കോട്ടയം: ഒാണത്തിരക്ക് മറയാക്കി സ്വകാര്യ ദീർഘദൂര സർവിസ് ബസുകൾ ഇതര സംസ്ഥാന യാത്രക്കാരെ പിഴിയുന്നു. ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് ദിവസങ്ങൾക്ക് മുമ്പുവരെ 1400-1600 രൂപയായിരുന്നു ടിക്കറ്റ് നിരക്കെങ്കിൽ ഒറ്റയടിക്ക് ഇത് 2400-2700 രൂപയായി. ഒാരോ ബസുകൾക്കും വ്യത്യസ്ത നിരക്കാണ്. ചിലർ 3000 രൂപയും വാങ്ങുന്നു. തോന്നുംപടി ഇൗടാക്കുകയാണെന്ന് യാത്രക്കാർ പറയുന്നു. കെ.എസ്.ആർ.ടി.സിയും 1400 രൂപവരെ വാങ്ങുന്നുണ്ട്. എന്നാൽ, കർണാടക ആർ.ടി.സിക്ക് നേരിയ വർധനയാണുള്ളത്. കെ.എസ്.ആർ.ടി.സി ഇപ്പോൾ 300 രൂപവരെ അധികമായി ഇൗടാക്കുന്നുണ്ട്. ബംഗളൂരു-കോഴിക്കോട്, ബംഗളൂരു-എറണാകുളം-കോട്ടയം സെക്ടറിലും അമിത നിരക്കാണ് ഇൗടാക്കുന്നത്. ബംഗളൂരു-കോഴിക്കോട് നിരക്ക് 2900 രൂപയാണ്. എറണാകുളത്തേക്കും േകാട്ടയത്തേക്കും ഉയർന്ന നിരക്കുതന്നെ.
ചെെന്നെയിൽനിന്ന് കേരളത്തിലേക്കുള്ള നിരക്കും സ്വകാര്യ ബസുകൾ ഉയർത്തി. 1850 മുതൽ 2400 രൂപവരെയാണ് പുതിയ നിരക്ക്. കേരളത്തിൽനിന്ന് കെ.എസ്.ആർ.ടി.സിക്ക് ചെന്നൈ സർവിസില്ല. എന്നാൽ, തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ നിരക്ക് 30 ശതമാനംവെര വർധിപ്പിച്ചു. അതിനിടെ ടിക്കറ്റുണ്ടെങ്കിലും പലരും നൽകുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഉയർന്ന നിരക്ക് ഇൗടാക്കുകയാണ് ഇതിനു പിന്നിലെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, നടപടിയെടുക്കാതെ സർക്കാർ മൗനംപാലിക്കുകയാണ്. ദീർഘദൂര ട്രെയിനുകളിലും അന്തർ സംസ്ഥാന കെ.എസ്.ആർ.ടി.സി ബസുകളിലും ഇൗമാസം ആദ്യവാരംതന്നെ ടിക്കറ്റുകൾ വിറ്റുതീർന്നിരുന്നു.
ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിക്കാത്തതും പ്രതിദിന ട്രെയിനുകളിൽ ടിക്കറ്റുകൾ മുഴുവൻ റിസർവ് ചെയ്തതും യാത്രക്കാരെ പിഴിയാൻ സ്വകാര്യ ബസുകൾക്ക് അവസരമൊരുക്കി. ചെന്നൈ, മുംബൈ, മംഗലാപുരം, ഹൈദരാബാദ്, മധുര എന്നിവിടങ്ങളിൽനിന്നെല്ലാം സ്പെഷൽ സുവിധ ട്രെയിനുകൾ അനുവദിച്ചിട്ടും ഏറെ തിരക്കുള്ള ബംഗളൂരു റൂട്ടിൽ ട്രെയിനുകൾ കൂടുതൽ അനുവദിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. സ്വകാര്യ ബസുകളുടെ സമ്മർദമാണ് സ്പെഷൽ ട്രെയിനുകൾ അനുവദിക്കാത്തതിനു കാരണമെന്ന ആക്ഷേപമുണ്ട്.
ബംഗളൂരുവിൽനിന്നുള്ള െട്രയിനുകളുടെ ടിക്കറ്റുകൾ രണ്ടുമാസം മുമ്പുതന്നെ ബൾക്കായി റിസർവ് ചെയ്തെന്നാണ് ആരോപണം. ചില സ്വകാര്യ ഏജൻസികളാണ് ഇതിനു പിന്നിലെന്നാണ് പരാതി. അതേസമയം, പുതിയ അഡീഷനൽ സർവിസിനുള്ള ശ്രമം തുടരുന്നതായി കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് ചെന്നൈക്ക് കെ.എസ്.ആർ.ടി.സി ആരംഭിക്കാനിരുന്ന സർവിസ് അനിശ്ചിതമായി നീളുകയാണ്. സ്വകാര്യ ബസുകളുടെ ഇടപെടലാണ് ഇതിനു കാരണമെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.