ആദിവാസി ഭൂമി തട്ടിയെടുക്കുന്നതിന് കൂട്ടു നിൽക്കുന്ന ഉദ്യോഗസ്ഥർക്കതിരെ എസ്.സി-എസ്.ടി അതിക്രമം തടയൽ നിയമപ്രകാരം നടപടിയെടുക്കണമെന്ന് റിപ്പോർട്ട്

കോഴിക്കോട് : അട്ടപ്പാടിയിൽ ആദിവാസി ഭൂമി തട്ടിയെടുക്കുന്നവർക്കെതിരെയും അതിന് കൂട്ടു നിൽക്കുന്ന റവന്യൂ ഉദ്യോഗസ്ഥർക്കതിരെയും എസ്.സി-എസ്.ടി അതിക്രമം തടയൽനിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് പട്ടികവർ വകുപ്പിന്റെ റിപ്പോർട്ട്. അട്ടപ്പാടി മേഖലയിൽ പ്രവർത്തിക്കുന്ന റവന്യൂ ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ ഭൂമി സംബന്ധമായ നിയമങ്ങളിൽ റവന്യൂ വകുപ്പ് പരിശീലനം നൽകണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.

ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട കേസുകളിൽ ആദിവാസികൾക്ക് കേസുമായി മുന്നോട്ടു പോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് ഭൂമി കൈയേറ്റക്കാർ മുതലാക്കുന്നു. ഈ സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ സിവിൽ കോടതികളിലും ഹൈകോടതിയിലും പട്ടികവർഗക്കാർക്ക് വേണ്ടി കേസുകൾ നടത്തുന്നതിന് അവരുടെ അഭിപ്രായം കൂടി കേട്ട ശേഷം അഭിഭാഷകരെ നിയമിക്കണം. ആദിവാസി ഭൂമി അന്യാധീനപ്പെട്ട (ടി.എൽ.എ) കേസുകളിൽ അന്തിമ ഉത്തരവായത് നടപ്പാക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണം.

2011 സെപ്റ്റംബർ 23ലെ ഉത്തരവ് പ്രകാരം തിരിച്ചെടുത്ത് ആദിവാസികൾക്ക് വിതരണം ചെയ്യാൻ ഉത്തരവായിട്ടുള്ള 85.21 ഏക്കർ വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണം. ആദിവാസികളുടെ ഭൂമി സംബന്ധമായ കേസുകളിൽ ഹിയറിങ്ങിനായി നിലവിൽ അട്ടപ്പാടിയിൽ നിന്നും 70 കിലോമീറ്റർ ദൂരമുള്ള ഒറ്റപ്പാലം സബ് കലക്ടറുടെ ഓഫിസിൽ വരെ എത്തണം. ഇതിനു പകരമായി അട്ടപ്പാടി കേന്ദ്രീകരിച്ച് വിചാരണ നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ നൽകി.

പാർലമെന്റ് 1996 ൽ പാസാക്കിയ പെസ നിയമം അട്ടപ്പാടിയിൽ നടപ്പാക്കാനുള്ള സാധ്യത സർക്കാർ പരിശോധിക്കണം. പട്ടികവർഗ വിഭാഗത്തിൽ നിന്നും ആദിവാസികൾ അല്ലാത്ത ആൾക്ക് നിയമ വിരുദ്ധമായി കൈമാറ്റം ചെയ്ത ഭൂമി പുനസ്ഥാപിച്ചു ലഭിക്കുന്നതിന് സമർപ്പിക്കുന്ന അപേക്ഷകളിൽ കാർഷിക ഭൂമിയെ സംബന്ധിച്ച് 1999 ലെ പട്ടികവർഗഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും നിയമപ്രകാരം നടപടികൾ സ്വീകരിക്കണം.

അതുപോലെ കാർഷികേതര ഭൂമിയുടെ അപേക്ഷകളിൽ 1975ലെ പട്ടികവർഗഭൂമി കൈമാറ്റ നിയന്ത്രണങ്ങളും അന്യാധീനപെട്ട ഭൂമി തിരിച്ച് കൊടുക്കലും നിയമപ്രകാരമുള്ള നടപടികളുമാണ് സ്വീകരിക്കേണ്ടത്. എന്നാൽ, കാർഷിക- കാർഷികേതര ഭൂമി എന്ന വ്യത്യാസമില്ലാതെ 1975 ലെ നിയമം ബാധകമാക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് ശിപാർശ.

ആദിവാസി മഹാസഭ കൺവീനർ മട്ടത്തുകാട് വട്ടലക്കി ഫാമിലെ ടി.ആർ. ചന്ദ്രൻ ഉൾപ്പെടെയുള്ള 18 പേർ മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതിയിന്മേലാണ് ടി.ആർ.ഡി.എം ( ആദിവാസി പുനരധിവാസ മിഷൻ) ഡെപ്യൂട്ടി ഡയറക്ടർ ഷുമിൻ എസ്.ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. 

Tags:    
News Summary - Officials aiding in grabbing tribal land should take action under SC-ST Prevention of Encroachment Act, report says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.