തിരുവനന്തപുരം: സ്കൂൾ പരീക്ഷകളിൽ എല്ലാ വിദ്യാർഥികളെയും ഇങ്ങനെ പാസാക്കേണ്ട കാര്യമില്ലെന്നും അക്ഷര പരിചയവും അക്ക പരിചയവും ഉള്ളവരെ മാത്രമേ ജയിപ്പിക്കേണ്ടതുള്ളൂവെന്നും സ്പീക്കർ എ.എൻ. ഷംസീർ. വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പത്താം ക്ലാസിൽ എല്ലാവർക്കും എ പ്ലസ് കൊടുക്കുകയാണ്. പ്ലസ് വൺ പ്രവേശനം കിട്ടാത്തപ്പോൾ സീറ്റിനായി വിദ്യാർഥികൾ എം.എൽ.എമാരെ തേടിവരികയാണ്. ഞങ്ങൾ എവിടുന്ന് സീറ്റുണ്ടാക്കി കൊടുക്കാനാണെന്നും സ്പീക്കർ ചോദിച്ചു. സ്കൂളുകളിൽ ശനിയാഴ്ച ക്ലാസ് വെച്ചാൽ എന്താണ് പ്രശ്നമെന്നും എത്ര അധ്യാപകർ ഈ നിർദേശം അംഗീകരിക്കുമെന്നും അദ്ദേഹം ചോദിച്ചു. മത്സരപ്പരീക്ഷകളിൽ സംസ്ഥാന സിലബസിലുള്ള കുട്ടികളുടെയും സെൻട്രൽ സിലബസുകളിലെയും കുട്ടികളുടെ പ്രകടനം വിലയിരുത്തണം. ഏൽപിച്ച ഉത്തരവാദിത്തം നിർവഹിക്കാൻ അധ്യാപകർ തയാറാകണം.
വിദ്യാഭ്യാസ മേഖലക്കകത്ത് നടക്കുന്ന മാറ്റങ്ങൾക്കനുസൃതമായി സ്വയം നവീകരിക്കാൻ അധ്യാപകർ തയാറാകണം. നിർമിതബുദ്ധിയുടെ (എ.ഐ) പ്രയോഗത്തിന് നിയന്ത്രണങ്ങൾ വേണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും സ്പീക്കർ പറഞ്ഞു. ഇത്തവണത്തെ വാർഷിക പരീക്ഷയിൽ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികളുടെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്തി വിദ്യാർഥികൾക്ക് വീട്ടിലേക്ക് കൊടുത്തുവിടണമെന്ന് അധ്യക്ഷത വഹിച്ച വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഉത്തരപേപ്പറുകൾ വീട്ടുകാരെക്കൊണ്ട് സാക്ഷ്യപ്പെടുത്തണം. ചില അധ്യാപകരെങ്കിലും വാർഷിക പരീക്ഷയുടെ ഉത്തരക്കടലാസുകൾ മറിച്ചുനോക്കാതിരിക്കുകയും മാർക്കിടാതിരിക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ, കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ എസ്. ഷാനവാസ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ആർ.കെ. ജയപ്രകാശ്, എസ്.ഐ.ഇ.ടി ഡയറക്ടർ അബുരാജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.