തിരുവനന്തപുരം: ഓണക്കാലത്ത് ലഹരി വസ്തുക്കളുടെയും അനധികൃത മദ്യത്തിന്റെയും കടത്ത്, സംഭരണം, വിൽപന എന്നിവ തടയാനായി എക്സൈസ് വകുപ്പ് ആഗസ്റ്റ് ഒന്നുമുതൽ നടപ്പാക്കുന്ന സ്പെഷൽ ഡ്രൈവിൽ 8241 കേസുകളിലായി 36,633 പേർ അറസ്റ്റിൽ. പ്രധാന ഹോട്ട്സ്പോട്ടുകൾ, സ്പിരിറ്റ് സംഭരണത്തിന് സാധ്യതയുള്ള കേന്ദ്രങ്ങൾ, സ്ഥിരം കുറ്റവാളികളുടെ കേന്ദ്രങ്ങൾ, അനധികൃത മദ്യസംഭരണ കേന്ദ്രങ്ങൾ, വാറ്റ് ചാരായ നിർമ്മാണത്തിന് സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന.
ഓപറേഷൻ തണ്ടറിന്റെ ഭാഗമായി മയക്കുമരുന്ന് കേസുകളിലും ശക്തമായ നടപടികൾ തുടരുകയാണ്. കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസക്ക് സമീപം പിടികൂടിയ 3.3 കിലോ എം.ഡി.എം.എ കേസിലെ പ്രത്യേക അന്വേഷണം ഊർജിതമായി തുടരുന്നു. കേസിൽ ഇതുവരെ ഒമ്പത് പേർ അറസ്റ്റിലായി. ഒളിവിലുള്ള നൈജീരിയൻ പൗരൻ ഇമ്മാനുവൽ അഫാമിനെതിരെ ലുക്ക് ഔട്ട് സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളത്ത് 281 ഗ്രാമിലധികം എം.ഡി.എം.എയും വാളയാറിൽ 142 ഗ്രാം മെത്താംഫെറ്റാമിനും പിടികൂടി. വനം, റെയിൽവേ, പൊലീസ് വകുപ്പുകളുമായി ഏകോപിപ്പിച്ചുള്ള സംയുക്ത പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. വനമേഖലയിൽ നടത്തിയ പരിശോധനയിൽ പത്തനംതിട്ട എക്സൈസ് സ്ക്വാഡ് സീതത്തോട് നിന്ന് 2,148 ലിറ്റർ വാഷും, എരുമേലി എക്സൈസ് റേഞ്ച് ഓഫിസ് 320 ലിറ്റർ വാഷും പിടികൂടി.
റെയിൽ മാർഗമുള്ള ലഹരി കടത്ത് തടയാനായി ആർ.പി.എഫുമായി ചേർന്നുള്ള പരിശോധനകളും തുടരുന്നു. കള്ളിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ‘ഓപറേഷൻ ശുദ്ധി’യുടെ ഭാഗമായി ലൈസൻസുള്ള കള്ളുഷാപ്പുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതുവരെ 30,646 കള്ളുഷാപ്പുകൾ പരിശോധിച്ച് 5,532 സാമ്പിളുകൾ ശേഖരിച്ചു.
കണ്ണൂരിൽ നിന്ന് 7,000 ലിറ്ററും അങ്കമാലിയിൽ നിന്ന് 1,200 ലിറ്ററും സ്പിരിറ്റ് പിടികൂടിയിട്ടുണ്ട്. മദ്യം, മയക്കുമരുന്ന്, പുകയില ഉൽപന്ന സംബന്ധമായ വിവരങ്ങളോ പരാതികളോ പൊതുജനങ്ങൾക്ക് 9447178000 എന്ന സംസ്ഥാനതല കൺട്രോൾ റൂം നമ്പറിലോ 155358 എന്ന ജില്ലാ ടോൾ-ഫ്രീ നമ്പറിലോ അറിയിക്കാം. പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് എക്സൈസ് കമീഷണർ സീറാം സാംബശിവ റാവു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.