വടകര: തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി. ഇതോടൊപ്പം, പതിവ് തെറ്റിക്കാതെ പ്രജകളെ കാണാൻ അണിയറയിൽ ഒണേശ്വരൻ ഒരുങ്ങുകയാണ്. ഇന്നത്തെ വടകര, പഴയ കടത്തനാടിെൻറ മാത്രം സവിശേഷതയാണ് ഓണേശ്വരൻ. വേഷം കെട്ടിയാൽ സംസാരിക്കാത്തതുകൊണ്ട് ഓണപ്പൊട്ടൻ എന്നും അറിയപ്പെടും. സമാനമായ വേഷംകെട്ടൽ മറ്റിടങ്ങളിലുമുണ്ടെങ്കിലും ഇവിടെ മാത്രമാണ് ഓണേശ്വരനുള്ളതെന്ന് മുട്ടുങ്ങൽ തറവാട്ടിലെ ഒതയോത്ത് ബാലൻ മാസ്റ്റർ പറയുന്നു.
ഉത്രാടം, തിരുവോണ നാളുകളിൽ നാട്ടിൻപുറങ്ങളിൽ സജീവമാകുന്ന ഓണേശ്വരെൻറ ഉടയാടകളും ആഭരണങ്ങളും തയാറാക്കുന്ന തിരക്കിലാണ് ബാലൻ മാസ്റ്ററും സഹോദരനായ ഒ.കെ. ഗംഗാധര പണിക്കരും. വർഷത്തിൽ മൂന്നുതവണയാണ് മലയ സമുദായത്തിൽപ്പെട്ടവർ വേഷംകെട്ടി നാട്ടുകാരെ കാണാനിറങ്ങുന്നത്.
മിഥുനത്തിൽ വേടൻ പാട്ട്, കർക്കടകത്തിൽ കാലൻ പാട്ട്, ഇതുകഴിഞ്ഞാണ് ഓണേശ്വരൻ. ഈ വേഷംകെട്ടൽ പരമ്പരാഗതമായി മലയസമുദായക്കാർക്ക് അവകാശപ്പെട്ടതാണ്. ഇതിനായി 21 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളുണ്ട്. രാവിലെ അഞ്ചുമണി മുതൽ വൈകീട്ടുവരെ ഓരോ പ്രദേശത്ത് അനുവദിക്കപ്പെട്ട വീടുകളിൽ ഓണേശ്വരനെത്തും. വിഷ്ണുപൂജ കഴിഞ്ഞാണ് വീട്ടിൽ നിന്നിറങ്ങുക. ഓണേശ്വരെൻറ മുടി ധരിച്ചാൽ പിന്നെ, സംസാരിക്കില്ല. മണികിലുക്കി യാത്ര തുടരും. മുടി അഴിച്ചുവെച്ചേ വെള്ളംപോലും കുടിക്കൂ. കദളിവാഴ തടകൊണ്ടാണ് ഓണപ്പൊട്ടെൻറ താടി തയാറാക്കുന്നത്. ഓണനാളുകളിൽ വീടുകളിലെത്തുന്ന ഓണേശ്വരനെ നിലവിളക്കും നിറനാഴിയും വെച്ച് സ്വീകരിക്കുകയാണ് പഴയകാലത്ത് പതിവ്. ഇന്നും ഇത് തുടരുന്നവരുമുണ്ട്. വീട്ടുകാർക്ക് അനുഗ്രഹങ്ങൾ ചൊരിഞ്ഞ് പണവും അരിയും സ്വീകരിച്ച് ഓണേശ്വരൻ യാത്രയാവും. ചെറുപ്പക്കാർ തെയ്യം കെട്ടുന്നതിന് മുമ്പ് അണിയുന്ന വേഷം ഓണേശ്വരേൻറതാണ്. ഈ ആചാരത്തിെൻറ ഭാഗമായി നിലകൊള്ളുന്നതിനാൽ സാധാരണഗതിയിൽ മലയ സമുദായത്തിൽപ്പെട്ടവർ മൂന്നാം ഓണത്തിനാണ് ആഘോഷം നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.