പുൽപള്ളി: കാലാവസ്ഥ വ്യതിയാനവും കാർഷികോൽപന്നങ്ങളുടെ ഉൽപാദനക്കുറവും വയനാട്ടിൽ ഓണനാളുകളുടെ പൊലിമ കുറക്കുന്നു. സജീവമാകേണ്ട വിപണി ഇനിയും ഉണർന്നിട്ടില്ല. സംസ്ഥാനത്ത് വയനാട് ജില്ലയിലാണ് ഇത്തവണയും കാലവർഷക്കാലത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത്. 59 ശതമാനം മഴ മാത്രമാണ് കഴിഞ്ഞ ദിവസം വരെ ലഭിച്ചത്. കഴിഞ്ഞ വർഷവും ഇേത അവസ്ഥതന്നെയായിരുന്നു ജില്ലയിൽ. ഇക്കാരണത്താൽ കാർഷിക മേഖല ചിങ്ങമാസത്തിലും ഉണർന്നിട്ടില്ല. മുൻവർഷത്തെ കാലാവസ്ഥ വ്യതിയാനം മൂലം കാർഷികോൽപന്നങ്ങളുടെയെല്ലാം ഉൽപാദനത്തിൽ വൻ കുറവാണ് ഉണ്ടായത്.
കുരുമുളക്, കാപ്പി, വാഴ, ഇഞ്ചി എന്നിവയുടെയെല്ലാം ഉൽപാദനത്തിൽ ഗണ്യമായ ഇടിവുണ്ടായി. ഇക്കാരണത്താൽ സാമ്പത്തിക രംഗം പ്രതിസന്ധികൾ നിറഞ്ഞ നിലയിലാണിന്ന്. മഴക്കുറവുമൂലം കൃഷിമേഖലയിലേക്ക് ഇത്തവണ കാര്യമായി കർഷകർ കടന്നുവന്നിട്ടുമില്ല. നെൽകൃഷി ആരംഭിച്ച കർഷകരാണ് ഏറെ ആശങ്കയിൽ. വരും നാളുകളിൽ ശക്തമായ മഴ ലഭിച്ചില്ലെങ്കിൽ നെൽകൃഷി വ്യാപകമായി നശിക്കുമെന്ന സ്ഥിതിയാണ്. മഴ കാര്യമായി ലഭിക്കാത്തതിനാൽ ജലേസ്രാതസ്സുകളിൽ ഉറവയായിട്ടുമില്ല. ജലസേചന സൗകര്യത്തിനും മറ്റും ഇത് വിലങ്ങുതടിയാകുന്നു. എല്ലാ കാർഷിക വിളകളെയും മഴക്കുറവ് ദോഷമായി ബാധിക്കുമെന്ന് ഇതിനോടകം ഉറപ്പായിക്കഴിഞ്ഞു.
കാർഷികമേഖലയിലെ തളർച്ചക്കിടയിലും വിപണിയിൽ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം തൊട്ടാൽ പൊള്ളുന്ന വിലയായിട്ടുണ്ട്. അരിക്കും പച്ചക്കറിക്കും പഴത്തിനും പലവ്യഞ്ജനത്തിനുമെല്ലാം വില കുതിക്കുകയാണ്. മട്ട, പച്ചരി എന്നിവയുടെയെല്ലാം വില കിലോഗ്രാമിന് അഞ്ചു മുതൽ 10 വരെ രൂപ ഉയർന്നു. ജി.എസ്.ടി വന്നപ്പോൾ നികുതിയിൽനിന്ന് ഒഴിവാക്കിയ പയർവർഗങ്ങൾക്കും വില കുറഞ്ഞില്ല. സംസ്ഥാനത്ത് പച്ചക്കറി ഉൽപാദനം കുറഞ്ഞതാണ് വരവ് പച്ചക്കറിയുടെ വില കൂടാൻ പ്രധാന കാരണം. ഓണത്തിന് വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പിൽ നിന്നുതന്നെ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് കൃഷിവകുപ്പ് നടപ്പാക്കാൻ ശ്രമിച്ച ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ പദ്ധതി കാലാവസ്ഥ ചതിച്ചതിനാൽ പലയിടത്തും വിജയിച്ചില്ല. തക്കാളി, ചെറിയുള്ളി, ഏത്തക്കാ എന്നിവയുടെയെല്ലാം വില ചരിത്രത്തിൽതന്നെ ഏറ്റവും ഉയർന്ന നിലയിൽ നിൽക്കുകയാണ്.
വരുംനാളുകളിൽ വില ഇനിയും ഉയരുമെന്ന സൂചനയാണ് വ്യാപാരികൾ നൽകുന്നത്. കാർഷിക മേഖലയിൽ തൊഴിലവസരങ്ങൾ കുറഞ്ഞത് തൊഴിലാളികളെയും ഇടത്തരക്കാരെയുമെല്ലാം ദുരിതത്തിലാക്കി. മുമ്പെല്ലാം ഓണനാളുകൾ ഉത്സവ പ്രതീതിയിലായിരുന്നു വയനാട്ടിലെ വ്യാപാരമേഖല. കാർഷിക മേഖലയിലെ തകർച്ച വ്യാപാരമേഖലയിലും തളർച്ചക്ക് കാരണമായിട്ടുണ്ട്. ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളിൽ ആളുകളെ ആകർഷിക്കാനായി വിലക്കുറവും ഓഫറുകളും എല്ലാം സജീവമായിട്ടുണ്ട്. വസ്ത്ര വിപണിയിലാണ് അൽപമെങ്കിലും തിരക്ക് അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.