നികുതി അടക്കാൻ ഉദ്യോഗസ്ഥർ സമ്മതിക്കുന്നില്ല; കുടുംബം മന്ത്രിവസതിക്ക് മുന്നിൽ നിരാഹാര സമരത്തിന്

തിരുവനന്തപുരം: ഉടമ അറിയാതെ രണ്ട് സെന്റ് ഭൂമി സഹകരണ ബാങ്കിന് വിട്ട് നൽകിയ നടപടി റവന്യൂവകുപ്പ് റദ്ദാക്കിയിട്ടും നീതി ലഭിക്കാതെ കുടുംബം. നെയ്യാറ്റിൻകര താലൂക്കിലെ ഉദ്യോഗസ്ഥർ ഭൂമിക്ക് നികുതി അടക്കാൻ സമ്മതിക്കാത്തത് മൂലം പരശുവിള കുണ്ടുവിള സുരേഷ് കുമാറിന്റെ തുടർ ചികിത്സയും പ്രതിസന്ധിയിലായി. കുടുംബ സ്വത്തായി ലഭിച്ച ഭൂമിയിൽ നിന്ന് ഒരു ഭാഗം വിറ്റുവേണം വികലാംഗനായ സുരേഷ് കുമാറിന്റെ ചികിത്സ നടത്താൻ. റവന്യൂ അധികൃതരുടെ അനാസ്ഥ മൂലം തിരുവോണ നാളിൽ റവന്യൂ മന്ത്രിയുടെ വസതിക്ക് മുന്നിൽ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നിരാഹാര സമരം നടത്താൻ ഒരുങ്ങുകയാണ്.

പരശുവയ്ക്കൽ കുണ്ടുവിള പുത്തൻവീട്ടിൽ സ്‌റ്റെല്ല, സഹോദരൻ സുരേഷ് കുമാർ എന്നിവരുടെ രണ്ട് സെന്റ് ഭൂമിയാണ് സമീപ വസ്തു ഉടമയായ പരശുവയ്ക്കൽ സഹകരണ ബാങ്ക് നികുതിയടച്ച് സ്വന്തം ആസ്തിയിലാക്കിയത്. ഈ വസ്തു ഉൾപ്പെടുന്ന ഭാഗം വെച്ച് കേരള ബാങ്കിൽ നിന്ന് ഒരു കോടി 77 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്തതായി ഇവർ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സുരേഷ് കുമാറും കുടുംബവും റവന്യൂ മന്ത്രി, കലക്ടർ, നെയ്യാറ്റിൻകര തഹസിൽദാർ എന്നിവർക്ക് പരാതി നൽകിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഹെഡ് സർവേയറുടെ നേതൃത്വത്തിൽ ഇരു വിഭാഗത്തിന്റെ ഭൂമിയും റീസർവേ ചെയ്തിരുന്നു. ക്രമക്കേട് നടന്നെന്ന് സർവേയിൽ വ്യക്തമായതോടെ ബാങ്കിന് പട്ടയം പിടിച്ചുകൊടുത്ത നടപടി റദ്ദാക്കി. റവന്യൂ വിജിലൻസിന് തെളിവ് സഹിതം പരാതി നൽകിയിട്ടും ഭരണ സ്വാധീനം ഉപയോഗിച്ച് പരാതി അട്ടിമറിച്ചെന്നാണ് ഇവർ ആരോപിക്കുന്നത്. കഴിഞ്ഞ ഇരുപത് കൊല്ലമായി കൈമാറ്റം ചെയ്യപ്പെടാത്തെ ഈ ഭൂമിയിൽ മേരി സ്റ്റെല്ല 2021 മാർച്ച് 31 വരെ നികുതി അടച്ചിരുന്നു.

Tags:    
News Summary - Officials do not agree to pay taxes; The family is on hunger strike in front of the ministers house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.