മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. 46ാം സാക്ഷി ലത്തീഫിനെയാണ് കൂറ് മാറിയതായി പ്രോസിക്യൂഷൻ പ്രഖ്യാപിച്ചത്. സംഭവദിവസം പതിനഞ്ചോളം ആളുകൾ ഒരാളെ നടത്തിക്കൊണ്ടുവരുന്നത് കണ്ടുവെന്നും അവരിൽ പ്രതികളായ ഷംസുദ്ധീൻ, സിദ്ധീഖ് എന്നിവരുണ്ടായിരുന്നുവെന്നും പൊലീസിന് മൊഴി നൽകിയ ആളാണ് ലത്തീഫ്. കോടതിയിൽ ഇക്കാര്യം നിഷേധിച്ചു.
തന്നോട് പൊലീസ് ഒന്നും ചോദിച്ചിട്ടില്ലെന്നും സംഭവത്തെ കുറിച്ച് അറിയില്ലെന്നും ആൾക്കൂട്ടത്തെ കണ്ടിട്ടില്ലെന്നും സി.സി.ടി.വി ദൃശ്യത്തിൽ കാണിച്ച സ്ഥലം മുക്കാലിയാണോ എന്ന് ഉറപ്പ് പറയാനാകില്ലെന്നും ലത്തീഫ് പറഞ്ഞു. തന്‍റെ കടയിൽ മോഷണം നടന്നത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. മധുവാണ് കളവ് നടത്തിയതെന്ന് അറിയില്ല. സംഭവ ദിവസവും അടുത്ത ദിവസവും സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു.
പ്രഥമ വിവര മൊഴിയിൽ പേരുള്ള ആളാണെന്ന് പറഞ്ഞുവെന്നും പ്രതിയാക്കുമെന്ന് ഭയമുണ്ടായിരുന്നുവെന്നും പ്രതിഭാഗത്തിന്‍റെ ചോദ്യത്തിന് മറുപടിയായി ലത്തീഫ് പറഞ്ഞു. കേസിൽ പ്രതികളായ നജീബ്, മുനീർ എന്നിവരുടെ പിതാവാണ് ലത്തീഫ്. 44ാം സാക്ഷി ഉമ്മർ തന്‍റെ കടയിൽ മൂന്നുതവണ മോഷണം നടന്നെന്ന് മൊഴി നൽകിയ ആളും പൊലീസിന്‍റെ പ്രഥമ വിവര മൊഴിയിൽ പരാമർശിക്കപ്പെട്ടയാളുമാണ്. കളവ് നടന്നെങ്കിലും പൊലീസിൽ പരാതി നൽകിയില്ലെന്നും പൊലീസ് ഹാജരാക്കിയ രേഖയിൽ പറയുന്നപോലെ മൊഴി നൽകിയിട്ടില്ലെന്നും രണ്ടു ദിവസം സ്റ്റേഷനിൽ വിളിച്ചുവരുത്തിയെന്നും ഉമ്മർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.