ഇ.ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം; പൊലീസുകാരുടെ പങ്കിൽ അന്വേഷണം

തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ പൊലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ചതിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തുന്നു. പൊലീസുകാരും പ്രതികളും തമ്മിൽ ധാരണയുണ്ടായിരുന്നോ, ഉദ്യോഗസ്ഥർ ഒത്താശചെയ്തോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം ഡി.സി.പിയാണ് അന്വേഷിക്കുന്നത്.

സംഭവത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ മ്യൂസിയം സ്റ്റേഷനിൽനിന്ന് എ.ആർ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. തൃശൂർ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറിയ മ്യൂസിയം സി.ഐക്കെതിരെയും ഉടൻ നടപടിയുണ്ടാകുമെന്നാണ് വിവരം. പൊലീസിന്‍റെ ഭാഗത്ത് ഗുരുതരവീഴ്ച സംഭവിച്ചെന്ന സ്പെഷൽ ബ്രാഞ്ച് അസി. കമീഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അതിനിടെ, സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി നിധിൻരാജ്, 16ാം പ്രതിയും സി.പി.എം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി. ബിനു എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ശനിയാഴ്ച പ്രോസിക്യൂഷന്‍റെ അപേക്ഷ കോടതി പരിഗണിക്കും.

എസ്.എച്ച്.ഒയുടെയും ഒരു സി.പി.ഒയുടെയും അറിവും സമ്മതത്തോടുമാണ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയ പ്രതികൾ ഓണം ആഘോഷിച്ചതെന്നാണ് സ്പെഷൽബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്. ഒപ്പിട്ടശേഷം പ്രതികളെ സ്റ്റേഷനിൽനിന്ന് പറഞ്ഞയക്കുന്നതിലും വീഴ്ചയുണ്ടായി. സ്റ്റേഷനിലും പുറത്തും റീൽസ് ചിത്രീകരിക്കുന്നത് കണ്ടിട്ടും തടഞ്ഞില്ല തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് ഏഴ് പൊലീസുകാരെ താൽകാലികമായി എ.ആർ ക്യാമ്പിലേക്ക് അയച്ചത്. അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ മറ്റു നടപടികൾ സ്വീകരിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വസതിയിൽ പരിശോധന കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികൾ സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രതികളുടെ ഓണാഘോഷവും ഇതിന്‍റെ റീൽസ് ചിത്രീകരണവും വിവാദമായതോടെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സ്പെഷൽബ്രാഞ്ച് എ.സിയുടെ റിപ്പോർട്ടാണ് സിറ്റി പൊലീസ് കമീഷണർക്ക് ലഭിച്ചത്.

എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ഡി.സി.പിക്ക് നിർദേശം നൽകിയത്. ദിവസങ്ങൾക്ക് മുമ്പ് ഈ കേസിലെ പ്രതികൾ ജയിലിനുള്ളിൽ വി.എസ് ദിനാചരണം നടത്തിയെന്ന ആക്ഷേപവും ഉയർന്നിരുന്നു. എന്നാൽ, ഇത്തരമൊരു സംഭവമുണ്ടായില്ലെന്ന് പറഞ്ഞ് ജയിൽ വകുപ്പ് വൃത്തങ്ങൾ നിഷേധിക്കുകയായിരുന്നു.

Tags:    
News Summary - ED attack case accused celebrate Onam; Police probe into role

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.