തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുതിയുമായി ബന്ധപ്പെട്ട കെ.എസ്.ഇ.ബിയുടെ പുതിയ നീക്കങ്ങൾ പ്രാവർത്തികമാക്കാൻ കടമ്പകളേറെ. ടൂറിസത്തിന്റെ പേരിൽ അതിരപ്പിള്ളിയിൽ നടത്താനുള്ള പഠനത്തിനും ഭരണപക്ഷത്തുനിന്നടക്കം എതിർപ്പുയരും. പരിസ്ഥിതി സംഘടനകളും കെഎസ്.ഇ.ബി നീക്കത്തെ കരുതലോടെയാണ് കാണുന്നത്. അതിരപ്പിള്ളിയിൽ ജലവൈദ്യുതി ഉൽപാദനത്തിനൊപ്പം വിനോദസഞ്ചാര സാധ്യത പതിന്മടങ്ങാക്കുന്ന പദ്ധതിയെക്കുറിച്ച് മാസ്റ്റർപ്ലാൻ തയാറാക്കുന്നതിന് കൺസൽട്ടൻസിയെ നിയോഗിക്കാനാണ് ഡയറക്ടർ ബോർഡ് തീരുമാനിച്ചത്.
ശക്തമായ എതിർപ്പിനെ തുടർന്ന് നിർമാണപ്രവർത്തനങ്ങൾ തടസ്സപ്പെട്ട അതിരപ്പള്ളി പദ്ധതി ഉപേക്ഷിക്കാൻ കെ.എസ്.ഇ.ബിയും സർക്കാറും തയാറല്ല. ഭരണതലത്തിൽ ഭിന്നാഭിപ്രായമുണ്ടെങ്കിലും പദ്ധതി അനിവാര്യമാണെന്ന നിലപാടാണ് ഊർജവകുപ്പിനുമുള്ളത്. ഇടക്ക് ചർച്ചകളിൽ നിറയുകയും പിന്നീട് വിസ്മൃതമാവുകയും ചെയ്യുന്ന അതിരപ്പിള്ളിയിലെ വൈദ്യുതി ഉൽപാദനം സജീവ ചർച്ചയാക്കുകയാണ് കെ.എസ്.ഇ.ബിയുടേയും ഊർജവകുപ്പിന്റേയും ലക്ഷ്യം. മാനേജിങ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് കെ.എസ്.ഇ.ബി പദ്ധതിയുടെ ഗുണവശങ്ങൾ വിശദീകരിച്ച് വിശദമായ വാർത്തകുറിപ്പിറക്കിയത്.
സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും ഇതര സംസ്ഥാനങ്ങളിൽനിന്ന് വാങ്ങുന്ന സ്ഥിതി ഓർമപ്പെടുത്തുന്ന കെ.എസ്.ഇ.ബി കുറഞ്ഞ നിരക്കിൽ അഭ്യന്തരമായി വൈദ്യുതി ലഭ്യമാക്കുന്നതിന് ജലവൈദ്യുതി പദ്ധതികൾ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടുന്നു. സൗരോർജ വൈദ്യുതി ശേഖരണ സംവിധാനം, കാറ്റാടി നിലയങ്ങൾ തുടങ്ങിയ പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും ജലവൈദ്യുതി പദ്ധതികളുടെ സാധ്യത പൂർണമായും ഉപയോഗിക്കാതെ ആഭ്യന്തര ഉൽപാദനം കാര്യമായി വർധിപ്പിക്കാനാവില്ലെന്നാണ് വിലയിരുത്തൽ. 163 മെഗാവാട്ടിന്റെ അതിരപ്പിള്ളി പദ്ധതിക്ക് പാരിസ്ഥിതിക, വനം അനുമതിയുൾപ്പെടെ ലഭ്യമായിരുന്നു. ഏറ്റവും കുറച്ചുമാത്രം വനഭൂമിക്ക് നാശമുണ്ടാക്കുന്ന പദ്ധതിയാണ് അതിരപ്പിള്ളിയിൽ വിഭാവനം ചെയ്തിരുന്നതെന്നതടക്കമുള്ള വാദങ്ങളാണ് പദ്ധതി നടപ്പാക്കേണ്ടതിന്റെ പ്രധാന്യം ബോധ്യപ്പെടുത്താൻ കെ.എസ്.ഇ.ബി നിരത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.