ക്രിസ്​ത്യൻ നാടാർ വിഭാഗത്തിന്​ ഒ.ബി.സി സംവരണം: സർക്കാർ ഉത്തരവ്​ ഹൈകോടതി സ്​റ്റേ ചെയ്​തു

കൊച്ചി: സംവരണ പട്ടികയിലില്ലാതിരുന്ന ക്രിസ്​ത്യൻ നാടാർ വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയ സർക്കാർ ഉത്തരവിന്​ ഹൈകോടതി സ്​റ്റേ. സംവരണം ലഭിച്ചു കൊണ്ടിരിക്കുന്ന ഹിന്ദു നാടാർ, സൗത്ത് ഇന്ത്യൻ യുണൈറ്റഡ് ചർച്ച് (എസ്.ഐ.യു.സി) ഒഴികെയുള്ള നാടാർ വിഭാഗങ്ങൾക്കും സംവരണം അനുവദിക്കുന്ന നടപടി ചോദ്യം ചെയ്​ത്​ നൽകിയ ഹരജിയിലാണ്​ ജസ്​റ്റിസ് പി. ബി. സുരേഷ് കുമാറി​െൻറ ഇടക്കാല ഉത്തരവ്. മോസ്റ്റ്‌ ബാക്ക് വാർഡ് കമ്മ്യൂണിറ്റിസ് ഫെഡറേഷൻ (എം ബി സി എഫ്) സംസ്ഥാന ജനറൽ സെക്രട്ടറി എസ് കുട്ടപ്പൻ ചെട്ടിയാർ, അക്ഷയ് എസ്. ചന്ദ്രൻ എന്നിവരാണ്​ ഹരജി നൽകിയത്​.

ജയ്ശ്രീ ലക്ഷ്മൺ റാവു പാട്ടീൽ കേസിലെ ഉത്തരവ് അനുസരിച്ച് പിന്നാക്ക പട്ടികയിൽ കൂട്ടിച്ചേർക്കൽ നടത്താൻ ഭരണഘടനയുടെ 102ാം ഭേദഗതിക്കുശേഷം രാഷ്​ട്രപതി തീരുമാനമെടുക്കണ​െമന്നും അല്ലാത്തപക്ഷം നടപടി ഭരണഘടന വിരുദ്ധമാണെന്നും പ്രഥമദൃഷ്​ട്യാ വിലയിരുത്തിയാണ്​ ഉത്തരവ്​.

102ാം ഭേദഗതി പ്രകാരം 2018 ആഗസ്​റ്റ്​ 15 മുതൽ രാഷ്​ട്രപതിക്കാണ് പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കാനുള്ള അധികാരം എന്നായിരുന്നു ഹരജിക്കാരുടെ വാദം. ഹരജി തീർപ്പാക്കുന്നതുവരെ സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരമുള്ള തുടർനടപടികൾ സ്​റ്റേ ചെയ്യണമെന്നായിരുന്നു ഹരജിക്കാരുടെ ഇടക്കാല ആവശ്യം. ഇത്​ പരിഗണിച്ചാണ്​ ഉത്തരവിലെ തുടർ നടപടികൾ സ്​റ്റേ ചെയ്​തത്​. ഹരജിക്കാർക്ക് വേണ്ടി അഭിഭാഷകരായ ടി.ആർ. രാജേഷ്, പയ്യന്നൂർ ഷാജി എന്നിവർ ഹാജരായി.

Tags:    
News Summary - OBC reservation for Christian Nadar community: High court stays kerala government order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.