത്തിൽ പ്രധാനപ്പെട്ടതാണ്. ജാമ്യവ്യവസ്ഥ ലംഘിച്ചാലും മുൻകൂർ ജാമ്യം ലഭിക്കുമെന്ന തെറ്റായ സന്ദേശം സമൂഹത്തിന് നൽകും. അതിനാൽ, ഹരജിക്കാരൻ മുൻകൂർ ജാമ്യത്തിന് അർഹനല്ലെന്ന് വ്യക്തമാക്കി ഹരജി തള്ളുകയായിരുന്നു.
74 വയസ്സായെന്നും 30 വർഷമായി ജനപ്രതിനിധിയായിരുന്നുവെന്നും മുൻകൂർ ജാമ്യഹരജിയിൽ പി.സി ജോർജ് ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.