വൈദ്യുതിയോ ഇന്‍റര്‍നെറ്റോ നിലച്ചാല്‍ ഇനി ആധാരങ്ങളുടെ രജിസ്ട്രേഷന്‍ നടക്കില്ല

തിരുവനന്തപുരം: രജിസ്ട്രാറുടെ മേശപ്പുറത്തെ പണപ്പെട്ടി ഇല്ലാതാക്കാന്‍ രജിസ്ട്രേഷന്‍ വകുപ്പ് നടപ്പാക്കുന്ന ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഫീസ് പദ്ധതിക്ക് ആവശ്യമായ മുന്നൊരുക്കം നടത്താത്തതിനാല്‍ നെട്ടോട്ടമോടേണ്ട ഗതികേടിലാണ് ജനം. തലസ്ഥാന ജില്ലയിലെ ശാസ്തമംഗലം, നേമം, ചാല, പട്ടം, തിരുവല്ലം സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ഈമാസം അഞ്ചിന് ആരംഭിച്ച ഓണ്‍ലൈന്‍ ഫീസ് പദ്ധതിക്കെതിരെ നിരവധി പരാതി ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

വസ്തുകൈമാറ്റത്തിന് ഈടാക്കുന്ന രജിസ്ട്രേഷന്‍ ഫീസിന് ഇ-പേമെന്‍റ് സംവിധാനം നിലവില്‍ വന്നെങ്കിലും സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ സുഗമമായ പ്രവര്‍ത്തനത്തിന് പര്യാപ്തമായ സൗകര്യങ്ങളില്ല. വൈദ്യുതി നിലച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍തന്നെ കമ്പ്യൂട്ടറുകളും മറ്റും നിലക്കുന്ന ഓഫിസുകളാണ് സംസ്ഥാനത്തുള്ളത്. ഒരുമണിക്കൂര്‍പോലും വൈദ്യുതി നല്‍കാന്‍ ശേഷിയില്ലാത്ത ഇന്‍വെര്‍ട്ടറുകളാണ് മിക്കയിടത്തും ഉള്ളത്. ഇത്തരം ഓഫിസുകള്‍ ഉള്‍പ്പെടെയാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഫീസ് പദ്ധതി നടപ്പാക്കുന്നത്. അടുത്തമാസംതന്നെ സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫിസിലും രജിസ്ട്രേഷന്‍ ഫീസ് ഇ-പേമെന്‍റ് വഴിയാക്കാനാണ് നീക്കം.

കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്ന ആധാരം ഓണ്‍ലൈന്‍ ടോക്കണ്‍ എടുത്തശേഷം സബ് രജിസ്ട്രാര്‍ ഓഫിസില്‍ എത്തിക്കുമ്പോള്‍ രജിസ്റ്ററിങ് ഉദ്യോഗസ്ഥന്‍ പരിശോധന നടത്തി സബ് രജിസ്ട്രാര്‍ ഓഫിസില്‍ ഫീസ് ഈടാക്കി രജിസ്ട്രേഷന്‍ നടക്കുന്നതാണ് നിലവിലെ രീതി. പുതിയ സംവിധാനത്തില്‍  രജിസ്ട്രേഷന്‍ ഫീസും ഓണ്‍ലൈന്‍വഴി അടക്കണം. ഇതുമായി സബ് രജിസ്ട്രാര്‍ ഓഫിസില്‍ എത്തണം. ഇവിടെ നെറ്റ് തകരാറിലായാല്‍ എല്ലാം കുഴയും. നേരത്തേ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് ടോക്കണ്‍ എടുത്തശേഷം ഫീസ് രജിസ്ട്രേഷന്‍  ഓഫിസില്‍ അടച്ചാല്‍ മതിയായിരുന്നു. പുതിയ സാഹചര്യത്തില്‍ നെറ്റ് തകരാറുണ്ടായാല്‍ ആധാരങ്ങള്‍ മടക്കി അയക്കാനേ ഉദ്യോഗസ്ഥന് നിര്‍വാഹമുള്ളൂ. തിരുവനന്തപുരത്തുതന്നെ ഫീസ് അടച്ചശേഷം രജിസ്ട്രേഷന് എത്തിയപ്പോള്‍ വകുപ്പിന്‍െറ അക്കൗണ്ടില്‍ പണം എത്താത്തതിനത്തെുടര്‍ന്ന് രജിസ്ട്രേഷന് എത്തിയവര്‍ വലഞ്ഞു.

രജിസ്ട്രേഷന്‍ നടക്കാതെ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടതായും വന്നു. സെര്‍വര്‍ തകരാറും നെറ്റ് തടസ്സവും കാരണം ആറുമാസം മുമ്പ് നിരവധി സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ പ്രവര്‍ത്തനം താളം തെറ്റിയിരുന്നെങ്കിലും ആധാരങ്ങളുടെ രജിസ്ട്രേഷന്‍ തടസ്സപ്പെട്ടിരുന്നില്ല. ബാധ്യത സര്‍ട്ടിഫിക്കറ്റുകള്‍ക്കും പകര്‍പ്പുകള്‍ക്കും ഫീസ് ഈടാക്കുന്ന സംവിധാനത്തിലൂടെ വസ്തുകൈമാറ്റ രജിസ്ട്രേഷനുംകൂടി നടപ്പാക്കിയാല്‍ ആധാരങ്ങളുടെ രജിസ്ട്രേഷന്‍ തടസ്സപ്പെടാതെ സുഗമമായി നടക്കുമെന്നാണ് മിക്കവരുടെയും അഭിപ്രായം.  

 

Tags:    
News Summary - online registration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.