പ്രതീകാത്മക ചിത്രം
പോത്തൻകോട്: വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞ് അജ്ഞാത വാഹനമിടിച്ചു മരിച്ചു. പി.എം.ജി എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിലെ ജീവനക്കാരൻ വേങ്ങോട് കിഴക്കുംകര പുത്തൻ വീട്ടിൽ അബ്ദുൽറഹീമിന്റെയും പകൽക്കുറി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ഫസ്നയുടെയും മകൻ റയ്യാൻ (ഒന്ന്) ആണ് മരിച്ചത്. കുട്ടിയെ ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞിട്ടില്ല. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് അപകടം.
അയൽവാസിയായ ഓട്ടോ ഡ്രൈവർ അബ്ദുൽ സലാമാണ് വീട്ടിനുമുന്നിലെ റോഡിൽ അപകടത്തിൽ പരിക്കേറ്റ് കിടക്കുന്ന കുട്ടിയെ ആദ്യം കണ്ടത്. ചെവിയിൽ നിന്നും മൂക്കിൽ നിന്നും ചോര വാർന്ന നിലയിലും തലയുടെ പിൻ ഭാഗത്ത് പരിക്കേറ്റ നിലയിലുമാണ് കുഞ്ഞിനെ കണ്ടത്. ഉടൻ തന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ ഉപ്പുപ്പയും ഉമ്മയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞിട്ടില്ല.
കുഞ്ഞിനെ പരിക്കേറ്റ നിലയിൽ കാണുന്നതിന് തൊട്ടുമുമ്പ് ഒരു കാർ കടന്നുപോയതായി അബ്ദുസ്സലാം പൊലീസിനോട് പറഞ്ഞു. പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഐഷാ ഫാത്തിമ, റൈഹാൻ എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.