വി.ഡി സതീശന് വേണ്ടി രാഹുൽ ഗാന്ധിക്ക് തുറന്ന കത്ത്; കൂടാതെ, സമൂഹ മാധ്യമ പ്രചാരണവും സജീവം

തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രിച്ചർച്ച കൊടുമ്പിരിക്കൊള്ളുന്നതിനിടെ വി.ഡി സതീശനുവേണ്ടി സമൂഹ മാധ്യമ പ്രചാരണം സജീവം. രാഹുൽ ഗാന്ധിക്കും കെ.സി വേണുഗോപാലിനും തുറന്ന കത്തെഴുത്തും സൈബർ നീക്കങ്ങളുമാണ് സമാന്തരമായി നടക്കുന്നത്. കേരളത്തിലെ 102 സീറ്റുകളുടെ ചരിത്രവിജയം കൃത്യമായ രാഷ്ട്രീയ സന്ദേശമാണെന്നും അതിന്‍റെ കേന്ദ്രബിന്ദു പ്രതിപക്ഷ പ്രചാരണത്തിന്റെ മുഖമായിരുന്ന വി.ഡി. സതീശനാണെന്നും ‘കൺസേൺഡ് സിറ്റിസൺസ് ഓഫ് കേരള’ എന്ന പേരിൽ രാഹുൽ ഗാന്ധിക്കയച്ച തുറന്ന കത്തിൽ ചൂണ്ടിക്കാട്ടുന്നു.

വർഷങ്ങളായി ജനങ്ങളുടെ രോഷവും ഉത്കണ്ഠകളും അഭിലാഷങ്ങളും പ്രതിഫലിപ്പിച്ച ശബ്ദമാണ് സതീശന്‍റേത്. കോൺഗ്രസിന് പുറത്തുള്ളവർപോലും ഈ വിജയത്തിൽ അദ്ദേഹത്തിന്റെ വ്യക്തിമുദ്രയുണ്ടെന്ന് വിശ്വസിക്കുന്നു. ഈ വിജയം വെറും അടവുനയങ്ങൾകൊണ്ട് മാത്രം ഉണ്ടായതല്ല. വർഷങ്ങളായുള്ള രാഷ്ട്രീയ ഇടപെടലുകൾ, ജനകീയ സമരങ്ങൾ, പ്രതിപക്ഷവും സമൂഹവും തമ്മിലുള്ള വിശ്വാസം വീണ്ടെടുക്കൽ എന്നിവയിലൂടെ കെട്ടിപ്പടുത്തതാണ്. സാധാരണക്കാരെ ഭരണകൂടം അവഗണിച്ചപ്പോൾ, രാഷ്ട്രീയ സംവേദനക്ഷമതയോടെയും ധാർമിക വ്യക്തതയോടെയും അവർക്കൊപ്പം നിന്നത് സതീശനാണ്.

വി.എസ്. അച്യുതാനന്ദന് മത്സരിക്കാൻ അവസരം നിഷേധിച്ചപ്പോൾ, സി.പി.എം പോലുള്ള ഒരു കേഡർ പാർട്ടിക്ക് അവരുടെ തീരുമാനം മാറ്റേണ്ടി വന്ന നാടാണിത്. ജനകീയ വികാരം എപ്പോഴും ഒരു ധാർമിക ശക്തിയാണ്. പോരാട്ടത്തിലൂടെയും ജനസമ്മതിയിലൂടെയും രാഷ്ട്രീയ അംഗീകാരം നേടിയവരെ തഴയാനുള്ള ശ്രമങ്ങളെ ജനങ്ങൾ സഹജമായിതന്നെ പ്രതിരോധിക്കുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

മുതിർന്ന മാധ്യമപ്രവർത്തകനും കോളമിസ്റ്റുമായ എ.ജെ ഫിലിപ് കെ.സി വേണുഗോപാലിനാണ് തുറന്ന കത്തെഴുതിയത്. കെ.സി വേണുഗോപാൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ ജനറൽ സെക്രട്ടറിയാണെന്നും കേരളത്തിലെ പാർട്ടിയുടെ വിജയത്തിന്‍റെ ക്രെഡിറ്റ് അവകാശപ്പെടുന്നുണ്ടെങ്കിൽ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ പാർട്ടിയുടെ പരാജയത്തിന്‍റെ ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്നാണ് കത്തിന്‍റെ ഉള്ളടക്കം.

‘‘ജനങ്ങൾ താങ്കൾക്കോ അല്ലെങ്കിൽ കോൺഗ്രസിനോ വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണ്. പിണറായി വിജയന്‍റെ ഭരണശൈലിക്കും രീതികൾക്കും എതിരെയാണ് അവർ വോട്ട് ചെയ്തത്. താങ്കൾ മുഖ്യമന്ത്രിയായാൽ, രണ്ട് ഉപതെരഞ്ഞെടുപ്പുകൾ ഉണ്ടാകും-ഒന്ന് ആലപ്പുഴ ലോക്‌സഭാ സീറ്റിലേക്കും മറ്റൊന്ന് താങ്കൾക്കായി കോൺഗ്രസ് എം.എൽ.എ ഒഴിയേണ്ടി വരുന്ന നിയമസഭാ സീറ്റിലേക്കും. ഇനി ഏതെങ്കിലും സാഹചര്യത്തിൽ പരാജയപ്പെട്ടാൽ യു.ഡി.എഫ് അങ്കലാപ്പിലാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Open letter to Rahul Gandhi on behalf of V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.