'ഓൺലൈനിൽ ടാസ്ക് തരും, പൂർത്തിയാക്കിയാൽ ഉടൻ പണം'; തട്ടിപ്പിൽ യുവതിക്ക് നഷ്ടം 6.18 ലക്ഷം, പ്രതികൾ കൊച്ചിയിൽ പിടിയിൽ

കൊച്ചി: ഓൺലൈനിൽ 'ടാസ്ക്' നൽകി തൊടുപുഴ സ്വദേശിനിയുടെ 6.18 ലക്ഷം രൂപ തട്ടിയ കേസിൽ നാല് പ്രതികൾ പിടിയിൽ. എറണാകുളം സ്വദേശികളായ ഫാരിസ് (24), ബന്ധു റമീസ് (22), ഫസൽ (21), സംഗീത് (22) എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ പണം തട്ടിയെടുത്ത് നിക്ഷേപിച്ച അക്കൗണ്ട് പിന്തുടർന്നാണ് പ്രതികളിലേക്കെത്തിയത്.

തൊടുപുഴ സ്വദേശിനിയായ യുവതിക്ക് ടെലഗ്രാമിലൂടെയാണ് തട്ടിപ്പ് സന്ദേശം ലഭിച്ചത്. ആമസോണിന്‍റെ പേരിലുള്ള വ്യാജ ലിങ്കായിരുന്നു ഇവർക്ക് കിട്ടിയത്. ഇതിൽ ക്ലിക്ക് ചെയ്ത് വന്ന സൈറ്റിൽ ചെറിയ ടാസ്കുകൾ പൂർത്തിയാക്കാനുള്ള നിർദേശമാണുണ്ടായിരുന്നത്. ടാസ്ക് പൂർത്തിയായാൽ ഉടൻ പണം ലഭിക്കും.

ആദ്യം നിശ്ചിത തുക അടച്ച് വേണം ടാസ്കുകൾ പൂർത്തിയാക്കാൻ. പൂർത്തിയാക്കിയാൽ ഇരട്ടി തുക ലഭിക്കും. ഇങ്ങനെ വാഗ്ദാനം ചെയ്താണ് യുവതിയുടെ 6.18 ലക്ഷം തട്ടിയത്. ടാസ്ക് പൂർത്തിയാക്കി ലഭിച്ച തുക ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തെന്നാണ് തട്ടിപ്പുകാർ യുവതിയെ വിശ്വസിപ്പിച്ചിരുന്നത്. ഇതിന്‍റെ മെസ്സേജും അയച്ചുനൽകി.

എന്നാൽ, ബാങ്കിൽ ബന്ധപ്പെട്ടപ്പോഴാണ് അക്കൗണ്ടിൽ തുകയൊന്നും വന്നിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെ താൻ തട്ടിപ്പിനിരയായെന്ന് മനസ്സിലായ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

തട്ടിപ്പിന് പിന്നിൽ വലിയ സംഘമുണ്ടോ, കൂടുതൽ പേർ തട്ടിപ്പിനിരയായോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. 

Tags:    
News Summary - online money scam thodupuzha lady lost 6.18 lak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.