കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യു.കെയില്‍ നിന്നും വന്ന എറണാകുളം സ്വദേശിക്കാണ് രോഗം. യുകെയില്‍ നിന്നും അബൂദബി വഴി ഡിസംബര്‍ 6ന് കൊച്ചിയിലെത്തുകയായിരുന്നു. ആദ്യ ദിവസം വിമാനത്താവളത്തില്‍ നടത്തിയ കോവിഡ് പരിശോധനയിൽ ഇദ്ദേഹവും ഭാര്യയും നെഗറ്റീവായിരുന്നു. എന്നാല്‍ അടുത്ത ദിവസം രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. അതിന് ശേഷം സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചിരുന്നു. അതിലാണ് ഒമിക്രോണ്‍ പോസിറ്റീവ് സ്ഥിരീകരിച്ചത്.

ഇദ്ദേഹം എത്തിയ എത്തിഹാത്ത് ഇ.വൈ. 280 വിമാനത്തില്‍ ആകെ 149 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന്‍റെ അടുത്തിരുന്ന് യാത്ര ചെയ്ത 26 മുതല്‍ 32 വരെ സീറ്റുകളിലുണ്ടായിരുന്നവരെ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഇവരെല്ലാവരും തന്നെ എട്ടാം ദിവസമായ നാളെ തിങ്കളാഴ്ച കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം.

രോഗിയുടെ പ്രാദേശിക സമ്പര്‍ക്കപ്പട്ടികയിലുള്ള ടാക്‌സി ഡ്രൈവറേയും ഭാര്യാ മാതാവിനേയും നിരീക്ഷിക്കുന്നുണ്ട്. ഭാര്യയും പ്രാദേശിക സമ്പര്‍ക്കപ്പട്ടികയിലുള്ള ഭാര്യാ മാതാവും രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമായിരുന്നു. ഇവര്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രത്യേകം ചികിത്സയിലാണ്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ് -മന്ത്രി അറിയിച്ചു.

രാജ്യത്ത് ഇന്ന് നാലു പേർക്ക് കൂടി

രാജ്യത്ത് ഇന്ന് മറ്റ് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂർ ആന്ധ്രപ്രദേശ്, ചണ്ഡീഗഡ് കർണാടക എന്നിവിടങ്ങളിലാണ് ഇന്ന് ഓരോ കേസുകൾ വീതം റിപ്പോർട്ട്​ ചെയ്​തത്. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 38 ആയി.

ദക്ഷിണാഫ്രിക്കയിൽ നിന്ന് ഡൽഹി വഴി തിരിച്ചെത്തിയ 40കാരനാണ് നാഗ്പൂരിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഡിസംബർ ആറിന് എത്തിയ ഇയാൾ വിമാനത്താവളത്തിൽ നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയിരുന്നു. ഒമിക്രോൺ സ്ഥിരീകരിച്ചുള്ള ജനിതക പരിശോധന ഫലം ഇന്നാണ് പുറത്തുവന്നത്.

ആന്ധ്രപ്രദേശിൽ അയർലൻഡിൽ നിന്നെത്തിയ 34കാരനാണ് ഇന്ന്​ ഒമിക്രോൺ സ്ഥിരീകരിച്ചത്​. ഇയാൾക്ക്​ രോഗലക്ഷണങ്ങളില്ല. ശനിയാഴ്ച നടത്തിയ ആർ.ടി.പി.സി.ആർ പരി​ശോധന ഫലം നെഗറ്റീവായിരുന്നു.

ചണ്ഡീഗഡിൽ ബന്ധുക്കളെ കാണാൻ ഇറ്റലിയിൽ നിന്ന് എത്തിയ 20കാരനാണ് ഒമിക്രോൺ പോസിറ്റീവായത്. നവംബർ 22ന് ഇന്ത്യയിലെത്തിയ ശേഷം ഹോം ക്വാറന്‍റീനിലായിരുന്നു. ഡിസംബർ ഒന്നിന് നടത്തിയ പുനഃപരിശോധനയിൽ കൊവിഡ് പോസിറ്റീവായി. ജനിതക ശ്രേണീകരണത്തിലാണ്​ ഒമി​ക്രോൺ സ്​ഥിരീകരിച്ചത്​.

രോഗലക്ഷണങ്ങളില്ലാത്ത ഇയാൾ ഇറ്റലിയിൽ വെച്ച് ഫൈസർ വാക്സിൻ രണ്ട്​ ഡോസും സ്വീകരിച്ചിരുന്നു. നിലവിൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്‍റീനിലാണ്. ഇയാളുടെ ബന്ധുക്കളും ക്വാറന്‍റീനിൽ കഴിയുകയാണ്​. ബന്ധുക്കളുടെ കോവിഡ്​ പരിശോധന ഫലം നെഗറ്റീവായിരുന്നു.

കർണാടകയിൽ മൂന്നാമത്തെ കേസാണ് ഇന്ന് സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽനിന്ന് മടങ്ങിയെത്തിയ 34കാരനിലാണ് ഒമിക്രോൺ കണ്ടെത്തിയത്. സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്‍റെ സമ്പർക്കപട്ടികയിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി.

ഡൽഹിയിൽ രണ്ടാമത്തെ കേസ്​ കഴിഞ്ഞദിവസം സ്​ഥിരീകരിച്ചിരുന്നു. മഹാരാഷ്​ട്രയും രാജസ്​ഥാനുമാണ്​ ഒമിക്രോൺ സ്​ഥിരീകരിച്ച മറ്റു സംസ്​ഥാനങ്ങൾ.

രാജ്യത്ത്​ ഒമിക്രോൺ ​േകസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, കോവിഡ്​ 19 സ്​ഥിതിഗതികൾ കർശനമായി നിരീക്ഷിക്കാൻ സംസ്​ഥാനങ്ങൾക്ക്​ കേന്ദ്രം നിർദേശം നൽകി. പുതിയ കോവിഡ്​ പോസിറ്റീവ്​ കേസുകളുടെ ക്ലസ്റ്ററുകൾ തടയുന്നതിന്​ ജില്ലതലത്തിൽ നടപടികൾ കേന്ദ്രീകരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷൺ സംസ്​ഥാനങ്ങൾക്ക്​ കത്തയക്കുകയും ചെയ്​തു.

കേരളം ഉൾപ്പെടെ മൂന്നു സംസ്​ഥാനങ്ങളിലെ എട്ടു ജില്ലകളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ രണ്ടാഴ്ചയായി​ 10 ശതമാനത്തിന്​ മുകളിലാണെന്ന്​ കേന്ദ്രം അറിയിച്ചു. മിസോറാം, സിക്കിം എന്നിവയാണ്​ മറ്റു സംസ്​ഥാനങ്ങൾ.

News Summary - omicron detected in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.