പേരാമ്പ്ര: നിപ വൈറസ് ബാധയേറ്റുള്ള സംസ്ഥാനത്തെ ആദ്യ മരണത്തിന് ഒരാണ്ട് തികയുന്നു. കഴിഞ്ഞ േമയ് അഞ്ചിനാണ് പന്തിരിക്കര സൂപ്പിക്കടയിലെ വളച്ചുകെട്ടി മുഹമ്മദ് സാബിത്തിനെ നിപ കീഴടക്കിയത്. മരണകാരണം നിപയാണെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. 12 ദിവസത്തിനു ശേഷം ഇതേ രോഗലക്ഷണത്തോടെ സഹോദരൻ സ്വാലിഹിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചപ്പോഴാണ് നിപ വൈറസിെൻറ സാന്നിധ്യം സംശയിച്ചത്. മേയ് 18ന് സ്വാലിഹ് മരിച്ചു. 20ന് നിപ സ്ഥിരീകരിക്കുകയും ചെയ്തു.
തുടർന്നുള്ള ഒരു മാസക്കാലം സൂപ്പിക്കട ഗ്രാമവും കോഴിക്കോട് ജില്ലയും കേരളവും ലോകത്തിെൻറ ശ്രദ്ധാകേന്ദ്രമായി. നിപ വൈറസിനെ പേടിച്ച് ആളുകൾ പുറത്തിറങ്ങാത്ത ഭയാനകമായ അവസ്ഥയായിരുന്നു. മധ്യവേനൽ അവധികഴിഞ്ഞ് സ്കൂൾ തുറക്കുന്നത് നീട്ടിവെച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ഉൾപ്പെടെ ജില്ലയിലെ ആശുപത്രികളിലൊന്നും രോഗികളെത്താത്ത അവസ്ഥ.
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 18 ജീവനുകളാണ് നിപ അപഹരിച്ചത്. സാബിത്ത് ചികിത്സ തേടിയ പേരാമ്പ്ര താലൂക്കാശുപത്രിയിൽനിന്നും കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നുമാണ് രോഗം പകർന്നത്.
സാബിത്തിനെ പേരാമ്പ്ര താലൂക്കാശുപത്രിയിൽ പരിചരിച്ച നഴ്സ് ലിനി രണ്ട് പിഞ്ചുകുഞ്ഞുങ്ങളേയും തനിച്ചാക്കി നിപക്ക് കീഴടങ്ങി. ചെറുവണ്ണൂർ, കൂരാച്ചുണ്ട്, പൂനത്ത് പ്രദേശങ്ങളിലും ഓരോ മരണങ്ങൾ സംഭവിച്ചു. പൊതുജനങ്ങളുെടയും ആരോഗ്യവകുപ്പിെൻറയും കാര്യക്ഷമ ഇടപെടൽ കാരണം ഒരുമാസം കൊണ്ടുതന്നെ ഈ മഹാവ്യാധിയെ പിടിച്ചുകെട്ടാൻ സാധിച്ചു.
നിപ പിടിപെട്ടിട്ടും ജീവിതത്തിലേക്ക് തിരിച്ചുവന്ന കോഴിക്കോട് മെഡിക്കൽ കോളജിലെ നഴ്സിങ് വിദ്യാർഥി അജന്യ മോളും മലപ്പുറം സ്വദേശി ഉബീഷും അത്ഭുതമായി മാറി. സൂപ്പിക്കടയിലെ വളച്ചുകെട്ടി കുടുംബത്തിൽനിന്നും നാലുപേരെയാണ് നിപ കൊണ്ടുപോയത്. സാബിത്ത്, ജ്യേഷ്ഠൻ സ്വാലിഹ്, പിതാവ് മൂസ മുസ്ലിയാർ, പിതാവിെൻറ ജ്യേഷ്ഠെൻറ ഭാര്യ മറിയം എന്നിവരെയാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ ഈ കുടുംബത്തിന് നഷ്ടമായത്.
നിപ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബത്തിന് കേരള സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് സാബിത്തിെൻറ പേരിൽ ലഭിച്ചിട്ടില്ല. സാബിത്തിെൻറ മരണകാരണം ഈ വൈറസ് ആണെന്ന് കണ്ടെത്തിയിട്ടില്ലെന്ന വിചിത്ര വാദമാണ് അധികൃതർ ഉയർത്തുന്നത്. ധനസഹായത്തിന് മുത്തലിബും ഉമ്മയും കലക്ടറേറ്റിൽ ഉൾപ്പെടെ കയറിയിറങ്ങി. ഉറ്റവർ വലിയ വേദന സമ്മാനിച്ച് വിടവാങ്ങിയപ്പോൾ അവരുടെ നീറുന്ന ഓർമകളുമായി അവർക്കുവേണ്ടി പ്രാർഥിച്ച് കഴിയുകയാണ് ഈ ഉമ്മയും മകനും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.