നിപ: കോഴിക്കോട്ട്​ ​ഒരു മരണം കൂടി

കോഴിക്കോട്: നിപ വൈറസ് പരത്തുന്ന ഭീതി നിയന്ത്രണവിധേയമാകുന്നുവെന്ന ആശ്വാസവാർത്തകൾക്കിടെ ഒരാൾകൂടി മരിച്ചു.  കോഴിക്കോട്  നരിപ്പറ്റ കൈവേലിക്കടുത്ത് പടിഞ്ഞാറെ പാറക്കെട്ടിൽ കല്യാണിയാണ്​ (80) നിപ സ്ഥിരീകരിച്ച് മരിച്ചത്. വാർധക്യ സഹജ രോഗങ്ങളെതുടർന്ന്  കഴിഞ്ഞ 16 മുതൽ 22 വരെ മെഡിക്കൽ കോളജ്​ ആശുപ​ത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. ഇതിനിടയിലാണ് രോഗം വന്നതെന്ന് സംശയിക്കുന്നു. ഇതോടെ  വൈറസ് ബാധയാൽ മരിച്ചവരുടെ എണ്ണം 13 ആയി. 

നിലവിൽ മെഡിക്കൽ കോളജിൽ രണ്ടുപേരും സ്വകാര്യ ആശുപത്രിയിൽ ഒരാളുമാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതിലൊരാൾ  മലപ്പുറം സ്വദേശിയാണ്. 12 പേരിൽ സംശയിക്കുന്നുമുണ്ടെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത വാർത്തസമ്മേളനത്തിൽ  അറിയിച്ചു.  ഇതിൽ രണ്ടുപേർ മലപ്പുറം സ്വദേശികളും പത്തുപേർ കോഴിക്കോട്ടുകാരുമാണ്. നിലവിൽ റിബവിറിൻ മരുന്നാണ് ഇവർക്ക്  നൽകിക്കൊണ്ടിരിക്കുന്നത്. ആസ്​ട്രേലിയയിൽ നിന്നുള്ള മരുന്ന് എത്തിയിട്ടില്ല. ഉറവിടം കണ്ടെത്താനുള്ള കൂടുതൽ പരിശോധന നടത്തുമെന്ന്  ഡോ. സരിത അറിയിച്ചു. ഇതുവരെ അയച്ചത് 77 സാമ്പിളുകളാണ്. പഴുതടച്ച പ്രവർത്തനങ്ങളുടെ ഭാഗമായി 750 ഓളം ആളുകൾ വീടുകളിലും മറ്റുമായി നിരീക്ഷണത്തിലുണ്ട്. വൈകീട്ട് നടന്ന യോഗത്തിൽ മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, ജില്ല കലക്ടർ യു.വി. ജോസ്,  മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. 

ഇതിനിടെ നിപ വൈറസ് ബാധിച്ച് ആദ്യം മരണത്തിനു കീഴടങ്ങിയ പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കട വളച്ചുകെട്ടിയിൽ മൂസയുടെ മകൻ സാബിത്ത്  മലേഷ്യയിലേക്ക് യാത്ര ചെയ്തിട്ടില്ലെന്ന് അന്വേഷണസംഘത്തി​​െൻറ പരിശോധനയിൽ വ്യക്തമായി. കല്യാണിയുടെ മൃതദേഹം ശനിയാഴ്ച രാത്രി മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിച്ചു. പരേതനായ കടുങ്ങനാണ് ഇവരുടെ ഭർത്താവ്. മക്കൾ: മാതു, ദേവി, ചന്ദ്രി, നാണു, രാജൻ. മരുമക്കൾ: കണ്ണൻ, കുമാരൻ, പവിത്രൻ, കമല, മോളി. നിപ പരക്കുന്ന പശ്ചാത്തലത്തിൽ രോഗം ബാധിച്ചേക്കാൻ ഇടയുള്ള സാഹചര്യത്തിൽ മരിച്ച യുവാവി​​െൻറ മൃതദേഹവും മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിച്ചു. മലപ്പുറം സ്വദേശിയാണ് ഇയാൾ. 

  

Tags:    
News Summary - One more death due to nipah virus-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.