‘സി.പി.എം സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്, അത് ചെയ്തത് ഞാനാ..!’ -മണ്ണാർക്കാട് വെൽഫെയർ പാർട്ടിക്ക് വോട്ട് മറിച്ചതായി സി.പി.എം പ്രവർത്തകൻ

മണ്ണാര്‍ക്കാട്: എൽ.ഡി.എഫ് സ്ഥാനാർഥിക്ക് ഒരു വോട്ടുമാത്രം ലഭിച്ച മണ്ണാർക്കാട് നഗരസഭയിലെ ഒന്നാംവാർഡായ കുന്തിപ്പുഴയിൽ, പാർട്ടി വോട്ടുകൾ കൂട്ടത്തോടെ വെൽഫെയർ പാർട്ടിക്ക് മറിച്ചതായി സി.പി.എം ബ്രാഞ്ചംഗം. ഈ വാർഡിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ്ഖാന് ഒരു വോട്ടുമാത്രമാണ് ലഭിച്ചത്. ആ വോട്ട് താൻ ചെയ്തതാണെന്നും കുന്തിപ്പുഴ സ്വദേശിയും സിപിഎം കുളര്‍മുണ്ട ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ഹനീഫ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബിജെപിയുമായും ജമാഅത്തെ ഇസ്ലാമിയുമായും സഹകരിച്ചാണ് നഗരസഭയില്‍ ചില വാര്‍ഡുകളില്‍ സിപിഎം വിജയിച്ചതെന്ന ജനകീയ മതേതരമുന്നണിയുടെ ആരോപണം നിലനില്‍ക്കെയാണ് പാർട്ടി പ്രവർത്തകന്റെ വെളിപ്പെടുത്തൽ. ’ബ്രാഞ്ചിലെ 10 പാര്‍ട്ടി അംഗങ്ങളില്‍ നാലുപേര്‍ക്ക് കുന്തിപ്പുഴ വാര്‍ഡിലാണ് വോട്ടുള്ളത്. അവരാരും പാര്‍ട്ടിക്ക് വോട്ട് ചെയ്തിട്ടില്ല. സാധാരണ എൽ.ഡി.എഫിന് ഇവിടെ 120 വോട്ട് ലഭിക്കാറുണ്ട്. അതേസമയം വെല്‍ഫെയര്‍പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് 179 വോട്ട് ലഭിച്ചു. സി.പി.എം വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വോട്ടുമറിച്ചതായാണ് ഇതിലൂടെ മനസിലാകുന്നത്. ബ്രാഞ്ച് കമ്മിറ്റി അറിയാതെയാണ് വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോള്‍ കമ്മിറ്റി വാട്സാപ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കി’ - ഹനീഫ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി. അബ്ദുറഹ്‌മാൻ 301 വോട്ടുനേടിയാണ് കുന്തിപ്പുഴ വാര്‍ഡില്‍ വിജയിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി സ്വതന്ത്രന്‍ സിദ്ദീഖ് കുന്തിപ്പുഴ 179 വോട്ട് നേടി. മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ഥി ഫൈസല്‍ കുന്തിപ്പുഴ 65 വോട്ടും നേടി.

‘എന്റെ വോട്ട് മാത്രമാണ് ഉണ്ടാവുക എന്ന് എനിക്കറിയില്ലായിരുന്നു,. പക്ഷേ, റിസൾട്ട് വന്നപ്പോഴാണ് ഈ ഒരു വോട്ട് മാത്രമേ ഉള്ളൂ എന്നറിയുന്നത്. എൽഡിഎഫിന്റെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചെങ്കിലും സ്ഥാനാർത്ഥി വരികയോ ആളുകളോട് സംസാരിക്കുകയോ വീട് കയറുകയോ ഒന്നും ചെയ്തിട്ടില്ല. അങ്ങനെ ഒരു സ്ഥാനാർത്ഥി ഉള്ളകാര്യം ബ്രാഞ്ചിൽ ആരും അറിഞ്ഞിട്ടില്ല. ഇപ്പോഴും അറിയില്ല. അയാളുടെ നമ്പറോ കാര്യങ്ങളോ ഇപ്പോഴും അവിടുത്തെ മെമ്പർമാരോട് ചോദിച്ചാൽ അറിയില്ല. ബ്രാഞ്ചിൽ നിന്ന് ഞങ്ങൾ പേര് കൊടുത്തിട്ടുണ്ടായിരുന്നു. തീരുമാനം എടുത്തിട്ട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പേരെഴുതി കൊണ്ടുപോയി. പക്ഷേ, വന്നത് നേരെ തിരിച്ചാണ്. ജമാഅത്തെ ഇസ്ലാമിക്ക് വോട്ട് ചെയ്യണം എന്ന് പറഞ്ഞത് എൽസി സെക്രട്ടറിയുടെ വാർഡിലാണ്. എൽഡിഎഫിന്റെ സ്ഥാനാർത്ഥി ഒന്ന് വരികയോ അല്ലെങ്കിൽ ആളുകളോട് സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച മണ്ണാർക്കാട് റൂറൽ ബാങ്കിൽ ആ സ്ഥാനാർത്ഥിയെ കണ്ടിട്ടില്ല. ഒരു സുപ്രഭാതത്തിൽ ഒരു സ്ഥാനാർത്ഥിയുടെ ഫോട്ടോ പോസ്റ്റർ അവിടെ വരികയായിരുന്നു. അ​പ്പോഴാണ് എല്ലാവരും സ്ഥാനാർഥിയെ അറിയുന്നത്’ -ഹനീഫ പറഞ്ഞു.

‘എൽഡിഎഫിന്റെ സ്വാതന്ത്രനായിട്ടാണ് വെൽഫെയർ പാർട്ടി സ്ഥാനാർഥി സിദ്ദീഖ് നിൽക്കുന്നത് എന്നാണ് പൊതുവെ സംസാരമുണ്ടയത്. ഞാൻ ജമാഅത്തെ ഇസ്‍ലാമിയുടെ സ്ഥാനാർഥിക്ക് വോട്ട് ചെയ്യില്ല. അതു​കൊണ്ട് സ്വാഭാവികമായിട്ട് എന്റെ വോട്ട് സി.പി.എം സ്ഥാനാർഥിക്ക് ഞാൻ ചെയ്തു. പക്ഷേ എന്റെ വോട്ട് മാത്രമാണ് ഉണ്ടാവുക എന്നാണ് എനിക്കറിയില്ലായിരുന്നു. റിസൾട്ട് കഴിഞ്ഞപ്പോഴാണ് ഈ ഒരു വോട്ട് മാത്രമേ ഉള്ളൂ എന്നറിയുന്നത്’ -ഹനീഫ പറഞ്ഞു. 

Tags:    
News Summary - CPM candidate got one vote, CPM worker says party cross vote to Welfare Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.