ഉമ്മന്‍ ചാണ്ടിയുടെ അസാന്നിധ്യം ഉറപ്പായിരിക്കെ ഇന്ന് കോണ്‍ഗ്രസ് യോഗങ്ങള്‍

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ അസാന്നിധ്യം ഏറെക്കുറെ ഉറപ്പായിരിക്കെ കോണ്‍ഗ്രസിലെ നിര്‍ണായകമായ രണ്ട് യോഗങ്ങള്‍ ശനിയാഴ്ച തലസ്ഥാനത്ത് നടക്കും. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം രാവിലെ 10നും പുതിയ ഡി.സി.സി അധ്യക്ഷന്മാര്‍ നിയമിതരായശേഷമുള്ള ആദ്യയോഗം വൈകീട്ട് നാലിനും ഇന്ദിര ഭവനില്‍ ചേരും. ഡി.സി.സി പ്രസിഡന്‍റ് നിയമനത്തെതുടര്‍ന്ന് ഇടഞ്ഞ ഉമ്മന്‍ ചാണ്ടി രണ്ട് യോഗങ്ങളിലും പങ്കെടുക്കില്ല. സ്വകാര്യചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹം ശനിയാഴ്ച കോട്ടയത്തായിരിക്കുമെന്നാണ് സൂചന. കോണ്‍ഗ്രസിലെ പടലപ്പിണക്കം കാരണം ഏറെക്കാലത്തിനുശേഷമാണ് രാഷ്ട്രീയകാര്യസമിതി യോഗം ചേരുന്നത്. ആനുകാലിക രാഷ്ട്രീയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. പങ്കെടുക്കുന്നില്ളെങ്കില്‍ ഉമ്മന്‍ ചാണ്ടിയുടെ അസാന്നിധ്യംതന്നെയായിരിക്കും ശ്രദ്ധേയം.

ഉമ്മന്‍ ചാണ്ടിയെ അനുനയിപ്പിക്കാന്‍ ഇതിനകം ഹൈകമാന്‍ഡ് ഇടപെട്ടതിനാല്‍ ആ നിലയില്‍ യോഗം പ്രക്ഷുബ്ദമാകാന്‍ സാധ്യത കുറവാണ്. എന്നാല്‍, അദ്ദേഹത്തെ പ്രവര്‍ത്തനരംഗത്ത് സജീവമായി രംഗത്തിറക്കാന്‍ യോഗത്തില്‍ ആവശ്യമുയരും. പാര്‍ട്ടിയും മുന്നണിയും നടത്തുന്ന സമരങ്ങള്‍ക്ക് ശക്തികുറവാണെന്ന വിമര്‍ശനവും ഉയരാനിടയുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ സമരം സംബന്ധിച്ചും ചര്‍ച്ചയുണ്ടാകും. കെ. മുരളീധരന്‍-രാജ്മോഹന്‍ ഉണ്ണിത്താന്‍ ഏറ്റുമുട്ടല്‍ ചര്‍ച്ചയാകും. ഉദ്യോഗസ്ഥപ്പോര്, റേഷന്‍ വിഷയം, നോട്ട് പിന്‍വലിക്കല്‍ തുടങ്ങിയവയും ഇവയില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടും ചര്‍ച്ചചെയ്യും. പാര്‍ട്ടിയുടെ പുന$സംഘടന സംബന്ധിച്ച ചര്‍ച്ചയും ഉണ്ടാകും.

പുതിയ ഡി.സി.സി അധ്യക്ഷ നിയമനത്തിനുശേഷം ആദ്യമാണ് യോഗം ചേരുന്നത്. നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച് കേന്ദ്ര ഓഫിസുകള്‍ക്ക് മുന്നില്‍ നടത്തിയ സമരം വിജയിച്ചതിന്‍െറ ആത്മവിശ്വാസത്തിലാണ് ഡി.സി.സി അധ്യക്ഷന്മാര്‍ യോഗത്തിനത്തെുന്നത്. സമരം സംബന്ധിച്ച് രാഷ്ട്രീയകാര്യസമിതി എടുക്കുന്ന തീരുമാനം നടപ്പാക്കുന്നതിനെ കുറിച്ച് യോഗത്തില്‍ ചര്‍ച്ചവരും.

Tags:    
News Summary - oommen chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.