തിരുവനന്തപുരം: എറണാകുളം കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി പുനരധിവാസമേഖലയിലെ 57 കുടുംബൾക്ക് ഭവന നിർമാണത്തിന് 7.10 ലക്ഷം നൽകാൻ ഉത്തരവ്. വനം വകുപ്പിന്റെ തേക്ക് പ്ലാന്റേഷൻ ഭൂമിയിലേക്ക് പുനരധിവസിപ്പിക്കപ്പെട്ട 57 പട്ടികവർഗ കുടുംബങ്ങളുടെ ഭവന നിർമാണം ആറ് മാസകാലയളവിനുള്ളിൽ പൂർത്തീകരിക്കണമെന്നും പട്ടികവർഗ വകുപ്പ് നിർദേശം നൽകി. ഭവനനിർമാണ ധനസഹായം വർധിപ്പിക്കണമെന്ന ആവശ്യം ഇനി പരിഗണിക്കില്ലെന്നുള്ള നിബന്ധനയോടെയാണ് തുക വർധിപ്പിച്ചത്.
കോതമംഗലം താലൂക്കിൽ കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം പട്ടികവർഗ സങ്കേതത്തിലെ 67 കുടുംബങ്ങളെ വന്യമൃഗശല്യത്തെ തുടർന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്രയിലുള്ള വനം വകുപ്പിന്റെ തേക്ക് പ്ലാന്റേഷൻ ഭൂമിയിലേക്ക് നേരത്തെ പുനരധിവസിപ്പിച്ചിരുന്നു. ഈ കുടുംബങ്ങൾക്ക് മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കീഴിൽ പ്രവർത്തിക്കുന്ന വന വികസനസമിതി മുഖേന ഭവന നിർമാണ പദ്ധതി നടപ്പിലാക്കുന്നതിന് അംഗീകാരം നൽകി. വനം വകുപ്പിൽ നിന്നും സൗജന്യമായി തടി ഉരുപ്പടികളാക്കി ലഭ്യമാക്കിയാൽ ആറ് ലക്ഷം രൂപക്ക് പരമാവധി 600 ചതുരശ്ര അടി വരെയുള്ള വീട് നിർമിക്കാൻ കഴിയുമെന്ന് അറിയിച്ചിരുന്നു.
എന്നാൽ, വീട് നിർമാണം ആരംഭിക്കാൻ വൈകിയതിനാൽ ഗോത്ര ജീവിക സ്വാശ്രയ സംഘങ്ങൾ മുഖേന 57 വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. ബാക്കിയുള്ള 10 ഗുണഭോക്താക്കളെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി. എന്നാൽ, വനം വകുപ്പിൽ നിന്നും സൗജന്യമായി അനുവദിക്കുന്ന തടി ഏറ്റെടുത്ത് ഉരുപ്പടികളാക്കി ഗുണഭോക്താക്കൾക്ക് നൽകുന്നതിന് ഫണ്ട് ലഭ്യമല്ലായെന്നും പട്ടികവർഗ വികസനവകുപ്പിൽ നിന്നും ഫണ്ട് അനുവദിക്കണമെന്നും കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് അറിയിച്ചു.
അതിനെ തുടർന്ന് വിപണിയിൽ നിന്നും ഉരുപ്പടികൾ വാങ്ങിയാണ് ഭവനനിർമാണം തുടർന്നത്. അതിനാൽ ഭവനനിർമാണ നിരക്കായ ആറ് ലക്ഷം രൂപക്ക് പുറമെ വീടൊന്നിന് 59,079 രൂപ ആദിവാസി പുനരധിവാസ മിഷൻ (ടി.ആർ.ഡി.എം) വഴി അനുവദിച്ചിരുന്നെന്നും എന്നാൽ ലോക്ഡൗൺ കാരണവും അസംസ്കൃത വസ്തുക്കളുടെ വിലയിൽ വർധനവ് ഉണ്ടായതിനാലും 6,59,079 രൂപക്ക് ഭവന നിർമാണം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല.
ഈ ഭവന നിർമാണം പൂർത്തീകരിക്കാൻ പരമാവധി 7,10,350 രൂപ വരെ അനുവദിക്കുന്നതിന് അനുമതി നൽകണമെന്ന് ആദിവാസി പുനരധിവാസ വികസന മിഷൻ സ്പെഷ്യൽ ഓഫീസർ കത്ത് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പന്തപ്രയിലുള്ള, ഓരോ വീടിനും പരമാവധി 7,10,350 രൂപ അനുമതി നൽകി ഉത്തരവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.