ഓഫ് വെട്ടിക്കുറച്ചു; മെഡിക്കൽ കോളജിൽ നഴ്സുമാരുടെ പ്രതിഷേധം
തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിക്കുശേഷമുള്ള നഴ്സുമാരുടെ ഒാഫ് ദിനങ്ങൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സുമാർ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.
10 ദിവസത്തെ കോവിഡ് ഡ്യൂട്ടിക്കുശേഷം മൂന്നു ദിവസം ഓഫ് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇറങ്ങിയ സർക്കുലർ പ്രകാരം കോവിഡേതര ഡ്യൂട്ടിക്ക് സമാനം ആറു ദിവസം ജോലിയും ഒരു ദിവസം ഒാഫും എന്ന നിലയിൽ പുനഃക്രമീകരിച്ചിരുന്നു. തുടർന്ന്, ആറു ദിവസം ഡ്യൂട്ടി ചെയ്താലേ അടുത്ത ഒാഫ് ലഭിക്കൂ.ഇത് അംഗീകരിക്കാനാകില്ലെന്നും കോവിഡ് ഡ്യൂട്ടിയെ സാധാരണ ഡ്യൂട്ടിയാക്കാനുള്ള നീക്കമാണിതെന്നും നഴ്സുമാർ പറയുന്നു.
നേരത്തേ കോവിഡ് ഡ്യൂട്ടിക്കാർക്ക് ഏഴു ദിവസത്തെ ഡ്യൂട്ടിയും മൂന്നു ദിവസത്തെ ഓഫുമാണ് നൽകിയിരുന്നത്. പിന്നീട്, രോഗികളുടെ എണ്ണം കൂടിയപ്പോള്‍ 10 ദിവസത്തെ ഡ്യൂട്ടിയും മൂന്നു ദിവസ ഓഫുമെന്ന നിലയിൽ പുനഃക്രമീകരിച്ചു. ഇതാണ് ആറു ദിവസത്തെ ഡ്യൂട്ടിക്കുശേഷം ഒരു ഓഫ് എന്ന നിലയിൽ ഭേദഗതി ചെയ്തത്. തുടർന്നാണ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത്.
ഡ്യൂട്ടി ബഹിഷ്കരിക്കാതെയായിരുന്നു പ്രതിഷേധം. ഒന്നര ആഴ്ച മുമ്പ് ചേർന്ന യോഗ തീരുമാനത്തിന് വിരുദ്ധമായ നടപടികളാണുണ്ടാകുന്നതെന്നും തിരുവനന്തപുരം മെഡിക്കൽ കോളജിൽ മാത്രമാണ് ഇൗ ക്രമീകരണമെന്നും നഴ്സുമാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.