ഓപറേഷൻ ക്ലീൻ കോർപ്: ആറ് കോർപറേഷനുകളിലും ഗുരുതര ക്രമക്കേടെന്ന് വിജിലൻസ്

തിരുവനന്തപുരം: ‘ഓപറേഷൻ ക്ലീൻ കോർപ്’ എന്ന പേരിൽ സംസ്ഥാനത്തെ ആറ് കോർപറേഷനുകളിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ അനുമതിയില്ലാതെ കോഴിക്കോട് കോര്‍പറേഷനില്‍ ഏഴും കൊല്ലം, കൊച്ചി കോര്‍പറേഷനുകളില്‍ ആറ് വീതവും തൃശൂര്‍ കോര്‍പറേഷന്‍ കീഴില്‍ രണ്ടും വ്യാപാര സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് പുതുക്കി നൽകി. കൊച്ചി കോര്‍പറേഷന്‍ കീഴില്‍ 328 അപേക്ഷകളും കോഴിക്കോട് 376 അപേക്ഷകളും തിരുവനന്തപുരം കോര്‍പറേഷന്‍ കീഴില്‍ 185 അപേക്ഷകളും കണ്ണൂരിൽ 64 അപേക്ഷകളും കൊല്ലത്ത് 122 അപേക്ഷകളും തൃശൂര്‍ കോര്‍പറേഷനിൽ 19 അപേക്ഷകളിലും യാതൊരു നടപടിയും സ്വീകരിക്കാതെ പിടിച്ചുെവച്ചിരിക്കുകയാണ്.

തിരുവനന്തപുരം കോര്‍പറേഷന് കീഴില്‍ ഏജന്‍റായി പ്രവര്‍ത്തിക്കുന്ന നാലുപേരെയും കൊച്ചി കോര്‍പറേഷനില്‍ ഏജന്‍റായി പ്രവര്‍ത്തിക്കുന്ന നാലുപേെരയും കൊല്ലത്തെ രണ്ടുപേെരയും തിരിച്ചറിഞ്ഞു. ഇവര്‍ മുഖേന സമര്‍പ്പിച്ച അപേക്ഷകളില്‍ ചുരുങ്ങിയ കാലയളവില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റും ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റുകളും കോര്‍പറേഷന്‍ അധികാരികള്‍ നല്‍കി.

വിവിധ അദാലത്തുകള്‍ മുഖേന കെട്ടിട നികുതി, ഭൂനികുതി എന്നിവ സ്വീകരിച്ച ശേഷം അവ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്താറില്ല. ഇത്തരത്തിൽ കോഴിക്കോട് 255 രസീതുകളും കണ്ണൂരിൽ 219 രസീതുകളും തിരുവനന്തപുരത്ത് 36 രസീതും പിടിച്ചെടുത്തു. തൃശൂരില്‍ ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ അദാലത് മുഖേന പിരിച്ചെടുത്ത രസീതുകള്‍ ഇതുവരെയും കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയിട്ടില്ല. കണ്ണൂരില്‍ പല അപേക്ഷകൾക്കും മുൻഗണന മറികടന്ന് പെർമിറ്റ് നൽകി. കെട്ടിട ലൈസന്‍സുകള്‍ക്കായി ലഭിച്ച 389 അപേക്ഷകളില്‍ നടപടികള്‍ സ്വീകരിച്ച ശേഷം വിതരണം ചെയ്യാതെ മാറ്റി െവച്ചിരിക്കുന്നതായും കണ്ണൂര്‍ ചേലോറ സോണല്‍ ഓഫിസിന് കീഴില്‍ ഉപരിപഠനം നടത്തുന്ന പട്ടികജാതി വിദ്യർഥിനികള്‍ക്കായി വാങ്ങിയ 15 ലാപ്ടോപ്പുകൾ വിതരണം ചെയ്യാതെ മാറ്റി െവച്ചിരിക്കുന്നതായും കണ്ടെത്തി.

കോഴിക്കോട് പല വാഹനങ്ങളും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് വാടകക്ക് എടുത്തിരിക്കുന്നത്. കൊല്ലം കോര്‍പറേഷനുകീഴിലെ ചിന്നക്കടയില്‍ റോഡിനോടു ചേര്‍ന്ന് പണി പൂര്‍ത്തിയാക്കിയ ഒരു കച്ചവട സ്ഥാപനത്തിനും കോഴിക്കോട് കോര്‍പറേഷനില്‍ റോഡിനോടുചേര്‍ന്ന് പണി പൂര്‍ത്തിയാക്കിയ അഞ്ച് കെട്ടിടങ്ങള്‍ക്കും ചട്ടങ്ങൾ ലംഘിച്ച് ഒക്കുപന്‍സി സര്‍ട്ടിഫിക്കറ്റ് നൽകി.

കൈക്കൂലി ഗൂഗ്ൾപേ വഴിയും

കൊല്ലം കോര്‍പറേഷനിലെ മരാമത്ത് വിഭാഗത്തിലെ ഒരു അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ അക്കൗണ്ടിലേക്ക് ഒരു കോണ്‍ട്രാക്ടര്‍ 15,000 രൂപയും ഒരു ഏജന്‍റ് 25000 രൂപയും ഗൂഗ്ള്‍ പേ വഴി നല്‍കിയതായും വിജിലന്‍സ് കണ്ടെത്തി. ഏജന്‍റുമാർ വഴി നൽകുന്ന അപേക്ഷകൾ ദ്രുതഗതിയിലാണ് തീർപ്പാക്കിയത്. ഈ സാഹചര്യത്തിൽ ഏജന്‍റുമാര്‍ മുഖേന സമര്‍പ്പിച്ച മുഴുവന്‍ അപേക്ഷകളും വരും ദിവസങ്ങളില്‍ കൂടുതല്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും ആവശ്യമെങ്കില്‍ സ്ഥല പരിശോധന ഉള്‍പ്പെടെ നടത്തുമെന്നും വിജിലന്‍സ് മേധാവി മനോജ്‌ എബ്രഹാം അറിയിച്ചു. കൊല്ലം കോര്‍പറേഷനിലെ തൃക്കടവൂര്‍ സോണല്‍ ഓഫിസിന് കീഴില്‍ വാണിജ്യ സ്ഥാപനം ആരംഭിക്കുന്നതിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷം ലൈസന്‍സ് ഇല്ലാതെ ഒരു ആശുപത്രി പ്രവര്‍ത്തിക്കുന്നതായി പരിശോധനയിൽ തെളിഞ്ഞു.

Tags:    
News Summary - Operation Clean Corp: Vigilance for serious irregularities in all six corporations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.