പ്ളാസ്റ്റിക് നോട്ട് : പ്രധാനമന്ത്രി മറുപടി പറയണം –ഉമ്മന്‍ ചാണ്ടി


ന്യൂഡല്‍ഹി: കരിമ്പട്ടികയിലുള്ള കമ്പനിയായ ഡി ലാ റ്യൂവിനെ സുപ്രധാന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മറുപടി പറയണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചൊവ്വാഴ്ച എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 ഡി ലാ റ്യൂവിനെ കരിമ്പട്ടികയില്‍പെടുത്തിയതായി  2011ല്‍ അന്നത്തെ സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയിരുന്നു. ഈ കമ്പനിയെയാണ്  പ്ളാസ്റ്റിക് നോട്ട് അടിക്കല്‍, മേക് ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളില്‍ മോദി സര്‍ക്കാര്‍ പങ്കാളിയാക്കിയിരിക്കുന്നത്. ഡല്‍ഹിയില്‍ ഓഫിസ് തുറന്നതായും മേക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പങ്കാളികളാണെന്നും കമ്പനിയുടെ ഒൗദ്യോഗിക വെബ്സൈറ്റിലുണ്ട്.
കരിമ്പട്ടികയിലുള്ള ഇവര്‍ എങ്ങനെയാണ് ഇന്ത്യയില്‍ ഓഫിസ് തുറന്നതെന്നും മോദിയുടെ പ്രിയ പദ്ധതിയില്‍ പങ്കാളിയായതെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു. ഈ വിഷയത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും നടത്തിയ വാര്‍ത്താസമ്മേളനത്തിന്‍െറ തുടര്‍ച്ചയായാണ് എ.ഐ.സി.സി ആസ്ഥാനത്തും ഉമ്മന്‍ ചാണ്ടി നടത്തിയത്.

2016 നവംബര്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ഡല്‍ഹിയില്‍ നടന്ന ഇന്ത്യ-യു.കെ. ഉന്നതതല സമ്മേളനത്തിന്‍െറ സ്പോണ്‍സറും ഇവരായിരുന്നു. എന്നാല്‍, തന്‍െറ പത്രസമ്മേളനം കഴിഞ്ഞപ്പോള്‍ കമ്പനി സ്പോണ്‍സര്‍ ആയിരുന്നെന്ന് തെളിയിക്കുന്ന വെബ് പേജ് എടുത്തുകളഞ്ഞതായും അദ്ദേഹം പറഞ്ഞു.
കമ്പനിയുടെ 2013 മുതല്‍ 15 വരെയുള്ള വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്ത്യയിലുള്ള വ്യാപാരം കുറവാണ്. എന്നാല്‍, 2016ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഏപ്രില്‍ മുതല്‍ നവംബര്‍വരെ  മൂല്യം 33 ശതമാനം ഉയര്‍ന്നു. ഇവരുടെ ഇന്ത്യയിലെ  വളര്‍ച്ച അദ്ഭുതപ്പെടുത്തുന്നതാണ്.

തന്‍െറ മന്ത്രാലയത്തിന് ഡി ലാ റ്യൂവുമായി ഒരു ബന്ധവുമില്ളെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞത്. ധനമന്ത്രാലയത്തിനെതിരെ താനോ ആരെങ്കിലുമോ ആരോപണം ഉന്നയിക്കാത്ത സാഹചര്യത്തില്‍ നടത്തിയ പ്രസ്താവനക്ക് പിന്നില്‍  ദുരൂഹതകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉന്നയിച്ച വിഷയം ദേശീയനേതൃത്വം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് ഉമ്മന്‍ ചാണ്ടിയും ദേശീയനേതൃത്വത്തിന്‍െറ ഭാഗമാണെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത എ.ഐ.സി.സി നേതാക്കളായ പി.സി. ചാക്കോ, മീം അഫ്സല്‍ എന്നിവരുടെ മറുപടി.

Tags:    
News Summary - ommen chandi on plastic note issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.