എൻ.എസ്.കെ ഉമേഷ്, കെ. അനിൽകുമാർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കെ. അനിൽകുമാറിനെയും അഡിഷനൽ സെക്രട്ടറിയും ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയുമായി (ഒ.എസ്.ഡി) ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ.എസ്.കെ ഉമേഷിനെയും നിയമിച്ചു. വി.ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു അനിൽകുമാർ.
തിരുവനന്തപുരം ഗവ. ലോ കോളജ്, ലോ അക്കാദമി എന്നിവിടങ്ങളിൽ അധ്യാപകനായിരുന്ന അനിൽകുമാർ തിരുവനന്തപുരം മണ്ണന്തല സ്വദേശിയാണ്. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ, ഭക്ഷ്യസുരക്ഷ ഡെപ്യൂട്ടി കമീഷണർ എന്നീ നിലകളിലും പ്രവർത്തിച്ചു. മുഖ്യമന്ത്രി വി.ഡി സതീശനും അനിൽകുമാറും ഒരേ കാലത്താണ് ലോ കോളജിൽ പഠിച്ചത്.
2015 ബാച്ച് സിവിൽ സർവിസ് ഉദ്യോഗസ്ഥനായ എൻ.എസ്.കെ ഉമേഷ് പൊതുവിദ്യാഭ്യാസ ഡയറക്ടറും കേരള ഫിനാൻഷ്യൽ കോർപറേഷൻ എം.ഡിയുമാണ്. എം.ഡി സ്ഥാനത്ത് ഉമേഷ് തുടരും. പകരം നിയമനമാകുന്നത് വരെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധിക ചുമതലയും വഹിക്കും. എറണാകുളം ജില്ലാ കലക്ടർ, വയനാട് സബ്കലക്ടർ പദവികൾ വഹിച്ചിട്ടുണ്ട്.
തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി സഞ്ജീവ് കൗശിക്കിന് സാധ്യത. നിലവിലെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ജൂൺ 30ന് വിരമിക്കും. ചീഫ് സെക്രട്ടറിമാരാകാൻ സീനിയോറിറ്റിയുള്ള മനോജ് ജോഷി, രചന ഷാ എന്നിവർ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ഇരുവരും തിരികെ കേരളത്തിലേക്ക് വരുന്നില്ലെന്നാണ് വിവരം. കേന്ദ്ര ഡെപ്യൂട്ടേഷൻ പൂർത്തിയാക്കിയ സഞ്ജീവ് കൗശിക് കഴിഞ്ഞദിവസം കേരളത്തിൽ റിപ്പോർട്ട് ചെയ്തു. തലസ്ഥാനത്തെത്തി ചില ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയും നടത്തി. അങ്ങനെയാണെങ്കിൽ അദ്ദേഹത്തിനാകും ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് പ്രഥമ പരിഗണന.
ഇടതുസർക്കാറിനെതിരെ തുറന്ന പോരിനിറങ്ങി സസ്പെൻഡ് ചെയ്യപ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോക്, എൻ. പ്രശാന്ത് എന്നിവർ പുനഃപ്രവേശനം കാത്തുനിൽക്കുകയാണ്. ചീഫ് സെക്രട്ടറിയെ സാമൂഹികമാധ്യമത്തിലൂടെ വിമർശിച്ചതിന്‍റെ പേരിൽ ഒന്നര വർഷത്തോളമായി സസ്പെൻഷനിലാണ് പ്രശാന്ത്. പിണറായി വിജയനെയും സർക്കാറിന്‍റെ പ്രവർത്തനങ്ങളെയും വിമർശിച്ച് അഭിമുഖം നൽകിയതിന് പിന്നാലെ കഴിഞ്ഞ മാസമാണ് അശോകിനെ സസ്പെൻഡ് ചെയ്തത്. മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായ സാഹചര്യത്തിൽ ഇരുവർക്കും ഉടൻ നിയമനം ലഭിക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.