തിരുവനന്തപുരം: മുസ്‌ലിംലീഗ് നേതാവും മുന്‍ പൊതുമരാമത്ത് മന്ത്രിയുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. തങ്ങള്‍ക്ക് എല്ലാവര്‍ക്കും പ്രിയങ്കരനായ സഹപ്രവര്‍ത്തകനും ജ്യേഷ്ഠ സഹോദരനുമായിരുന്നു വി.കെ ഇബ്രാഹിംകുഞ്ഞ് എന്ന് വി.ഡി. സതീശൻ അനുസ്മരിച്ചു.
മധ്യകേരളത്തില്‍ മുസ്ലിം ലീഗിന്റെ കരുത്തുറ്റ നേതാവും ഐക്യജനാധിപത്യ മുന്നണിയുടെ ജില്ലയിലെ മുഖവുമായിരുന്നു അദ്ദേഹം. പഴയ മട്ടാഞ്ചേരിയെയും ഇപ്പോഴത്തെ കളമശേരിയെയും നിരവധി തവണ പ്രതിനിധീകരിച്ച ജനകീയ എം.എല്‍.എ. സൗമ്യമായി ഇടപെടുകയും സ്‌നേഹ ബന്ധങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തിരുന്ന രാഷ്ട്രീയ നേതാവായിരുന്നു വി.കെ. ഇബ്രാഹിം കുഞ്ഞ്. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ആര്‍ക്കും ഇഷ്ടപ്പെടുന്ന പൊതുപ്രവര്‍ത്തകനുമായിരുന്നു.
വ്യവസായ- പൊതുമരാമത്ത് വകുപ്പുകളുടെ ചുമതല ലഭിച്ചപ്പോള്‍ മികച്ച മന്ത്രിയായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. മുസ്ലീംലീഗ് ജില്ലാ അധ്യക്ഷനായിരുന്ന കാലത്ത് ജില്ലയില്‍ ഐക്യജനാധിപത്യ മുന്നണിയെ ഊർജ സ്വലതയോടെ മുന്നില്‍ നിന്ന് നയിക്കാന്‍ അദ്ദേഹവുമുണ്ടായിരുന്നു. യു.ഡി.എഫ് കുടുംബത്തിലെ ഒരു അംഗത്തെയാണ് നഷ്ടമായതെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.