തിരുവനന്തപുരം: എസ്.ഐ.ആറിന്റെ ഭാഗമായി പട്ടികയിൽ ഉൾപ്പെടുത്തിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റിലുള്ള 26,01,201 പേരുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇത്രയും പേരുകൾ എങ്ങനെ ഉൾപ്പെട്ടു എന്നത് ദുരൂഹമാണ്. പേരുചേർക്കാൻ ലഭിക്കുന്ന അപേക്ഷകളുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നും പകർപ്പ് രാഷ്‌ട്രീയ പാർട്ടികൾക്ക് ലഭ്യമാക്കണമെന്നും ചീഫ് ഇലക്ടറൽ ഓഫിസർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
പല നിയമസഭ മണ്ഡലങ്ങളിലും അസാധാരണമായ എണ്ണം അപേക്ഷകൾ ഫോറം -6, ഫോറം -6 എ, ഫോറം -എട്ട് എ എന്നിവ പ്രകാരം ലഭിച്ചതായി കാണുന്നു. പൊതുവിൽ ഒന്നര ലക്ഷത്തോളം അപേക്ഷകൾ മറ്റു ജില്ലകളിലുള്ളപ്പോൾ, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ രണ്ടു ലക്ഷം മുതൽ ആറു ലക്ഷംവരെ അപേക്ഷകളുണ്ട്. ഇത് സാധാരണഗതിയിൽ ഉണ്ടാകാൻ പാടില്ലാത്തതാണ്.
കണ്ണൂർ ജില്ലയിൽ കണ്ണൂർ, തളിപ്പറമ്പ്, അഴീക്കോട് മണ്ഡലങ്ങളിൽ അപേക്ഷകരുടെ എണ്ണം വളരെ കൂടുതലാണ്. ഇവ ബി.എൽ.ഒമാരുടെ വെരിഫിക്കേഷന് വിധേയമാക്കാതെ തുടർനടപടി സ്വീകരിക്കുകയാണ്. ബി.എൽ.ഒമാരുടെ പരിശോധനയില്ലാതെ അപേക്ഷകൾ തീർപ്പാക്കരുത്. ഇതുസംബന്ധിച്ച് ബി.എൽ.ഒമാരെ അറിയിക്കുകയും വേണം.
തമിഴ്‌നാട്, ഒഡീഷ, ബിഹാർ തുടങ്ങി മറ്റു സംസ്ഥാനങ്ങളിലെ താമസക്കാരും കേരളത്തിൽ സ്ഥിരതാമസമില്ലാത്തവരും ഇതര സംസ്ഥാനത്തുനിന്നുള്ള തൊഴിലാളികളും ഉൾപെടെയുള്ള ധാരാളം പേരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമമുണ്ടായിട്ടുണ്ട്. പുറമെ ചില നിയമസഭ മണ്ഡലങ്ങളിലെ പതിനായിരത്തിലേറെ വോട്ടറമാരെ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുമുണ്ട്. ഇത് അസാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.