കൊച്ചി: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപിക്കുമ്പോൾ ഒരുവർഷത്തിനുള്ളിൽ കേരളത്തിൽ നിർജീവമാക്കിയത് 3251 ബാങ്ക് അക്കൗണ്ടുകളും 3,339 മൊബൈൽ സിം കാർഡുകളും. തട്ടിപ്പിനുപയോഗിച്ചെന്ന് വിവിധ പരാതികളിൽ രജിസ്റ്റർ ചെയ്ത കേസുകളിലൂടെയും സൈബർ പട്രോളിങ്ങിലൂടെയും കണ്ടെത്തിയ അക്കൗണ്ടുകളും സിം കാർഡുകളുമാണിത്.
കൂടാതെ 5175 മൊബൈൽ ഫോണുകളും 1475 വെബ്സൈറ്റുകളും 158 അനധികൃത ഓൺലൈൻ ലോൺ ആപ്പുകളും പൊലീസ് നിർജ്ജീവമാക്കിയതിൽ ഉൾപ്പെടുന്നു. ജനങ്ങളുടെ സാമ്പത്തിക പ്രയാസം ചൂഷണം ചെയ്താണ് ഓൺലൈൻ തട്ടിപ്പുകാർ വിലസുന്നത്. ഉടൻ പണം ലഭ്യമാക്കുന്ന ലോൺ ആപ്പുകളിലേക്ക് തുക മടക്കി നൽകുമ്പോഴാണ് കുടുങ്ങിയതായി ഉപഭോക്താവ് മനസ്സിലാക്കുക. എത്ര പണം നൽകിയാലും വീണ്ടും ആവശ്യപ്പെടുകയും വായ്പയെടുത്തയാളുടെ ചിത്രങ്ങളും മറ്റും ദുരുപയോഗം ചെയ്ത് അപകീർത്തിപ്പെടുത്തുകയുമാണ് രീതി. തട്ടിപ്പിൽ അകപ്പെട്ടവർ ആത്മഹത്യ ചെയ്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴി തൊഴിൽ അന്വേഷിക്കുന്നവരെ കുടുക്കി പണം തട്ടുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
സൈബർ തട്ടിപ്പുകൾ തടയാൻ വിപുലമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം നൽകുന്നതിനായി 7000 സൈബർ വളന്റിയർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.