ആരോഗ്യ മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്ന് പ്രതിപക്ഷം; രാജിവെക്കേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബാലാവകാശ കമീഷൻ അംഗത്തിന്‍റെ നിയമനത്തിൽ ആരോഗ്യ മന്ത്രി കെ.കെ ശൈലജ അധികാര ദുർവിനിയോഗം നടത്തിയെന്ന് നിയമസഭയിൽ പ്രതിപക്ഷ ആരോപണം. മന്ത്രിക്കെതിരായ ഹൈകോടതി പരാമർശം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസിലാണ് സർക്കാറിനെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചത്. 

ബാലാവകാശ കമീഷൻ അംഗത്തിന്‍റെ നിയമന വിഷയത്തിൽ ആരോഗ്യ മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്ന് ഹൈകോടതി വിമർശിച്ചിട്ടുണ്ട്. മന്ത്രിയുടേത് നഗ്നമായ സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാതവും ആണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. 

മാധ്യമപ്രവർത്തകരോട് കടക്ക് പുറത്ത് എന്ന് പറയുകയും ആരോപണവിധേയനായ ഇ.പി ജയരാജനെ രാജിവെപ്പിക്കുകയും ചെയ്ത മുഖ്യമന്ത്രി എന്തു കൊണ്ട് ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നില്ലെന്നും ഷാഫി ചോദിച്ചു.

അതേസമയം, ആരോഗ്യ മന്ത്രിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ബാലാവകാശ കമീഷൻ നിയമനം സംബന്ധിച്ച അപേക്ഷാ തീയതി നീട്ടിയ നടപടിയിൽ അസ്വഭാവികതയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിയുടെ മുമ്പിൽ വന്ന ഫയലിലെ നിർദേശ പ്രകാരമാണ് തീയതി നീട്ടിയത്. 

തൃശൂർ, പത്തനംതിട്ട, കാസർകോട് എന്നീ ജില്ലകളിൽ നിന്ന് പ്രാതിനിധ്യം ഇല്ലായിരുന്നു. അതിനാൽ കൂടുതൽ പേരെ ഉൾപ്പെടുത്താനായിരുന്നു ഈ നടപടി. മന്ത്രി രാജിവേക്കേണ്ട ആവശ്യമില്ലെന്നും രാഷ്ട്രീയകാരെ ബാലാവകാശ കമീഷൻ അംഗമാക്കിയതിൽ തെറ്റില്ലെന്നും പിണറായി വ്യക്തമാക്കി. മന്ത്രിയുടെ ഭാഗം ഹൈകോടതി കേട്ടില്ല. ഇത് സാമാന്യനീതിയുടെ നിഷേധമാണ്. ഇക്കാര്യം ഹൈകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും മുഖ്യമന്ത്രി സഭയെ അറിയിച്ചു. 

തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ചു. ആരോപണവിധേയരായ മന്ത്രിമാരെ രാജിവെപ്പിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിക്ക് ഇരട്ടനീതിയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഇ.പി ജയരാജന് ഒരു നീതിയും കെ.കെ ശൈലജക്ക് മറ്റൊരു നീതിയുമാണ്. ബാലാവകാശ കമീഷൻ അംഗമായി രാഷ്ട്രീയകാരെ നിയമിക്കാം. പക്ഷേ പ്രതികളെ എന്തിന് നിയമിച്ചെന്നും ചെന്നിത്തല ചോദിച്ചു. 

ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ബഹളത്തെ തുടർന്ന് സ്പീക്കർ സഭാ നടപടികൾ താൽകാലികമായി നിർത്തിവെച്ചു. 

Tags:    
News Summary - Opposition Attack to Health Minister KK Shailaja In Kerala Assembly -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.