നഴ്സുമാരുടെ സമരം അന്യായം; തുടർന്നാൽ നടപടി -കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ

മലപ്പുറം: വേതന പരിഷ്കരണമാവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരം അന്യായമാണെന്നും സമരം തുടർന്നാൽ ശക്തമായ നടപടിയെടുക്കുമെന്നും കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ആശുപത്രികൾ അവശ്യ സർവിസായതിനാൽ സർക്കാർ വിഷയത്തിൽ ഇടപെട്ട് എസ്മ പ്രയോഗിക്കാൻ നടപടിയെടുക്കണം. കൃത്യമായ നോട്ടിസില്ലാതെ നിയമവിരുദ്ധമായ സമരമാണ് നടക്കുന്നത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുകയും ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്താൽ നടപടിയെടുക്കും. പകരം പുതിയ ആളുകളെ നിയമിക്കേണ്ടിവരുമെന്നും ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ ആശുപത്രി മാനേജ്മെന്റുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.

സമരക്കാർ ആവശ്യപ്പെടുന്നതുപോലെ നഴ്സുമാർക്ക് 40,000 രൂപ മിനിമം വേതനം നിശ്ചയിച്ചാൽ ചികിത്സഫീസിലടക്കം വൻ വർധന വരുത്തേണ്ടിവരും. അല്ലാത്തപക്ഷം പല ആശുപത്രികളും പൂട്ടേണ്ടിവരും. വിവിധ വശങ്ങൾ പരിശോധിച്ചും സുപ്രീംകോടതി നിയമം പാലിച്ചും മിനിമം വേതനം പുനർനിർണയിക്കേണ്ടതും തീരുമാനമെടുക്കേണ്ടതും സംസ്ഥാന സർക്കാറാണ്. ഇതുസംബന്ധിച്ച് കൂടിയാലോചനകൾ നടത്തി സർക്കാർ കരട് രേഖ പുറത്തിറക്കിയതാണ്. ഇതിൽ അന്തിമതീരുമാനമെടുക്കാൻ രണ്ടുമാസം സമയമുണ്ട്.

രോഗികളുടെ ജീവൻകൊണ്ട് വിലപേശാതെ നഴ്സുമാർ സമരത്തിൽനിന്ന് പിൻമാറണം. 14 ദിവസംമുമ്പെങ്കിലും നോട്ടീസ് നൽകാതെ സമരം നടത്താൻ പാടില്ലെന്നാണ് പുതിയ ലേബർ കോഡ് അനുശാസിക്കുന്നത്. 2012ൽ സമരം നടത്തിയപ്പോൾ മധ്യസ്ഥനീക്കത്തിൽ 14 ദിവസത്തെ നോട്ടീസ് നൽകാതെ സമരം നടത്തില്ലെന്ന് കേരള ഹൈകോടതിയിൽ യു.എൻ.എ സമ്മതിച്ചതുമാണ്.

വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഹുസൈൻ കോയ തങ്ങൾ, സംസ്ഥാന സെക്രട്ടറി ഡോ. അൻവർ മുഹമ്മദ് അലി, മലപ്പുറം ജില്ല പ്രസിഡൻറ് ഡോ. ഷബീർ, ജില്ല സെക്രട്ടറി ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Nurses' strike is unjust; action will be taken if it continues - Kerala Private Hospitals Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.