തിരുവനന്തപുരം: ഛത്തിസ്ഗഢ് സർക്കാർ ജയിലിലടച്ച മലയാളി കന്യാസ്ത്രീകളുടെ മോചനം നീളുന്നതിൽ കുരുങ്ങി ക്രൈസ്തവ സഭകളിലേക്ക് ബി.ജെ.പിയിട്ട ‘വോട്ട് പാലം’ ആടിയുലയുന്നു. മുൻകാലങ്ങളിൽ സൗഹൃദം പുലർത്തിയ സഭാധ്യക്ഷന്മാർ പാർട്ടിക്കെതിരെ നിലപാട് കടുപ്പിക്കുകയും കന്യാസ്ത്രീ സമൂഹം പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തതോടെ എന്തുചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം.
‘വികസിത കേരളം’ മുദ്രാവാക്യമുയർത്തിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും ക്രൈസ്തവ സമൂഹത്തിന്റെ ഇടച്ചിൽ തിരിച്ചടിയായി. ‘മിഷൻ കേരളം 2025-26’ ആവിഷ്കരിച്ചതുതന്നെ ക്രൈസ്തഭ സഭകളുടെ പിന്തുണ പ്രതീക്ഷിച്ചായിരുന്നു.
അറസ്റ്റിനുപിന്നാലെ സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻറണിയെ ഛത്തിസ്ഗഢിലേക്കയച്ച് അവിടത്തെ സർക്കാറുമായി ആശയവിനിമയം നടത്തിയെങ്കിലും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന നിലപാടായിരുന്നു അവർക്ക്. ദേശീയ നേതൃത്വം കേരള ഘടകത്തിന്റെ ആശങ്ക കേട്ടെങ്കിലും ‘വിശാല താൽപര്യം’ മുൻനിർത്തിയാണ് മുന്നോട്ടുപോകുന്നത്. വിഷയത്തിൽ കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാരും മുൻ സംസ്ഥാന അധ്യക്ഷന്മാരും സംസ്ഥാന നേതൃത്വത്തിനൊപ്പമില്ല.
കേസ് എൻ.ഐ.എ കോടതിയിലേക്ക് മാറ്റിയത് കന്യാസ്ത്രീകളുടെ മോചനം ദുഷ്കരമാക്കി. മേലധ്യക്ഷന്മാരെ സന്ദർശിക്കുമെന്ന ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയെ സഭകൾ ഗൗരവത്തോടെ കാണുന്നില്ല. മനുഷ്യക്കടത്തും മതപരിവർത്തനവും ചുമത്തിയതിനാൽ കേസ് ഒഴിവാക്കുക പ്രായസമാണെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനറിയാം. ജാമ്യം ലഭ്യമാക്കി താൽക്കാലികമായി മുഖംരക്ഷിക്കാനാണ് പാർട്ടി നീക്കം. ഈ ആവശ്യമാണ് സംസ്ഥാന നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് മുന്നിൽ വീണ്ടും ഉന്നയിച്ചത്.
അതിനിടെ പാളയത്തിലെ പടയും ബി.ജെ.പിക്ക് വെല്ലുവിളിയുയർത്തുന്നു. കന്യാസ്ത്രീകളുടെ മോചനത്തിനായി പാർട്ടി വിയർക്കുമ്പോൾ ആർ.എസ്.എസും ഹിന്ദു ഐക്യവേദിയും എതിർപ്പ് കൂടുതൽ ശക്തമാക്കി. ഹിന്ദുക്കളെ മതംമാറ്റാൻ ആര് തുനിഞ്ഞാലും അംഗീകരിക്കില്ലെന്നാണ് ഇരു സംഘടനകളും പറയുന്നത്.
ഇത് പ്രവർത്തകരിൽ പലരും ഏറ്റുപിടിച്ചു. മനുഷ്യക്കടത്ത് ആരോപിച്ച് 2021ൽ തൃശൂർ റെയിൽവേ പൊലീസ് കന്യാസ്ത്രീകൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് ചൂണ്ടിക്കാട്ടിയാണ് സി.പി.എമ്മിൽനിന്നും കോൺഗ്രസിൽനിന്നുമുള്ള ആക്രമണങ്ങളെ ബി.ജെ.പി ചെറുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.