പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; സഭാ നടപടികള്‍ നിര്‍ത്തിവെച്ചു

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സഭാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കറുത്ത ബാഡ്ജ് ധരിച്ചാണ് യു.ഡി.എഫ് എം.എൽ.എമാർ സഭയിൽ ഹാജരായത്. ചോദ്യോത്തര വേള പ്രതിപക്ഷം ബഹിഷ്കരിച്ചു. ബാനറുകളും പ്ലക്കാർഡുകളുമായാണ് എം.എൽ.എമാർ സഭയിലെത്തിയത്.

തുടര്‍ച്ചയായി സഭ തടസ്സപെടുത്തുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു.  സ്വാശ്രയമെഡിക്കല്‍ ഫീസ് കുറയ്ക്കാത്ത പ്രശ്നം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. സര്‍ക്കാര്‍ കണ്ണടച്ചിരുട്ടാക്കുകയാണെന്നും സ്വാശ്രയമുതലാളിത്തത്തിന്‍റെ നേതൃത്വം സി.പി.എം ഏറ്റെടുത്തെന്നും നോട്ടീസ് നല്‍കിയ സണ്ണി ജോസഫ് ആരോപിച്ചു. ചട്ടം അനുവദിക്കുന്നില്ലെങ്കിലും നോട്ടീസ് സ്വീകരിക്കുന്നതായി സ്പീക്കര്‍ അറിയിച്ചു. സ്വാശ്രയ വിഷയത്തില്‍ അനുകൂല വിധിക്കായി സുപ്രീംകോടതിയെ സമീപിച്ചില്ലെന്നായിരുന്നു അടിയന്തരപ്രമേയ നോട്ടീസില്‍ പ്രതിപക്ഷത്തിന്‍റെ ആരോപണം. എന്നാല്‍ സുപ്രീംകോടതിയില്‍ സംസ്ഥാനം കക്ഷി ചേര്‍ന്നില്ലെന്ന ആരോപണം തെറ്റെന്ന് കെ.കെ ശൈലജ ടീച്ചര്‍ മറുപടി പറഞ്ഞു.

എം.എല്‍.എമാരുടെ നിരാഹാരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ മുന്‍കൈ എടുക്കണമെന്ന് പി.സി.ജോര്‍ജ് സഭയില്‍ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കുന്നതുവരെ സമരം തുടരുമെന്ന് പ്രതിപക്ഷം അറിയിച്ചു. സ്പീക്കര്‍ക്കെതിരെ സഭക്കകത്തും പുറത്തും വിമര്‍ശമുന്നയിക്കുന്നത് ആശ്വാസകരമല്ലെന്ന് ചെന്നിത്തലക്ക് പി ശ്രീരാമകൃഷ്ണൻ മറുപടി നൽകി.

അതേസമയം, യു.ഡി.എഫ് എം.എൽ.എമാരുടെ നിരാഹാര സമരം തുടരുകയാണ്. എംഎൽഎമാരായ ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, അനൂപ് ജേക്കബ് എന്നിവരാണ് നിരാഹാരമിരിക്കുന്നത്.  ഇവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് മുസ് ലിം ലീഗിലെ കെ.എം ഷാജി, എന്‍ ഷംസുദീന്‍ എന്നിവരും സത്യാഗ്രഹം അനുഷ്ഠിക്കുന്നുണ്ട്. പ്രവേശ നടപടികള്‍ നാളെ പൂര്‍ത്തിയാവുന്നതിനാല്‍ സ്വാശ്രയസമരം എങ്ങനെ മുന്നോട്ട് കൊണ്ടു പോകുമെന്ന് ആലോചിക്കാന്‍ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് യു.ഡി.എഫ് നേതൃയോഗവും വിളിച്ചിട്ടുണ്ട്.

Tags:    
News Summary - oppossion boycotts question hour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.