കോതമംഗലം: ശബരിമലയിലെ അയ്യപ്പ സംഗമത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി പരസ്യ ബോർഡുകൾ സ്ഥാപിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ദേവസ്വം മന്ത്രി വി.എൻ. വാസവനെയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അയ്യപ്പ സംഗമത്തിന്റെ ബോര്‍ഡുകളില്‍ അയ്യപ്പനില്ലെന്നും പിണറായി വിജയനും വാസവനും മാത്രമെയുള്ളൂവെന്നും സതീശൻ പറഞ്ഞു.
അയ്യപ്പ സംഗമം ദേവസ്വം ബോര്‍ഡാണ് നടത്തുന്നതെന്ന് പറഞ്ഞിട്ടും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് നല്‍കിയിരിക്കുന്നത് ഫുഡ് കമ്മിറ്റിയുടെ ചുമതലയാണ്. ഭക്തരെ പരിഹസിക്കാന്‍ നടത്തുന്ന ഈ കാപട്യം ജനം തിരിച്ചറിയുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് കപട ഭക്തനെ പോലെയാണ് മുഖ്യമന്ത്രി സംസാരിച്ചത്. തദ്ദേശ - നിയമസഭ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ട് പിണറായി വിജയന് യോജിക്കാത്ത ഭക്തിയുടെ പരിവേഷം അണിഞ്ഞു കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ശബരിമലയില്‍ അദ്ദേഹത്തിന്റെ കാലത്ത് ആചാരലംഘനത്തിന് കൂട്ടുനിന്ന് പൊലീസിനെ ഉപയോഗിച്ച് നടത്തിയ ക്രൂരകൃത്യങ്ങള്‍ മറച്ചുപിടിച്ചു കൊണ്ട് അയ്യപ്പ സംഗമത്തില്‍ പ്രസംഗിച്ചത്. ഇപ്പോള്‍ ഭക്തിയുടെ പരിവേഷമായി പിണറായി വിജയന് മാറിയിരിക്കുകയാണ്.
ഒന്‍പതര കൊല്ലം ശബരിമലയില്‍ ഒരു വികസന പ്രവര്‍ത്തനങ്ങളും നടത്താത്ത സര്‍ക്കാരാണ് മാസ്റ്റര്‍ പ്ലാനുമായി ജനങ്ങളെ കബളിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. യു.ഡി.എഫ് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ല; സുപ്രീംകോടതിയിലെ സത്യവാങ്മൂലം പിന്‍വലിക്കുമോ? കേസുകള്‍ പിന്‍വലിക്കുമോ? എന്തിനാണ് തിരഞ്ഞെടുപ്പിന്റെ സായാഹ്നത്തില്‍ മാസ്റ്റര്‍ പ്ലാനുമായി ഇറങ്ങിയിരിക്കുന്നത്? ഭക്തജനങ്ങളെ കബളിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. പിണറായി ഭരണകൂടം എന്താണ് ശബരിമലയില്‍ ചെയ്തതെന്ന് അയ്യപ്പഭക്തര്‍ക്കും വിശ്വാസികള്‍ക്കും നല്ല ഓര്‍മയുണ്ട്. അതൊന്ന് ഓര്മപ്പെടുത്താന് അയ്യപ്പ സംഗമം സഹായിച്ചത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കപടഭക്തിയാണെന്ന് ഒന്നു കൂടി തെളിഞ്ഞിരിക്കുകയാണ്.
വര്‍ഗീയവാദികള്‍ക്ക് ഇടമുണ്ടാക്കിക്കൊടുക്കാനാണ് യോഗി ആദിത്യനാഥിന്റെ പ്രസ്താവന അയ്യപ്പ സംഗമത്തില്‍ വായിച്ചത്. തെരഞ്ഞെടുപ്പിന് വേണ്ടി നടത്തുന്ന രാഷ്ട്രീയത്തിന്റെ വേറൊരു രൂപമാണ്. എന്നിട്ടാണ് മറ്റുള്ളവരുടെ ഭക്തിയെ മുഖ്യമന്ത്രി കളിയാക്കുന്നത്. ഞങ്ങളുടെ ഭക്തിയെ കുറിച്ചോ വിശ്വാസത്തെ കുറിച്ചോ പിണറായി വിജയനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഭക്തിയും വിശ്വാസവും സ്വകാര്യമായ കാര്യങ്ങളാണ്.
തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പല്ലേ ഭക്തരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കണമെന്നു തോന്നിയത്. ഒന്‍പതര കൊല്ലമായി ഇതൊന്നും തോന്നിയില്ലല്ലോ. കഴിഞ്ഞ സര്‍ക്കാര്‍ 112 ഹെക്ടര്‍ സ്ഥലം ഏറ്റെടുത്തിട്ടും ഒന്‍പത വര്‍ഷമായി ഒന്നും ചെയ്തില്ല. ശബരിമലയിലേക്ക് നല്‍കേണ്ട 82 ലക്ഷം രൂപ പോലും മൂന്നു വര്‍ഷമായി കൊടുക്കാത്ത സര്‍ക്കാരാണിത്. ഈ സര്‍ക്കാര്‍ ശബരിമലയില്‍ ഒരു വികസന പ്രവര്‍ത്തനവും നടത്തിയിട്ടില്ല. ശബരിമലയിലെ സാനിട്ടേഷന്‍ സൊസൈറ്റിക്കും സര്‍ക്കാര്‍ നല്‍കേണ്ട 50 ശതമാനം തുക നല്‍കിയിട്ടില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.
സ്ത്രീകള്‍ക്കെതിരായ അപവാദ പ്രചരണത്തിന് തുടക്കം കുറിച്ചയാളാണ് എം.വി ഗോവിന്ദന് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ആന്തൂരിലെ സാജന് ആത്മഹത്യ ചെയ്ത കേസില്‍ നഗരസഭ ചെയര്‍പേഴ്സനെ ഒന്നാം പ്രതിയാക്കേണ്ടതായിരുന്നു. അന്ന് ആരായിരുന്നു നഗരസഭ ചെയര്‍പേഴ്സനെന്ന് എല്ലാവര്ക്കും അറിയാം. അവരെ പ്രതിയാക്കാതിരിക്കാന്‍ ദേശാഭിമാനിയുടെ ഒന്നാം പേജില്‍ ആന്തൂര്‍ സാജന്റെ ഭാര്യയെ കുറിച്ച് അപവാദ പ്രചരണം തുടങ്ങിവച്ചത് എം.വി ഗോവിന്ദനാണ്. ആ എം.വി ഗോവിന്ദന് എന്നെ പഠിപ്പിക്കാന്‍ വരേണ്ട. ഞങ്ങള്‍ക്ക് മുന്നില്‍ ഒരു ആക്ഷേപം വന്നപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും സ്വീകരിക്കാത്ത നിലപാടാണ് സ്വീകരിച്ചത്.
വൈപ്പിന്‍ എം.എല്‍.എയുമായി ബന്ധപ്പെട്ട സംഭവം എങ്ങനെ പുറത്തുവന്നുവെന്ന് സി.പി.എമ്മാണ് അന്വേഷിക്കേണ്ടത്. വി.എസ്. അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഒരു വ്യക്തിയുടെ യൂട്യൂബ് ചാനലിലാണ് ഈ വാര്‍ത്ത ആദ്യം വന്നത്. കോണ്‍ഗ്രസ് ഹാന്‍ഡിലുകളും അത് പ്രചരിപ്പിച്ചിട്ടുണ്ടാകാം. കഴിഞ്ഞ ഒരു മാസമായി കോണ്‍ഗ്രസ് നേതാക്കളെ സ്ത്രീകളുടെ പേര് വച്ച് സി.പി.എം ആക്രമിക്കുമ്പോള്‍ സ്ത്രീപക്ഷവും മനുഷ്യാവകാശവും ഇല്ലായിരുന്നു. ഇപ്പോള്‍ 24 മണിക്കൂറിനകം കേസെടുത്തു.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് കാലത്ത് ഉമ്മന്‍ ചാണ്ടിയുടെ മകളെ ക്രൂരമായി അപമാനിച്ചല്ലോ. കേസെടുത്തെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. സൈബര്‍ ആക്രമണത്തില്‍ ഇരട്ടനീതിയാണ്. എത്ര വനിതാ മാധ്യമ പ്രവര്‍ത്തകരെയാണ് സി.പി.എം സൈബര്‍ കടന്നകൂടുകള് ആക്രമിച്ചത്. എന്ത് നടപടിയാണ് എടുത്തത്? ആ കേസൊക്കെ എവിടെ പോയി. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ട്. വൈപ്പിനിലുണ്ടായത് ഒരു മാസം മുന്‍പുണ്ടായ സംഭവമൊന്നുമല്ല.
കഴിഞ്ഞ ഒരു മാസമായി മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരെ സ്ത്രീകളുമായി ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ഉന്നയിച്ചവരോടൊന്നും എന്തിനാണ് അങ്ങനെ ചെയ്തെന്ന് ആരും ചോദിച്ചില്ലല്ലോ. എന്ത് സംഭവമുണ്ടായാലും എന്തിനാണ് എന്റെ നെഞ്ചത്തേക്ക് കയറുന്നത്? ബന്ധപ്പെട്ട ആളുകളോടാണ് നിങ്ങള്‍ ചോദിക്കേണ്ടത്. എറണാകുളത്ത് ലെനിന് സെന്ററില്‍ പാര്‍ട്ടി സെക്രട്ടറിയുടെ കട്ടിലിനടയില്‍ കാമറ വച്ച വിരുതനാമരുള്ള ജില്ലയാണിത്. ഈ വര്‍ത്ത ആദ്യം പുറത്തുവന്നത് സി.പി.എമ്മില്‍ നിന്നാണ്. പിന്നീട് യൂട്യൂബിലും പത്രത്തിലും വാര്‍ത്ത വന്നുവെന്നും സതീശൻ പറഞ്ഞു.
അതേസമയം, ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്നാട് സർക്കാർ പ്രതിനിധികൾ മാത്രമാണ് പങ്കെടുക്കുന്നത്. മറ്റ് സംസ്ഥാന മന്ത്രിമാരൊന്നും എത്തിയില്ല. കർണാടക, ഡൽഹി, തെലങ്കാന, ആന്ധ്ര സർക്കാറുകളെയാണ് ദേവസ്വം ബോർഡ് പ്രധാനമായി ക്ഷണിച്ചത്. ഇവരൊന്നും ക്ഷണം സ്വീകരിച്ചില്ല.
ശബരിമലയുടെ വികസനം ലക്ഷ്യമിട്ടെന്ന് അവകാശപ്പെട്ട് ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന സംഗമത്തിലാണ് ഭക്തർ ഏറെയെത്തുന്ന മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാന പ്രതിനിധികളില്ലാത്തത്. സർക്കാർ പ്രതിനിധികൾ എത്തില്ലെങ്കിലും ഇവിടെനിന്നെല്ലാം ഭക്തരുണ്ടാകുമെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞിരുന്നത്.
ബോർഡിന് രാഷ്ട്രീയമില്ല. വികസനം മാത്രം ലക്ഷ്യമിട്ടാണ് സംഗമം. അതിനാലാണ് രാഷ്ട്രീയം പരിഗണിക്കാതെ എല്ലാവരെയും ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മറ്റ് സംസ്ഥാന പ്രതിനിധികൾ എത്താത്തതിന് പിന്നിൽ രാഷ്ട്രീയ ചരടുവലികൾ നടന്നതായും ബോർഡ് സംശയിക്കുന്നുണ്ട്.
ആഗോള അയ്യപ്പ സംഗമത്തിന്റെ ഭാഗമായി മൂന്ന് വേദികളിലായി നടക്കുന്ന ചർച്ചയിൽ വിഷയങ്ങൾ അവതരിപ്പിക്കുക 10 അംഗ സംഘമാണ്. പ്രധാന വേദിയായ തത്ത്വമസിയിൽ നടക്കുന്ന ശബരിമല മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ചയിൽ തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങിലെ പ്രഫ. ബെജെന്‍ എസ്. കോത്താരി, മുൻ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാർ, ഡോ. പ്രിയാഞ്ജലി പ്രഭാകരൻ (ശബരിമല മാസ്റ്റർ പ്ലാൻ ഉന്നതാധികാര സമിതി) എന്നിവരാണ് പാനലിസ്റ്റുകള്‍.
ആത്മീയ ടൂറിസം സര്‍ക്യൂട്ട് സെഷന് പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍, കേരള ടൂറിസം സെക്രട്ടറി കെ. ബിജു, കേരള ട്രാവല്‍മാര്‍ട്ട് സ്ഥാപകന്‍ എസ്. സ്വാമിനാഥന്, സോമതീരം ആയുര്‍വേദ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബേബി മാത്യു എന്നിവരാണ് പാനലിസ്റ്റുകള്‍.
മൂന്നാമത്തെ വേദിയായ ശബരിയില്‍ ആള്‍ക്കൂട്ട നിയന്ത്രണവും തയാറെടുപ്പുകളും എന്ന വിഷയത്തില്‍ സെഷന് നടക്കും. മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്, എ.ഡി.ജി.പി എസ്. ശ്രീജിത്ത്, ആലപ്പുഴ ടി.ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബി. പത്മകുമാര്‍ എന്നിവരാണ് പാനലിസ്റ്റുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.