കോഴിക്കോട്: കേരള തീരത്തും തമിഴ്നാട്ടിലും കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്രയിലെത്തി. ഗുജറാത്തിലെ സൂറത്തിനു സമീപം കടന്നുപോകുന്ന കാറ്റിനെ തുടർന്ന് ഇന്ന് രാവിലെ മുതൽ മുംബൈയിൽ കനത്ത മഴയാണ്. ഇന്നലെ രാത്രിയിൽ തുടങ്ങിയ മഴ ഇതുവരെയും തോർന്നിട്ടില്ല. മുൻകരുതലെന്ന നിലയിൽ മുബൈയിലെയും അയൽജില്ലകളിലെയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ഏതു സാഹചര്യത്തേയും നേരിടാനായി രക്ഷാപ്രവർത്തകരുടെ സംഘം തയാറാണ്. യാത്രക്കാർ കൂടുതലായാൽ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ നേരിടാൻ റെയിൽവെ കൂടുതൽ പേരെ ജോലിക്ക് നിയോഗിച്ചിട്ടുണ്ട്.
ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ഗുജറാത്തിൽ നടത്താനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളും കനത്ത മഴ മൂലം റദ്ദാക്കി. ബീച്ചുകൾ സന്ദർശിക്കരുതെന്നു ജനത്തിന് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
അതേസമയം, ചുഴലിക്കാറ്റ് വിതച്ച നാശങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേരളത്തിൽ സമഗ്ര നഷ്ടപരിഹാര പാക്കേജ് തയ്യാറാക്കാൻ സർക്കാർ തീരുമാനിച്ചു. നാളത്തെ മന്ത്രിസഭാ യോഗം പാക്കേജിന് അംഗീകാരം നൽകും. ജീവനോപാധികൾ നഷ്ടപ്പെട്ടതിനടക്കം പാക്കേജ് തയ്യാറാക്കാൻ റവന്യു, ഫിഷറീസ്, ടൂറിസം മന്ത്രിമാർക്ക് ചുമതല നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.