കൊച്ചി: മലയാളി എവിടെയുണ്ടോ, അവിടെയെല്ലാം ഓണാഘോഷവുമുണ്ട്. തിരുവോണമെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ, ഓണക്കോടി കടൽ കടക്കുകയാണ്. സെറ്റ് സാരിയും സെറ്റ്മുണ്ടും ദോത്തിയും ഷർട്ടും മറ്റുമടങ്ങുന്ന ഓണവസ്ത്രങ്ങൾ ശനിയാഴ്ച വൈകീട്ട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് അബൂദബിയിലേക്ക് അയച്ചു.
അബൂദബിയിലെ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന് മാറ്റുകൂട്ടാനാണ് കുത്താമ്പുള്ളി നെയ്ത്തുഗ്രാമത്തിൽനിന്ന് നേരിട്ട് ശേഖരിച്ച ഓണക്കോടി അയച്ചത്. സെറ്റ് സാരി, ദോത്തി, സെറ്റ്മുണ്ട്, ഷർട്ട് എന്നിവ കൂടാതെ ഷർട്ട്-മുണ്ട് കോംബോയും അയച്ചിട്ടുണ്ട്. ഓണാഘോഷത്തിന്റെ ചൂടേറുന്നതോടെ അടുത്ത ദിവസങ്ങളിൽ കയറ്റുമതി വർധിക്കുമെന്നാണ് ഈ രംഗത്തുള്ളവരുടെ പ്രതീക്ഷ. തിരുവോണം അടുക്കുന്നതോടെ പച്ചക്കറി, പൂക്കൾ സദ്യയൊരുക്കാനുള്ള മറ്റു സാധനങ്ങൾ എന്നിവ വൻതോതിൽ വിമാനങ്ങളിലും കപ്പലുകളിലുമായി കടൽകടക്കും.
ജി.സി.സി രാജ്യങ്ങളിലേക്ക് മാത്രമല്ല യു.എസ്, യൂറോപ്പ്, കാനഡ, ആസ്ട്രേലിയ തുടങ്ങി മലയാളികൾ താമസിക്കുന്ന എല്ലാ രാജ്യങ്ങളിലേക്കും ഓണകയറ്റുമതി വർധിക്കും. ഓണക്കോടികൾ കൂടുതലായി അയക്കുന്നത് പ്രവാസി മലയാളികളുടെ തിരുവോണം വർണാഭമാക്കുന്നതിനൊപ്പം കേരളത്തിലെ നെയ്ത്ത് തൊഴിലാളികളുടെ വരുമാനം വർധിക്കുകയും ചെയ്യും.
അതിനിടെ, ആഘോഷ സീസണിൽ കാർഗോ നിരക്ക് വർധിപ്പിക്കുന്നത് കയറ്റുമതിക്കാരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷ പശ്ചാത്തലത്തിൽ മാസങ്ങൾക്കുമുമ്പ് കാർഗോ നിരക്ക് കുത്തനെ കൂട്ടിയതായി കേരള എക്സ്പോർട്ടേഴ്സ് ഫോറം സെക്രട്ടറിയും സീകെ ഗ്ലോബൽ ട്രേഡിങ് ഉടമയുമായ മുൻഷിദ് അലി ചൂണ്ടിക്കാട്ടി. നേരത്തെ കിലോക്ക് 60-70 രൂപയായിരുന്നുവെങ്കിൽ യുദ്ധപശ്ചാത്തലത്തിൽ 200 രൂപയും അതിനുമുകളിലും നൽകേണ്ടിവന്നു. ഇനിയും കൂടിയാൽ കയറ്റുമതിയിൽ ഇടിവുണ്ടാകുമെന്നാണ് ഇവരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.