തിരുവനന്തപുരം: അധികാരമാറ്റശേഷം സർക്കാർ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റിയെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. സഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്ന ആവശ്യം നിഷേധിച്ച പശ്ചാത്തലത്തിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തി. ഈ സർക്കാർ അധികാരത്തിൽവന്നശേഷം 33 വകുപ്പുകളിലായി 207 ഉത്തരവുകളാണ് ഇറക്കിയതെന്നും ഇതിലൂടെ 1982 പേരെ സ്ഥലംമാറ്റിയെന്നും പ്രമേയത്തിന് നോട്ടീസ് നൽകിയ വി. ജോയ് ആരോപിച്ചു. ദൂരസ്ഥലങ്ങളിലേക്ക് മാറ്റിയതിൽ 310 പേർ വനിതകളാണ്. 38 പേർ ക്ലാസ് ഫോർ ജീവനക്കാരും. സർക്കാർ സത്യപ്രതിജ്ഞ ചെയ്യുംമുമ്പുതന്നെ യു.ഡി.എഫ് അനുകൂല സർവിസ് സംഘടനകളുടെ കത്തിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരെ മാറ്റിയത് കേട്ടുകേൾവിയില്ലാത്തതാണെന്നും ജോയി പറഞ്ഞു.
മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയാണ് സ്ഥലംമാറ്റമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. നീതിരഹിത സ്ഥലംമാറ്റം തുടരുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. കുടുംബശ്രീയിലെ കരാർ ജീവനക്കാരെ നോട്ടീസ് പോലും നൽകാതെ പിരിച്ചുവിടുന്നു. വിരമിക്കുന്നതിന് തൊട്ടുമുമ്പ് ജീവനക്കാരനെ സസ്പെൻഡ് ചെയ്ത് ക്രൂരത കാട്ടി. സ്ഥാപിത താൽപര്യക്കാരെ അഴിഞ്ഞാടാൻ വിട്ടാൽ പവർ ബ്രോക്കർമാരും ദല്ലാളുമാരും അധികാരത്തിന്റെ ഇടനാഴിയിൽ ആധിപത്യം സ്ഥാപിക്കുമെന്നും പിണറായി കൂട്ടിച്ചേർത്തു.
പുതിയ സർക്കാർ അധികാരമേറ്റതിനെത്തുടർന്ന് ഭരണപരമായ സൗകര്യാർഥമാണ് സ്ഥലംമാറ്റങ്ങൾ നടത്തിയതെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മറുപടി പറഞ്ഞ മന്ത്രി സണ്ണി ജോസഫ് വിശദീകരിച്ചു. ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി നടപടി സ്വീകരിച്ചതായി പരാതി വന്നാൽ പരിശോധിച്ച് ഉചിത നടപടി സ്വീകരിക്കും. 2016ൽ സ്ഥലംമാറ്റപ്രശ്നം ഉന്നയിച്ച പി.ടി. തോമസിന് സ്ഥലജലവിഭ്രമമാണെന്നാണ് അന്ന് പിണറായി പറഞ്ഞത്. അതുപോലൊന്നും യു.ഡി.എഫ് സർക്കാർ പറയില്ല.
എൽ.ഡി.എഫ് സർക്കാർ അന്ന് ഒരു മാനദണ്ഡവും പാലിക്കാതെ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി. ഒട്ടേറെ ജീവനക്കാരെ പത്തു വർഷം സെക്രട്ടേറിയറ്റിലേക്കോ തിരുവനന്തപുരത്തേക്കോ പ്രവേശിപ്പിച്ചില്ല. രാഷ്ട്രീയ കാരണങ്ങളാലും സംഘടനാവിരോധം മൂലവും വിദൂരസ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റിയ നൂറുകണക്കിനുപേർ ഇന്നും അവിടങ്ങളിൽ തുടരുകയാണ്. അവരെ മാനദണ്ഡങ്ങൾക്ക് വിധേയമായി സ്ഥലംമാറ്റേണ്ടതായുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.