‘ഓപറേഷൻ അരിക്കൊമ്പൻ’ ദൗത്യത്തിനായി ഉപയോഗിക്കുന്ന സാമഗ്രികൾ
തൊടുപുഴ: ഇടുക്കി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ജനജീവിതത്തിന് ഭീഷണിയായി മാറിയ കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്നതിനെതിരായ ഹരജി ഹൈകോടതി ബുധനാഴ്ച പരിഗണിക്കും. കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ ഇന്നത്തേക്ക് നിശ്ചയിച്ചിരുന്ന മോക്ഡ്രിൽ ഉപേക്ഷിച്ചു. വിധി അനുകൂലമായാൽ വ്യാഴാഴ്ച രാവിലെ നാലിന് ദൗത്യം ആരംഭിക്കാനുള്ള എല്ലാ മുന്നൊരുക്കവും വനം വകുപ്പ് പൂർത്തിയാക്കി.
ആനയെ പിടിക്കാനുള്ള വനം വകുപ്പ് നീക്കം ചോദ്യം ചെയ്ത് തിരുവനന്തപുരത്തെ ‘പീപ്പിൾ ഫോർ അനിമൽ’ സംഘടന നൽകിയ ഹരജിയിൽ ഈമാസം 23നാണ് അരിക്കൊമ്പനെ പിടിക്കുന്നത് കോടതി 29 വരെ തടഞ്ഞത്. എങ്കിലും ഒരുക്കം തുടരാൻ അനുമതി നൽകിയിരുന്നു. ദൗത്യം നിറവേറ്റാൻ സർവസന്നാഹവും പൂർത്തിയാക്കിയതായി വനം വകുപ്പ് അറിയിച്ചു. എട്ട് സംഘത്തെയാണ് ദൗത്യത്തിനായി നിയോഗിച്ചിരിക്കുന്നത്. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ (സി.സി.എഫ്) നരേന്ദ്ര ബാബു, ആർ.എസ്. അരുൺ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ദൗത്യം.
അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടിയാൽ കോടനാട്ടേക്ക് കൊണ്ടുപോകാനുള്ള വാഹനവും സജ്ജമാണ്. ദൗത്യമേഖലയായ ചിന്നക്കനാൽ സിമന്റ് പാലത്തിന് സമീപമാണ് അരിക്കൊമ്പനുള്ളതെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ. പെരിയകനാൽ എസ്റ്റേറ്റ് മേഖലയിലേക്ക് ആന തിരികെ പോകാതിരിക്കാനുള്ള മുൻകരുതലും വനം വകുപ്പ് സ്വീകരിച്ചു. വിധി അനുകൂലമാക്കാൻ അവശ്യമായ രേഖകൾ വകുപ്പ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
2005ന് ശേഷം 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തിട്ടുണ്ടെന്നും ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലായി 29 പേർ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നുമാണ് വനം വകുപ്പിന്റെ കണക്ക്. രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങളും കോടതിക്ക് കൈമാറി. അനുകൂല വിധി ഉണ്ടാകുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ.
പിടികൂടിയില്ലെങ്കിൽ റേഡിയോ കോളർ
മൂന്നാർ: ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച മൂന്നാറിൽ നടന്ന യോഗം ‘ഓപറേഷൻ അരിക്കൊമ്പൻ’ ദൗത്യത്തിന്റെ ഒരുക്കം വിലയിരുത്തി. ബുധനാഴ്ച ഉച്ചക്ക് രണ്ടിനാണ് കോടതി കേസ് പരിഗണിക്കുന്നത്. അതിന് ശേഷം മോക്ഡ്രിൽ പ്രായോഗികമല്ലെന്നതാണ് ഉപേക്ഷിക്കാൻ കാരണം. നിലവിലെ പദ്ധതി അനുസരിച്ച് സാഹചര്യങ്ങൾ അനുകൂലമെങ്കിൽ വ്യാഴാഴ്ച പുലർച്ച നാലിന് ദൗത്യം ആരംഭിക്കും. 4.30ന് മയക്കുവെടി വെക്കും.
ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ നാലംഗ സംഘത്തിനാണ് ഇതിന്റെ ചുമതല. വെടിയേറ്റ് മയങ്ങിയാൽ അരമണിക്കൂറിനകം കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ വാഹനത്തിൽ കയറ്റും. അരിക്കൊമ്പനെ പിടികൂടി കുങ്കിയാനയാക്കാനുള്ള നീക്കം കോടതി വിധിമൂലം തടസ്സപ്പെട്ടാൽ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനാണ് തീരുമാനം. ദൗത്യം നടപ്പാക്കാൻ അനുയോജ്യമായ സ്ഥലമെന്ന് കണ്ടെത്തിയ സിമന്റ്പാലം പ്രദേശത്ത് തന്നെയാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം അരിക്കൊമ്പൻ ഉണ്ടായിരുന്നത്. മറ്റ് രണ്ടാനകൂടി ഒപ്പമുണ്ടായിരുന്നു. യോഗത്തിൽ ദൗത്യത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ സംഘാംഗങ്ങൾക്ക് പരിചയപ്പെടുത്തിയതിനൊപ്പം ഓരോ സംഘത്തിന്റെയും തലവന്മാർ നിൽക്കേണ്ട സ്ഥലം നിശ്ചയിച്ച് നൽകുകയും ചെയ്തു. ഡോ. അരുൺ സക്കറിയയെ കൂടാതെ എ.സി.എഫ് ഷാൻട്രി ടോം, റേഞ്ച് ഓഫിസർ പി.വി. വെജി എന്നിവരും ദൗത്യസംഘത്തിലെ മറ്റംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
അരിക്കൊമ്പന് കേസ്: ഹൈകോടതിയില്‍ കക്ഷിചേര്‍ന്ന് ജോസ് കെ. മാണി
കോട്ടയം: ഇടുക്കി ചിന്നക്കനാൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഭീതിപടർത്തുന്ന അരിക്കൊമ്പനെന്ന ആനയെ പിടികൂടുന്ന വിഷയത്തിൽ ഹൈകോടതിയിൽ നിലനിൽക്കുന്ന കേസിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി കക്ഷിചേർന്നു. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട കേസിലാണ് അരിക്കൊമ്പനെ ഈമാസം 29 വരെ മയക്കുവെടി വെച്ച് പിടികൂടരുതെന്ന ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് ഉണ്ടായത്.
കേരളമെമ്പാടും നടന്ന വന്യജീവി ആക്രമണങ്ങളുടെ വിശദാംശങ്ങളും വന്യജീവി ആക്രമണങ്ങളിൽനിന്ന് മനുഷ്യന് ലഭിക്കേണ്ട സംരക്ഷണം കാലോചിതമായി നടപ്പാക്കത്തതിനാൽ സംഭവിക്കുന്ന ബുദ്ധിമുട്ടുകളും കേസിൽ കക്ഷിചേർന്ന് ജോസ് കെ. മാണി ചൂണ്ടിക്കാട്ടി. തന്റെയോ കൃഷിയിടത്തിന്റെയോ സംരക്ഷണത്തിനായി വന്യമൃഗത്തെ കൊല്ലേണ്ടി വന്നാൽ അയാൾക്ക് വന്യജീവി സംരക്ഷണ നിയമം ഒരു സംരക്ഷണവും നൽകാത്തത് നിർഭാഗ്യകരമാണ്.
അയാളെ ശിക്ഷിച്ച് ജയിലിലിടുന്ന നിയമം 21ാം അനുച്ഛേദത്തിന്റെ നഗ്നമായ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.