ഉത്രക്ക് നീതി കിട്ടിയില്ല, അപ്പീൽ പോകുമെന്ന് ഉത്രയുടെ മാതാവ്

കൊല്ലം: ഉത്രയെ മൂർഖനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസിൽ ഭർത്താവ് സൂരജിന് ഇരട്ടപര്യന്തത്തിന് ശിക്ഷിച്ച വിധിയിൽ തൃപ്തിയില്ലെന്ന് ഉത്രയുടെ മാതാവ് മണിമേഖല. ഉത്രക്ക് നീതി കിട്ടിയില്ല. സൂരജിന് വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇത്രയും വലിയ ക്രൂരകൃത്യം ചെയ്ത പ്രതിക്ക് പരമാവധി ശിക്ഷയാണ് പ്രതീക്ഷിച്ചത്. ഉത്രക്ക് നീതി തേടി ഹൈകോടതിയിൽ അപ്പീൽ പോകുമെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.

അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി നിരീക്ഷിച്ച കേസിൽ പ്രതിയുടെ പ്രായം പരിഗണിച്ചാണ് പരമാവധി ശിക്ഷയായ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയത്. മറ്റ് കേസുകളിൽ പ്രതിയല്ലാത്ത പ്രതിക്ക് മാനസാന്തരം വരാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഉത്ര കൊലപാതകക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ചുലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് ആണ് വിധി പ്രസ്താവിച്ചത്. വിധി കേള്‍ക്കുന്നതിനായി പ്രതി പറക്കോട് സ്വദേശി സൂരജിനെ 11.48 ഓടെ കോടതിയിലെത്തിച്ചിരുന്നു. കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയത്. വിധി കേള്‍ക്കാനായി വന്‍ ജനക്കൂട്ടവും കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു.

വിധി കേള്‍ക്കാനായി ഉത്രയുടെ പിതാവും സഹോദരനും കോടതിയിലെത്തിയിരുന്നു. വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. വധശിക്ഷക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് മാനദണ്ഡങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്‌തെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 2020 മേയ് ആറിനാണ് ഉത്ര പാമ്പു കടിയേറ്റു മരിച്ചത്. 

Tags:    
News Summary - Not satisfied, expecting Sooraj to get maximum punishment; Uthra's mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.