കൊച്ചി: ഇന്ധനവില കുത്തനെ കൂട്ടി പൊതുജനത്തെ പിഴിയുന്ന പൊതുമേഖല എണ്ണക്കമ്പനികൾ ഉണ്ടാക്കിയത് കൊള്ള ലാഭം. മൂന്നര വർഷത്തിനിടെ ഏഴ് പൊതുമേഖല എണ്ണക്കമ്പനികൾ ചേർന്ന് ലാഭവിഹിതമായി കേന്ദ്ര സർക്കാറിന് നൽകിയത് 44,637.22 കോടി രൂപയാണ്. 2014 മുതൽ 2017 ഡിസംബർ 12 വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഒ.എൻ.ജി.സി 18710.07 കോടിയാണ് കേന്ദ്രത്തിന് ലാഭവിഹിതം നൽകിയത്. 12,936.63 കോടി നൽകിയ െഎ.ഒ.സി.എൽ ആണ് തൊട്ടു പിന്നിൽ. ഒ.െഎ.എൽ 2231.18 കോടി, ജി.എ.െഎ.എൽ 2077.12 കോടി, ബി.പി.സി.എൽ 5382.06 കോടി, എച്ച്.പി.സി.എൽ 2,847.11 കോടി, ഇ.െഎ.എൽ 381.54 കോടി, ബി.എൽ.െഎ.എൽ 71.53 കോടി എന്നിങ്ങനെയാണ് മറ്റ് കമ്പനികൾ നൽകിയത്.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞതിെൻറ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറാതിരുന്നതിലൂടെ കമ്പനികൾ വൻ നേട്ടമാണ് ഉണ്ടാക്കിയതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇൗ വിവരങ്ങളുള്ളത്.
വില നിയന്ത്രണാധികാരം പൂർണമായി തങ്ങളുടെ കൈയിലായതോടെയാണ് എണ്ണക്കമ്പനികളുടെ ലാഭത്തിൽ വൻ കുതിപ്പുണ്ടായത്. 2017 ജൂൺ 16ന് വില ദിനംപ്രതി മാറുന്ന സംവിധാനംകൂടി വന്നതോടെ ഇവയുടെ അറ്റാദായം കുതിച്ചുയർന്നു. രാജ്യാന്തര വിപണിയിൽ എണ്ണ വില കൂടുമ്പോൾ നഷ്ടം നികത്താനെന്ന പേരിലാണ് ഇന്ധനവില കൂട്ടുന്നത്്. ഡീസൽ വില ചരിത്രത്തിൽ ആദ്യമായി 65 രൂപ മറികടന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം ഡീസലിന് 1.87 രൂപയാണ് കൂടിയത്. ഇൗ കാലയളവിൽ പെട്രോളിന് ഒന്നര രൂപയോളം വർധിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും തിങ്കളാഴ്ച പെട്രോൾ ലിറ്ററിന് 13 പൈസയും ഡീസലിന് 20 പൈസയും വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.