തിരുവനന്തപുരം: പ്രഫഷനൽ കോഴ്സുകളിലെ ഫീസ് നിയന്ത്രണത്തിനും വിദ്യാർഥി പ്രവേശന മേൽനോട്ടത്തിനുമുള്ള സമിതികളുടെ പുനഃസംഘടനയിൽ ഉന്നത വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾക്കിടയിൽ ഭിന്നത. സമിതികളുടെ പ്രധാന പരിഗണനയിൽ വരുന്ന മെഡിക്കൽ കോഴ്സുകളുടെ ചുമതലയുള്ള ആരോഗ്യമന്ത്രി കെ. മുരളീധരനുമായി കൂടിയാലോചിക്കാതെ സമിതികളുടെ അധ്യക്ഷനെ നിയോഗിച്ചതാണ് പ്രശ്നം.
ഹൈകോടതി മുൻ ജഡ്ജി കെ.പി. ബാലചന്ദ്രനെയാണ് സമിതികളുടെ അധ്യക്ഷനായി നിയമിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. കൂടിയാലോചനയില്ലാതെ ഉത്തരവിറക്കിയ സാഹചര്യത്തിൽ മെഡിക്കൽ കോഴ്സുകൾക്കായുള്ള സമിതികൾക്ക് പുതിയ അധ്യക്ഷനെ നിയമിക്കണമെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്. നേരത്തെ ഉപലോകായുക്തയായി സേവനമനുഷ്ഠിച്ചയാളാണ് ജസ്റ്റിസ് ബാലചന്ദ്രനെന്നും ഇത് ചട്ടവിരുദ്ധമാണെന്ന വാദവും ഉയർന്നിട്ടുണ്ട്.
സാധാരണ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയാൽ അതേ അധ്യക്ഷനെതന്നെ നിലനിർത്തി മെഡിക്കൽ കോഴ്സുകളിലെ ഫീസ് നിർണയത്തിനും പ്രവേശന മേൽനോട്ടത്തിനുമുള്ള സമിതികൾ പുനഃസംഘടിപ്പിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കും. കഴിഞ്ഞ 19ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിറങ്ങിയെങ്കിലും കൂടിയാലോചനയില്ലെന്ന കാരണത്താൽ ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയില്ല.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ വരുന്ന എൻജിനീയറിങ്, ആർക്കിടെക്ചർ ഉൾപ്പെടെ പ്രഫഷനൽ കോഴ്സുകളുടെ ഫീസ് നിർണയം, പ്രവേശന മേൽനോട്ടം എന്നിവക്കും ആരോഗ്യ-ആയുഷ് വകുപ്പുകളുടെ പരിധിയിൽ വരുന്ന മെഡിക്കൽ, ഡെന്റൽ, ആയുർവേദം ഉൾപ്പെടെ കോഴ്സുകളുടെ ഫീസ് നിർണയത്തിനും പ്രവേശന മേൽനോട്ടത്തിനുമായി മൊത്തം നാല് സമിതികളാണ് രണ്ട് ഉത്തരവുകളിലൂടെ രൂപവത്കരിക്കുന്നത്. ഇവയുടെയെല്ലാം അധ്യക്ഷൻ ഒരാളായിരിക്കും.
സമിതിക്ക് കൂടുതൽ ജോലിഭാരമുള്ളത് മെഡിക്കൽ കോഴ്സുകളുടെ കാര്യത്തിലാണെന്നും അതിനാൽ ആരോഗ്യവകുപ്പുമായി ആലോചിച്ച് മാത്രമേ ചെയർമാനെ നിയമിക്കാൻ പാടുള്ളൂവെന്നുമാണ് വാദം. എന്നാൽ, മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ആലോചിച്ചാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ സമിതികൾ പുനഃസംഘടിപ്പിക്കാൻ ഉത്തരവിറക്കിയതെന്നാണ് വകുപ്പിന്റെ വിശദീകരണം.
പ്രഫഷനൽ കോഴ്സ് പ്രവേശന നിയമം സംബന്ധിച്ച് കൂടുതൽ ധാരണയും മികച്ച പശ്ചാത്തലവുമുള്ള, സമീപകാലത്ത് വിരമിച്ച ജഡ്ജിയെയാണ് സമിതികളുടെ അധ്യക്ഷനായി നിയമിക്കേണ്ടതെന്ന വാദമാണ് ആരോഗ്യവകുപ്പ് ഉയർത്തുന്നത്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലിന് സാധ്യതയുണ്ട്.
തിരുവനന്തപുരം: മെഡിക്കൽ, ഡെന്റൽ കോഴ്സുകളിൽ പ്രവേശനത്തിന് ആദ്യഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടും ഫീസ് നിർണയ സമിതിയാകാത്തത് പ്രവേശനത്തിൽ പ്രതിസന്ധിയാകും. ഒന്നാംഘട്ട അലോട്ട്മെന്റിന് മുന്നോടിയായുള്ള താൽക്കാലിക അലോട്ട്മെന്റ് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചു.രണ്ടു ദിവസത്തിനകം അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളജുകളിൽ പ്രവേശനം നേടുന്നവർ അടക്കേണ്ട ഫീസ് നിരക്ക് നിശ്ചയിക്കേണ്ട സമിതിയുടെ കാര്യത്തിലാണ് ഇപ്പോഴും അനിശ്ചിതത്വം തുടരുന്നത്. കഴിഞ്ഞ വർഷങ്ങളിൽ പ്രവേശന സമയത്ത് തൊട്ടുമുൻ വർഷത്തെ ഫീസ് താൽക്കാലിക ഫീസായി അടക്കാൻ നിർദേശിക്കുകയും പിന്നീട് സമിതി സിറ്റിങ് നടത്തി അന്തിമ ഫീസ് ഘടന നിശ്ചയിക്കുന്നതുമായിരുന്നു രീതി. എന്നാൽ, ഇത്തവണ പ്രവേശന സമയമായിട്ടും സമിതിയാകാത്തതാണ് പ്രതിസന്ധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.