തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ടുണ്ടായ റെയ്ഡുകൾ പി.എ മുഹമ്മദ് റിയാസിനെ ലക്ഷ്യമിട്ടുള്ള ഇ.ഡിയുടെ രാഷ്ട്രീയ നീക്കമെന്ന് സി.പി.എം. കേസിലേക്ക് റിയാസിനെ ബന്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സുഹൃത്തുക്കളുടെ വീടുകളിലടക്കം റെയ്ഡ് നടത്തിയതെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നുമാണ് പാർട്ടി നിലപാട്. ഇക്കാര്യം പാർട്ടി സെക്രട്ടറി വ്യക്തമാക്കുകയും ചെയ്തു.
റിയാസുമായുള്ള പരിചയത്തിന്റെ പേരിൽ കോഴിക്കോട് ഒമ്പത് ഇടങ്ങളിലാണ് റെയ്ഡ് നടന്നതെന്നും സി.പി.എം നേതാക്കളുമായി ബന്ധമുള്ളവരെ കടന്നാക്രമിക്കാൻ പുകമറ സൃഷ്ടിക്കുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. പാർട്ടി വിരുദ്ധ മനസ്സ് രൂപപ്പെടുത്തി പുകമറച്ച് സൃഷ്ടിച്ച് കടന്നാക്രമിക്കാനാണ് ശ്രമം. ഇ.ഡി കേസ് രാഷ്ട്രീയമായി വരുമ്പോൾ രാഷ്ട്രീയമായി നേരിടുസ്യാണ് പാർട്ടി നിലപാട്. അത് റിയാസിനെതിരെയായാലും പാർട്ടിയുടെ ജില്ലാ ഭാരവാഹിക്കെതിരെയായാലും ശരി. ഈ ഘട്ടത്തിൽ രാഷ്ട്രീയമായി നേരിടുന്നതിൽ വിട്ടുവീഴ്ച ചെയ്യേണ്ട ആവശ്യമില്ലെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.
മാസപ്പടി കേസിൽ വ്യത്യസ്ത സമീപനമാണ് സി.പി.എം വിവിധ ഘട്ടങ്ങളിൽ സ്വീകരിച്ചത്. രണ്ട് കമ്പനികൾ തമ്മിലെ കരാറും പണമിടപാടും എന്നതായിരുന്നു തുടക്കത്തിന്റെ നിലപാട്. പിന്നീട് പ്രതിപക്ഷ നേതാക്കൾക്ക് നേരെയുള്ള കേന്ദ്രത്തിന്റെ രാഷ്ട്രീയ കടന്നാക്രമണമെന്നായി. വിവിധ തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ കേന്ദ്ര ഏജൻസികളിൽ നിന്ന് നീക്കമുണ്ടായപ്പോഴെല്ലാം ഈ നിലപാടാണ് സി.പി.എം ഉയർത്തിപ്പിടിച്ചത്.
പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ നടന്ന ഇ.ഡി റെയ്ഡോടെ ഇത് ശക്തമാക്കുകയും ചെയ്തു. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കയ്യേറ്റം നടന്ന ഈ സമരത്തെ കുറിച്ച് ‘‘റെയ്ഡിനെതിരെ സംസ്ഥാനത്ത് ഉയർന്ന പ്രതിഷേധം ജനകീയ പോരാട്ടങ്ങളിലൂടെ മുന്നോട്ടുവരുന്ന പാർട്ടിയുടെ കരുത്താണ്’’ എന്നാണ് സി.പി.എം അവലോകന റിപ്പോർട്ട് വിശേഷിപ്പിച്ചത്. എന്നാൽ പിന്നീട് അതിൽ നിന്ന് പിന്നാക്കംപോയി. ‘‘അഞ്ചെട്ട് മണിക്കൂർ പ്രതിഷേധം നീണ്ടപ്പോഴുള്ള സ്വാഭാവിക പ്രതികരണമാണ് അവസാനമുണ്ടായതെന്നും അത്തരം പ്രതിഷേധങ്ങൾ ഉണ്ടാവാൻ പാടില്ലായിരുന്നുവെന്നുമായിരുന്നു’’ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാട് മാറ്റം.
ഇ.ഡി കേസിൽ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവർതന്നെ നോക്കുമെന്നുകൂടി കൂട്ടിച്ചേർത്തിരുന്നു. ഇതിന് ശേഷമാണ് വീണ്ടും രാഷ്ട്രീയ നീക്കമാണെന്നും രാഷ്ട്രീയമായി നേരിടുമെന്നുമുള്ള ഇപ്പോഴത്തെ സമീപനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.