തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. നിയമസഭ തുടങ്ങിയപ്പോൾ തന്നെ വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉന്നയിച്ചു. എന്നാൽ, ഇത് അവഗണിച്ച് സ്പീക്കർ നിയമസഭയിൽ ചോദ്യോത്തരവേളയുമായി മുന്നോട്ട് പോയി. ഇതിനിടെ ദേസ്വംമന്ത്രി രാജിവെക്കണമെന്ന ആവശ്യം ഉയർത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
തുടർന്ന് അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ എന്ന ബാനർ സഭയിൽ ഉയർത്തുകയും ചെയ്തു. സ്പീക്കറെ മറച്ചുള്ള ബാനർ അനാദരവാണെന്ന് രാജ്യത്തെ മറ്റൊരുനിയമസഭയിലും ഇത്തരത്തിലുള്ള പ്രതിഷേധം ഉണ്ടായിട്ടില്ലെന്നും സ്പീക്കർ ഓർമിപ്പിച്ചു. എന്നാൽ, സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപത്ത് നിന്ന് മാറാൻ പ്രതിപക്ഷ അംഗങ്ങൾ തയാറായില്ല.
പ്രതിപക്ഷത്തിലെ യുവ അംഗങ്ങളെ പിന്തരിപ്പിക്കാൻ വി.ഡി സതീശൻ തയാറാവണമെന്ന് സഭയിലുണ്ടായിരുന്ന കെ.എൻ ബാലഗോപാൽ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം അതിന് തയാറായില്ല. എന്തുകൊണ്ട് ഇക്കാര്യത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയില്ലെന്നും പ്രതിപക്ഷത്തോട് കെ.എൻ ബാലഗോപാൽ ചോദിച്ചു. ചോദ്യോത്തരവേള നടത്താൻ കഴിയാതായതോടെ താൽക്കാലികമായി സഭ നിർത്തിവെക്കുകയായിരുന്നു.
അതേസമയം, സ്വർണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം പൊളിയുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. 2019ൽ പോറ്റി അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് സ്വർണപ്പാളി തന്നെയെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയെന്നാണ് സൂചന. സ്വർണം രേഖകളിൽ ചെമ്പായത് എങ്ങനെയെന്ന് പരിശോധിക്കും. അന്വേഷണ റിപ്പോർട്ട് ഈയാഴ്ച തന്നെ ഹൈക്കോടതിയിൽ സമർപ്പിക്കും. സമഗ്ര അന്വേഷണത്തിന് മറ്റൊരു ഏജൻസിയെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെടും.
ദേവസ്വം വിജിലൻസിന്റേതാണ് നിർണായക കണ്ടെത്തൽ. രണ്ടു ദിവസങ്ങളിലായി 7 മണിക്കൂറാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ വിജിലൻസ് ചോദ്യം ചെയ്തത്. ആരോപണങ്ങൾ നിഷേധിച്ചെങ്കിലും വിജിലൻസിന്റെ ചില ചോദ്യങ്ങൾക്ക് മുന്നിൽ ഉണ്ണികൃഷ്ണൻ പോറ്റി കുടുങ്ങി. ദേവസ്വം രേഖകളിൽ ശില്പ പാളി ചെമ്പായത് എങ്ങനെയെന്ന് പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.