ആശുപത്രി സംരക്ഷണ നിയമ ഭേദഗതിക്ക് ഓർഡിനൻസ്; പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്‌പോസ്റ്റ്

തിരുവനന്തപുരം: ആശുപത്രികളുടെയും ആരോഗ്യപ്രവർത്തകരുടെയും സംരക്ഷണത്തിന് പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തി ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ തീരുമാനം. അടുത്ത മന്ത്രിസഭ യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോ. വന്ദന ദാസ് കൊലചെയ്യപ്പെട്ട സംഭവത്തെതുടർന്ന് ഹൈകോടതി നൽകിയ നിർദേശങ്ങളും ഓർഡിനൻസിൽ ഉൾപ്പെടുത്തും.

വ്യാഴാഴ്ച വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ), കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ), കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) എന്നിവരെ ഇക്കാര്യം അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഡോക്ടർമാർ യോഗം ചേർന്ന് പ്രതിഷേധ സമരങ്ങൾ തൽക്കാലം നിർത്തിവെച്ചു.

2012ലെ കേരള ആരോഗ്യരക്ഷ സേവന പ്രവർത്തകരും ആരോഗ്യരക്ഷ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) നിയമം കൂടുതൽ കർശനമായി നടപ്പാക്കുന്നത് മുൻനിർത്തിയാണ് ഓർഡിനൻസിൽ ആവശ്യമായ ഭേദഗതി വരുത്തുക. നിലവിലുള്ള നിയമത്തിൽ ആരോഗ്യ സ്ഥാപനങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നീ നിർവചനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ, ശിക്ഷകൾ തുടങ്ങിയവയിൽ കാലാനുസൃതമായ ഭേദഗതി കൊണ്ടുവരും. ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവർ ഇതു സംബന്ധിച്ച ചർച്ചകൾ നടത്തി ഭേദഗതി നിർദേശങ്ങൾ മന്ത്രിസഭയോഗത്തിന് സമർപ്പിക്കാനും നിർദേശം നൽകി.

കേരള ആരോഗ്യ സർവകലാശാല, ആരോഗ്യപ്രവർത്തകരുടെ സംഘടനകൾ തുടങ്ങിയവരുമായും ചർച്ചകൾ നടത്തും. സംഘടനകൾ സർക്കാറിന് നൽകിയിട്ടുള്ള നിവേദനങ്ങളും നിർദേശങ്ങളും പരിഗണിക്കാനും തീരുമാനിച്ചു.

2012 ആഗസ്റ്റില്‍ കൊണ്ടുവന്ന നിയമം നിലവിലുണ്ടെങ്കിലും അതിലെ പോരായ്മകൾ പരിഹരിക്കണമെന്ന ആവശ്യം പലതവണ സംഘടനകൾ മുന്നോട്ടുവെച്ചെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. ഇത് സംസ്ഥാനത്തും പൊതുസമൂഹത്തിലും വലിയ ആശങ്കക്കാണ് വഴിവെച്ചത്. ഇതിനാലാണ് ആരോഗ്യപ്രവർത്തകരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്ന ഓർഡിനൻസ് അടുത്ത മന്ത്രിസഭയിൽ കൊണ്ടുവരാൻ യോഗത്തിൽ തീരുമാനമായത്.

പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട് പോസ്റ്റുകൾ, സി.സി ടി.വി കാമറകൾ സ്ഥാപിക്കാനും യോഗ തീരുമാനം

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച് ആരോഗ്യ വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഉന്നത തലയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ആശുപത്രികളെ മൂന്നുവിഭാഗങ്ങളായി തിരിച്ച് സുരക്ഷ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. ആദ്യ വിഭാഗത്തിൽ വരുന്ന മെഡിക്കൽ കോളജുകൾ, ജില്ല ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ എന്നിവിടങ്ങളിൽ പൊലീസ് ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കണം.

എസ്.ഐ, എ.എസ്.ഐ, സി.പി.ഒ എന്നിങ്ങനെ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ വിന്യസിക്കണം. മറ്റ് ആശുപത്രികളിലും പൊലീസിന്റെ പൂർണ നിരീക്ഷണം ഉറപ്പാക്കണം. എല്ലാ ആശുപത്രികളിലും ആവശ്യമായ ക്ലോസ്ഡ് സർക്യൂട്ട് കാമറകൾ സ്ഥാപിക്കണം. സി.സി ടി.വിയുടെ കൃത്യമായ നിരീക്ഷണം ഉറപ്പാക്കണം. ആശുപത്രികളിൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കണം. ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും സുരക്ഷിതമായി ജോലി നിർവഹിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കണം. എല്ലാ ആശുപത്രികളിലും ഓരോ ആറുമാസത്തിലും സെക്യൂരിറ്റി ഓഡിറ്റ് നടത്തണം. ജില്ല കലക്ടറുടെ മേൽനോട്ടത്തിൽ ആരോഗ്യ, പൊലീസ് വകുപ്പുകൾ ഇതു നിർവഹിക്കണം.

സർക്കാർ ആശുപത്രികളിൽ രാത്രി അത്യാഹിത വിഭാഗങ്ങളിൽ രണ്ടു ഡോക്ടർമാരെ നിയമിക്കാൻ കഴിയുമോയെന്നു പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. പ്രതികളെയും അക്രമ സ്വഭാവമുള്ള ആളുകളെയും കൊണ്ടുപോകുമ്പോൾ പ്രത്യേക സുരക്ഷ സംവിധാനം ഏർപ്പെടുത്തണം. തിരക്ക് നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി പങ്കെടുത്തു. ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയി, ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.വി. വേണു, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം. എബ്രഹാം, പ്രിൻസിപ്പൽ സെക്രട്ടറിമാരായ എ.പി.എം. മുഹമ്മദ് ഹനീഷ്, എ.ഡി.ജി.പിമാരായ എം.ആർ. അജിത് കുമാർ, ടി.കെ. വിനോദ് കുമാർ, നിയമ വകുപ്പ് സെക്രട്ടറി ഹരി നായർ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Ordinance for Hospital Protection Act in the next cabinet meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.