തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ തീരപ്രദേശത്തുണ്ടായ ദുരിതം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിെൻറ നിര്‍ദേശത്തെ തുടര്‍ന്ന് കേരളത്തിന് 133 കോടി രൂപയുടെ അടിയന്തര കേന്ദ്രസഹായം. സംഘത്തലവൻ ആഭ്യന്തര മന്ത്രാലയം അഡീഷനല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്കാണ് കേന്ദ്രസര്‍ക്കാര്‍ അടിയന്തര സഹായം അനുവദിച്ച വിവരം മാധ്യമപ്രവർത്തകരോട് വിശദീകരിച്ചത്. തമിഴ്നാടിന് 133 കോടിയും ലക്ഷദ്വീപിന് 15 കോടിയും അടിയന്തരസഹായമായി അനുവദിച്ചിട്ടുണ്ട്. ദേശീയ ദുരന്ത പ്രതികരണനിധിയില്‍നിന്ന് സഹായം ലഭ്യമാക്കുന്നതിനായി കേരളം 422 കോടിയുടെ നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്ര സംഘം നല്കുന്ന റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലായിരിക്കും തുക അനുവദിക്കുക.
ഇപ്പോള്‍ ലഭിക്കുന്ന 133 കോടി ദുരന്ത പ്രതികരണനിധിയില്‍നിന്ന് ഫണ്ട് ലഭിക്കുമ്പോള്‍ കുറയ്ക്കും. അതിനിടെ സംസ്ഥാന സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്ക് പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ വിതരണം ആരംഭിച്ചു. കേന്ദ്രസംഘം ബുധനാഴ്ച രാവിലെ മുതല്‍ വലിയതുറ, വെട്ടുകാട്, ബീമാപള്ളി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മത്സ്യത്തൊഴിലാളികളുടെ പരാതി കേട്ടു. തീരപ്രദേശത്തിെൻറ വേദന മനസ്സിലാക്കുന്നതായി ബിപിന്‍ മല്ലിക്ക് പറഞ്ഞു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരും. ഓഖി ദുരന്തത്തെ പ്രത്യേക സാഹചര്യമായി കാണണമെന്ന് കേന്ദ്രത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിപിന്‍ മല്ലിക്കിെൻറ നേതൃത്വത്തിലെ എട്ടംഗ സംഘമാണ് ദുരന്തതീവ്രത വിലയിരുത്തുന്നത്. സംഘത്തില്‍ കൃഷി മന്ത്രാലയം ഡയറക്ടര്‍ ആർ.പി. സിങ്, ഫിഷറീസ് അസിസ്റ്റൻറ് കമീഷണര്‍ ഡോ. സഞ്ജയ് പാണ്ഡെ, ആഭ്യന്തരമന്ത്രാലയം ടെക്നിക്കല്‍ ഓഫിസര്‍ ഓംപ്രകാശ്, വൈദ്യുത മന്ത്രാലയം ഡയറക്ടര്‍ ദക്കാത്തെ, ഷിപ്പിങ് മന്ത്രാലയം ഡയറക്ടര്‍ ചന്ദ്രമണി റാവത്ത്, സെന്‍ട്രല്‍ വാട്ടര്‍ കമീഷന് ഡയറക്ടര്‍ ആർ. തങ്കമണി, ജലവിഭവ മന്ത്രാലയം അസിസ്റ്റൻറ് ഡയറക്ടര്‍ സുമിത് പ്രയദര്‍ശ് എന്നിവരുമുണ്ട്. സന്ദര്‍ശനം വ്യാഴാഴ്ചയും തുടരും. യു.ഡി.എഫ് പ്രതിനിധിസംഘം കേന്ദ്രസംഘത്തെ കണ്ട് നിവേദനം സമർപ്പിച്ചു. കേന്ദ്രസംഘം വെള്ളിയാഴ്ച ഡല്‍ഹിക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.