മെസ്സിക്കു പിന്നാലെ കായിക മേഖലയിലെ ഒരു തിരിമറികൂടി പുറത്ത്; കായിക ഉച്ചകോടിയിലും തട്ടിപ്പ്, അന്വേഷണത്തിന് സർക്കാർ

തിരുവനന്തപുരം: മെസ്സിയെയും അർജന്‍റീന ഫുട്ബാൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പേരിൽ നടന്ന ക്രമക്കേടുകൾക്ക് പിന്നാലെ എൽ.ഡി.എഫ് സർക്കാർ നടത്തിയ രാജ്യാന്തര കായിക ഉച്ചകോടിയിലെ തിരിമറികളെ കുറിച്ചും അന്വേഷിക്കാൻ സർക്കാർ.

കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് കായിക മേഖലയിൽ ഉച്ചകോടിയുമായി ബന്ധപ്പെട്ട തിരിമറി പുറത്തുവന്നത്. ഇതോടെ ജി.വി. രാജ അവാർഡ് വിതരണം, പൈക്ക പദ്ധതി നടത്തിപ്പ് എന്നിവയുമായി ബന്ധപ്പെട്ടെല്ലാം അന്വേഷണം നടക്കുന്നതിനിടെ മറ്റൊരു അന്വേഷണത്തിലേക്ക് കൂടി സർക്കാർ നീങ്ങും. കായിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഈ വിഷയം അന്വേഷിക്കുക.

2024ൽ തലസ്ഥാനത്ത് നടന്ന ഇന്‍റർനാഷനൽ സ്പോർട്സ് സമ്മിറ്റ് കേരളക്കായി 3.62 കോടി രൂപയാണ് സർക്കാർ ചെലവിട്ടത്. ഉച്ചകോടിയുടെ മറവിൽ കോടികൾ ധൂർത്തടിച്ചതിനെതിരെ വിമർശനമുയർന്നിരുന്നു. പരിപാടിയുടെ ഈവന്‍റ് മാനേജ്മെന്‍റ്, കാറ്ററിങ് കരാറുകൾ ഏൽപിച്ചതും വിവാദമായി. കോടികൾ ചെലവിട്ടു നടത്തിയ കായിക ഉച്ചകോടിക്ക് പിന്നിലെ അഴിമതികളെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് ഒളിമ്പ്യൻമാർ വരെ ആവശ്യപ്പെട്ടിരുന്നു. ഉച്ചകോടിയുമായി ബന്ധപ്പെട്ട് കായികവകുപ്പിൽ വേറെയും പരാതികൾ ലഭിച്ചിട്ടുണ്ട്.

2024 ജനുവരിയിൽ നാലുദിവസം നീണ്ടുനിന്ന ഉച്ചകോടിയിലൂടെ സംസ്ഥാനത്തെ കായികമേഖലയിൽ 4500 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്ന് അന്നത്തെ മന്ത്രി വി. അബ്ദുറഹ്മാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഒരുരൂപയുടെ നിക്ഷേപവും യാഥാർഥ്യമായില്ലെന്ന് പിന്നീട് വിവരാവകാശ രേഖയിൽ വ്യക്തമായി. കായികമേഖലയിൽ ഒരുവർഷത്തിനകം പതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന മന്ത്രിയുടെ അവകാശവാദവും പൊളിഞ്ഞു.

കായിക സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനെന്ന പേരിൽ സംഘടിപ്പിച്ച പരിപാടിക്ക് തുടക്കത്തിൽ‌ 88 ലക്ഷം രൂപയുടെ ഭരണാനുമതിയാണുണ്ടായത്. എന്നാൽ, നാലുദിവസത്തെ ഉച്ചകോടി പൂർത്തിയായപ്പോഴേക്കും ചെലവ് 3.62 കോടിയായി. കായികവകുപ്പിന് കീഴിലെ സ്പോർട്സ് കേരള ഫൗണ്ടേഷൻ വഴി സംഘടിപ്പിച്ച ഉച്ചകോടിക്ക് വേദിയൊരുക്കാൻ 78.44 ലക്ഷം രൂപയും പബ്ലിസിറ്റിക്ക് 76 ലക്ഷം രൂപയും ചെലവിട്ടു.

ഭക്ഷണവിതരണ കരാർ ഏറ്റെടുത്ത കാറ്ററിങ് കമ്പനിക്ക് 32.1 ലക്ഷം രൂപ നൽകി. യാത്രാചെലവായി 37.5 ലക്ഷവും താമസത്തിന് 20 ലക്ഷവും കലാ, സാംസ്കാരിക പരിപാടികൾക്ക് 40 ലക്ഷവും കഴിഞ്ഞ സർക്കാർ ചെലവിട്ടു. ഇക്കാര്യങ്ങളെല്ലാം വിശദമായി അന്വേഷിക്കണമെന്ന നിലപാടിലാണ് കായികമന്ത്രി ഒ.ജെ. ജനീഷ്.

Tags:    
News Summary - After Messi, another sports scandal has come to light; Fraud at the sports summit too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.