തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കുന്നതിൽ തന്ത്രിമാരുടെ അഭിപ്രായം തേടാൻ തീരുമാനം. ക്ഷേത്രം ഭരണസമിതിയുടെയും ഉപദേശക സമിതിയുടെയും സംയുക്ത യോഗത്തിലാണ് വീണ്ടും നിലവറ തുറക്കൽ ചർച്ചയായത്. ഉപദേശക സമിതിയിലെ സംസ്ഥാന സർക്കാറിന്റെ പ്രതിനിധി വേലപ്പൻനായരാണ് നിലവറ തുറന്ന് പരിശോധിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഭരണസമിതിക്ക് തീരുമാനമെടുക്കാമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. വ്യാഴാഴ്ച ചേർന്ന യോഗത്തിൽ അഞ്ചംഗ ഭരണസമിതിയിലെ അംഗമായ തന്ത്രി പങ്കെടുത്തിരുന്നില്ല. ആദിത്യവർമയായിരുന്നു രാജകുടുംബ പ്രതിനിധി.
തുറക്കൽ ആചാരപരമായ കാര്യംകൂടിയായതിനാൽ തന്ത്രിമാരുടെ അഭിപ്രായം തേടാൻ യോഗം തീരുമാനിക്കുകയായിരുന്നു. ആചാരപ്രശ്നം ഉയർത്തിയാണ് ‘ബി’ നിലവറ തുറക്കലിനെ തുടക്കംമുതൽ രാജകുടുംബം എതിർക്കുന്നത്. തന്ത്രിമാരുടെ നിലപാട് അറിഞ്ഞശേഷം വീണ്ടും ഭരണസമിതി ചർച്ചചെയ്താകും നിലവറ തുറക്കലിൽ അന്തിമതീരുമാനമെടുക്കുക. എ, ബി, സി, ഡി, ഇ, എഫ് നിലവറകളിലാണ് ശ്രീപത്മനാഭന്റെ ശ്രീകോവിലിന് ചുറ്റുമായി സമർപ്പണ ശേഖരം സൂക്ഷിച്ചിരുന്നത്.
2011 ജൂൺ 27നാണ് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കോടതി നിയോഗിച്ച ഏഴംഗ സംഘം ക്ഷേത്രത്തിലെ നിലവറകൾ പരിശോധിക്കാൻ ആരംഭിച്ചത്. ഇ, എഫ് നിലവറകളിൽ നിത്യപൂജക്കുള്ള സാമഗ്രികളാണ്. അവ ദിവസവും തുറക്കാറുണ്ട്. സി, ഡി നിലവറകളിൽ വിശേഷാവസരങ്ങളിൽ ആവശ്യമുള്ളവയാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതും ഇടയ്ക്കിടെ തുറക്കും.
കോടതി ഉത്തരവിനെ തുടർന്ന് എ നിലവറ തുറന്നു. പരിശോധകരെ അതിശയിപ്പിച്ച സ്വർണത്തിളക്കമായിരുന്നു ഉണ്ടായിരുന്നത്. അരയന്നത്തിന്റെ മാതൃകയിലുള്ള മാലകൾ, വിജയനഗര സാമ്രാജ്യത്തിന്റെ ചിഹ്നം പതിച്ച എഴുനൂറിലേറെ പതക്കങ്ങൾ, സ്വർണച്ചിരട്ടകൾ, പേൾ മുത്തുകളുടെ കൂമ്പാരം, അഞ്ച്, ആറ് തട്ടുകളുള്ള സ്വർണവിളക്കുകൾ, രത്നങ്ങൾ, പന്ത്രണ്ടിലേറെ സ്വർണത്താമരപ്പൂക്കൾ, വിവിധതരം മാലകൾ, രത്നങ്ങൾ പതിച്ച കൈക്കെട്ടുകൾ, വിഷ്ണുപാദം, രാമപാദം പതക്കങ്ങൾ, വളകൾ, കിരീടങ്ങൾ, നാഗപടം താലി, അമൂല്യരത്നങ്ങൾ പതിച്ച പത്മനാഭന്റെ അരപ്പട്ട, ഉടയാട, തോൾവളകൾ, രത്നങ്ങൾ പതിപ്പിച്ച മോതിരങ്ങൾ, 18 അടി നീളമുള്ള തങ്ക അങ്കി, വൈഡൂര്യമുൾപ്പെടെ രത്നങ്ങൾ പതിപ്പിച്ച ഒന്നരയടി പൊക്കമുള്ള കിരീടം തുടങ്ങിയവ കണ്ടെത്തി.
എ നിലവറയിലുള്ളതിനെക്കാൾ പതിന്മടങ്ങ് അമൂല്യശേഖരം ബി നിലവറയിലുണ്ടാകുമെന്നാണ് കരുതുന്നത്. ഇതുവരെ തുറന്നുപരിശോധിക്കാത്ത ‘ബി’ നിലവറ ഭരതക്കോണിലാണ്. അഗസ്ത്യമുനിയുടെ സമാധിസങ്കൽപ്പവും ഇതിലുണ്ട്. രണ്ട് തട്ടായാണ് നിലവറ. ഗർഭഗൃഹത്തിന്റെ അടിവരെ നിലവറ എത്തുമെന്നാണ് വിശ്വാസം. 2011 ജൂൺ 30ന് ഇതിന്റെ രണ്ടാംവാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ ജസ്റ്റിസ് സി.എസ്. രാജന്റെ കാല് മുറിഞ്ഞ് നിലവറയിൽ രക്തം വീണു. അതോടെ നിലവറ തുറക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ബി ഒരിക്കലും തുറന്നിട്ടില്ലെന്നാണ് വാദം. എന്നാൽ, 1990 ലും 2002 ലുമായി ഏഴുതവണ തുറന്നിട്ടുണ്ടെന്ന് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഓഡിറ്റര്‍ വിനോദ് റായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, നിലവറയുടെ ആദ്യ അറ മാത്രമേ തുറന്നിട്ടുള്ളൂവെന്നാണ് രാജകുടുംബത്തിന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.